| Thursday, 25th June 2026, 9:44 pm

അദ്ദേഹം വളരെ പ്രത്യേക കഴിവുകളുള്ള താരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു; അയര്‍ലാന്‍ഡ് ക്യാപ്റ്റന്‍

ശ്രീരാഗ് പാറക്കല്‍

യുവ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് അയര്‍ലാന്‍ഡ് ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കര്‍. 15 വയസുള്ള ഒരു താരത്തെ ദേശീയ ടീമില്‍ കാണുന്നത് തന്നെ അത്ഭുതകരമായ കാര്യമാണെന്നും പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഈ കാലഘട്ടത്തില്‍ അത് സാധ്യമാകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

’15 വയസുള്ള ഒരു താരത്തെ ദേശീയ ടീമില്‍ കാണുന്നത് തന്നെ അത്ഭുതകരമായ കാര്യമാണ്. പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഈ കാലഘട്ടത്തില്‍ അത് സാധ്യമാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പ്രത്യേകിച്ച് ഇന്നത്തെ ക്രിക്കറ്റില്‍ ആവശ്യമായ കഠിനാധ്വാനവും താരങ്ങളുടെ നിലവാരവും കണക്കിലെടുക്കുമ്പോള്‍.

അതിനാല്‍ തന്നെ അദ്ദേഹത്തിന് മുഴുവന്‍ അഭിനന്ദനങ്ങളും അര്‍ഹമാണ്. അദ്ദേഹം വളരെ പ്രത്യേക കഴിവുകളുള്ള താരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതേസമയം, ആ ആവേശത്തിനും ആഘോഷത്തിനും ചെറിയൊരു തടസം സൃഷ്ടിച്ച് ആ മത്സരത്തില്‍ ഞങ്ങളുടെ സാന്നിധ്യം ശക്തമായി അറിയിക്കാനും മികച്ച പ്രകടനം കാഴ്ചവെക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ടക്കര്‍ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയ് ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി-20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. രണ്ട് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നാളെയാണ് (ജൂണ്‍ 26ന്) ആരംഭിക്കുന്നത്. രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യത്തെ ടി-20 പരമ്പരയാണിത്. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായാണ് അയ്യര്‍ ഇന്ത്യന്‍ നായകനായി സ്ഥാനമേറ്റത്. തിലക് വര്‍മയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ 15കാരനായ വൈഭവ് സൂര്യവംശിയും ഇടം നേടിയിട്ടുണ്ട്. പ്ലെയിങ് ഇലവനില്‍ ഇടം നേടാന്‍ സാധിച്ചാല്‍ താരം മിന്നും പ്രകടനം നടത്തുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

ഐ.പി.എല്ലിലൂടെ ശ്രദ്ധ നേടിയ യുവ താരം വൈഭവ് 2026ലെ സീസണില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയും ലോകത്തെ അമ്പരപ്പിച്ചു. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് 15 വയസുകാരന്‍ അടിച്ചെടുത്തത്. ഓറഞ്ച് ക്യാപ്പിന് പിന്നാലെ 2026ലെ പല റെക്കോഡുകളും തിരുത്തി വൈഭവ് അമ്പരപ്പിച്ചിരുന്നു.

മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളാണ് താരം സ്വന്തം പേരിലാക്കിയത്. 2025ല്‍ രാജസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 23 മത്സരത്തില്‍ നിന്ന് 1028 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്. മാത്രമല്ല ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്.

Content Highlight: Lorckan Tucker Talking About Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more