2026 ടി-20 ലോകകപ്പില്‍ അയര്‍ലാന്‍ഡും ഒമാനും തമ്മിലുള്ള മത്സരം കൊളംബോയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അയര്‍ലാന്‍ഡ് നേടിയത്. അന്താരാഷ്ട്ര ടി-20യില്‍ അയര്‍ലാന്‍ഡ് നേടുന്ന ഏറ്റവും വലിയ ടോട്ടലാണിത്.
അയര്‍ലാന്‍ഡിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ലോര്‍ക്കന്‍ ടക്കറാണ്. 51 പന്തില്‍ നിന്ന് നാല് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 94 റണ്‍സാണ് താരം അടിച്ചെടുത്തത്. 184.31 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. പുറത്താകാതെയാണ് താരം വെടിക്കെട്ട് പ്രകടനം നടത്തിയത്.
ഇതിന് പുറകെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമാകാനാണ് ലോര്‍ക്കന്‍ ടക്കറിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. റെക്കോഡ് ലിസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയെയും സൂര്യകുമാര്‍ യാദവിനെയും ഉള്‍പ്പെടെ പല വലിയ പേരുകളും വെട്ടി നിരത്തിയാണ് ടക്കര്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.
ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 98 – ഇന്ത്യ – 2010
ലോര്‍ക്കന്‍ ടക്കര്‍ (അയര്‍ലാന്‍ഡ്) – 94* – ഒമാന്‍ – 2026
രോഹിത് ശര്‍മ (ഇന്ത്യ) – 92 – ഓസ്‌ട്രേലിയ – 2024
ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 88 – ഓസ്‌ട്രേലിയ – 2009
കെയ്ന്‍ വില്യംസണ്‍ (ന്യൂസിലാന്‍ഡ്) – 85 – ഓസ്‌ട്രേലിയ – 2021
സൂര്യകുമാര്‍ യാദവ് (ഇന്ത്യ) – 84* – യു.എസ്.എ – 2026
താരത്തിന് പുറമെ അവസാന ഘട്ടത്തില്‍ സ്‌ട്രൈക്കിലെത്തിയ ജോര്‍ജ് ഡോക്രെല്‍ അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് നടത്തിയത്. വെറും ഒമ്പത് പന്തില്‍ നിന്ന് അഞ്ച് സിക്‌സ് ഉള്‍പ്പെടെ പുറത്താകാതെ 35 റണ്‍സാണ് താരം അടിച്ചിട്ടത്. 388.88 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ജോര്‍ജ് ബാറ്റ് വീശിയത്.
ഇരുവര്‍ക്കും പുറമെ 30 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് നേടിയ ഗാരെത് ഡിലാനിയും തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്. ഇതോടെ ടി-20യില്‍ 10ാം തവണയാണ് അയര്‍ലാന്‍ഡ് 200+ സ്‌കോര്‍ നേടുന്നത്.
അതേസമയം ഒമാന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മൂന്ന് വിക്കറ്റുകള്‍ നേടിയ ഷക്കീല്‍ അഹ്‌മദാണ്.ഷാ ഫൈസല്‍, ആമിര്‍ കലീം എന്നിവര്‍ ഓരോ വിക്കറ്റും നേടി. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് നേടി. ആമിര്‍ കലീം 24 പന്തില്‍ 46* റണ്‍സും ഹമ്മദ് മിശ്ര 23 പന്തില്‍ 21 റണ്‍സും നേടി.
Content Highlight: Lorcan Tucker In Great Record Achievement In T20 World Cup History