തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് അടിമുടി ഒരു അഴിച്ചു പണിക്ക് സമയമായിരിക്കുന്നുവെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. സംഘടനാപരമായ ദൗര്‍ബല്യം മാറ്റണമെങ്കില്‍ കെ.പി.സി.സി പ്രസിഡന്റിനെ മാത്രം മാറ്റിയാല്‍ പോര പകരം അടിമുടി മാറണമെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ കോണ്‍ഗ്രസിനകത്ത് ജാതി സമവാക്യങ്ങള്‍ നോക്കിയാണ് കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുന്നത്.
‘പ്രതിപക്ഷ നേതാവ് ഒരു കമ്മ്യൂണിറ്റി ആണെങ്കില്‍ ആ കമ്മ്യൂണിറ്റിക്ക് പിന്നെ കിട്ടില്ല. അങ്ങനെയുള്ള ജാതി സമവാക്യങ്ങള്‍ നോക്കി പ്രസിഡന്റുമാരെ തീരുമാനിച്ച് കോണ്‍ഗ്രസ് ഒരു പരുവത്തിലായി,’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഇനിയുള്ള കാലത്ത് കോണ്‍ഗ്രസ് പരിഗണിക്കേണ്ടത് പൈതൃകവും, പാരമ്പര്യവും പ്രവര്‍ത്തന മികവുമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മെയിലയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പാര്‍ട്ടിയോട് ഇത് വരെ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ പാരമ്പര്യം നോക്കി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് മത്സരങ്ങളാണ് കോണ്‍ഗ്രസിനെ തകര്‍ത്തതെന്നും അയോഗ്യരുടെ അഭയ കേന്ദ്രമാണ് ഗ്രൂപ്പ് എന്നും അദ്ദേഹം പറഞ്ഞു.
ആരാണ് യോഗ്യനെന്ന് അളവ് കോല്‍ വെച്ച് അളക്കണമെന്നും അങ്ങനെ നോക്കുമ്പോള്‍ തന്റെ പേര് മാറ്റി നിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും സണ്ണി ജോസഫിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഫ്‌ളക്‌സ് പോര് നടക്കുകയാണ്. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി മതിയെന്നും കെ.പി.സി.സിക്ക് മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്നുമാണ് ഫ്‌ളക്‌സിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ താന്‍ പദവി ഒഴിയാന്‍ തയ്യാറാണെന്നും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
Content Highlight: Looking at the tradition, I am suitable for the post of KPCC President: Raj Mohan Unnithan