| Friday, 30th May 2025, 5:59 pm

സമരത്തിന്റെ നാൾവഴികൾ | എം. ഗീതാനന്ദനുമായി ദീർഘ സംഭാഷണം

ജിൻസി വി ഡേവിഡ്

നരിവേട്ട സിനിമ ഇറങ്ങിയതിന് പിന്നാലെ 2003ലെ മുത്തങ്ങ സമരം വീണ്ടും ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. മലയാളി മനസുകളിൽ നിന്നും വിസ്മൃതിയിലാണ്ടുപോയ മുത്തങ്ങ സമരത്തെക്കുറിച്ച് അന്ന് സമരത്തിന് നേതൃത്വം നൽകിയവരിലൊരാളായ എം.ഗീതാനന്ദൻ ഡൂൾന്യൂസിനോട് സംസാരിക്കുന്നു.

ജിൻസി ഡേവിഡ്: നരിവേട്ട സിനിമ ഇറങ്ങിയതിന് പിന്നാലെ മുത്തങ്ങ സമരം വീണ്ടും ചർച്ചയിലേക്ക് എത്തിയിരിക്കുകയാണല്ലോ, മുത്തങ്ങ സമരം ആരംഭിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തായിരുന്നു? ആദിവാസി ജനതയുടെ അന്നത്തെ സാമൂഹിക-സാമ്പത്തിക അവസ്ഥ എങ്ങനെയായിരുന്നു? അതിൽ എന്തെങ്കിലും മാറ്റം ഇപ്പോൾ ഉണ്ടായിട്ടുണ്ടോ? ഒന്ന് വിവരിക്കാമോ?

എം. ഗീതാനന്ദൻ: മുത്തങ്ങ പ്രതിരോധ സമരം നടന്നിട്ട് 20 വർഷം കഴിഞ്ഞു. ആദിവാസികളുടെ ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലും അവരുടെ ബോധത്തിലും അവരുടെ ആവശ്യങ്ങളിലുമൊക്കെ തന്നെ കുറെ കൂടി വ്യക്തത ഈ 20 വർഷങ്ങൾ കൊണ്ട് വന്നു. മുത്തങ്ങ സമരത്തിന് മുന്നോടിയായി വലിയൊരു മൂവ്മെന്റ് കേരളത്തിൽ നടന്നു.

മുത്തങ്ങ സമരത്തിലെ ആദിവാസി സമൂഹത്തിലെ 80 ശതമാനം പേരും അതി പിന്നോക്കമായുള്ള ഒരു സാമൂഹിക വ്യവസ്ഥയിൽ നിന്നുള്ളവരായിരുന്നു. ഭൂമിയില്ലാത്തവരും കാട്ടിൽ നിന്നും കുടിയിറക്കപ്പെട്ടവരുമായിട്ടുള്ള പണിയർ, അടിയ, വേട്ടക്കുറുമർ, കാട്ടുനായ്ക്കർ തുടങ്ങിയ വിഭാഗങ്ങളുണ്ടായിരുന്നു. വളരെ ചെറിയൊരു ശതമാനം മാത്രമേ ഭൂമിയുള്ളവരും വിദ്യാഭ്യാസമുള്ളവരുമായി അന്ന് ഉണ്ടായിരുന്നത്.

ആ വിഭാഗങ്ങളുടെ ഒരു മുന്നേറ്റമാണ് 90കൾ മുതൽ കേരളത്തിൽ ഉണ്ടാകുന്നത്. 90കളിൽ ആഗോളവത്ക്കരണം ഒക്കെ നടക്കുന്ന ഒരു കാലഘട്ടമായിരുന്നല്ലോ. ജാനു 1992, 93, 94 കാലഘട്ടങ്ങളിലാണ് ആദിവാസി മൂവ്മെന്റിന്റെ ലീഡർഷിപ്പായി മാറുന്നത്. അവർ പ്രധാനമായും ആദിവാസി വിഭാഗങ്ങളിലെ ജനങ്ങളുടെ ഭൂമിയുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടാണ് കടന്നുവരുന്നത്.

മുത്തങ്ങയിൽ പൊലീസ് തീവെച്ച് നശിപ്പിച്ച് കുടിലുകളിലൊന്ന്

അത് കഴിഞ്ഞ്, ആ ദശകം കഴിയുമ്പോൾ 1999 കാലഘട്ടത്തിൽ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടാനുള്ള ഒരു ഇടപെടലാണ് കേരളത്തിൽ കൂടുതലായും നടക്കുന്നത്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടുക എന്ന് പറഞ്ഞാൽ 1975 ൽ ഒരു നിയമമുണ്ടായിരുന്നു ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്ത് കൊടുക്കാനും ക്രമപ്പെടുത്താനുമുള്ള നിയമം.

കുടിയേറ്റക്കാരോ അതുപോലെയുള്ള മറ്റ് ആളുകളോ, ഇവരുമായിട്ട് എന്തെങ്കിലും കരാറോ അല്ലെങ്കിൽ മറ്റ് വ്യവസ്ഥകളിലൂടെയോ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണെന്നും ആ ഭൂമി ആദിവാസികൾക്ക് തിരിച്ചുകൊടുക്കണം എന്നുമാണ് 1975ലെ നിയമം പറയുന്നത്. ആ നിയമം നടപ്പാക്കണം എന്നായിരുന്നു 1994 മുതലുള്ള പ്രധാനമായ ആവശ്യം. ആ നിയമം നടപ്പാക്കാൻ കേരളത്തിലെ ഇടത്-വലത് സർക്കാരുകൾ രണ്ടുപേരും തയാറായില്ല. ആ നിയമം ദുർബലപ്പെടുത്തുന്നതോടുകൂടി ആദിവാസികളുടെ വിഷയം പാതി വഴിക്ക് കിടന്നു. കെ.ആർ ഗൗരിയമ്മ ഒഴികെയുള്ള എല്ലാവരും ചേർന്ന് ആ നിയമം നടപ്പാക്കുന്നത് സ്തംഭിപ്പിച്ചു.

അതിന് പകരം മറ്റൊരു ഭേദഗതി നിയമം കൊണ്ടുവന്നത് 1999ലാണ് അതിൽ ആദിവാസികളുടെ ഭൂമി ഏതെങ്കിലും കുടിയേറ്റക്കാർ കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് അവർക്ക് തന്നെ അവകാശപ്പെട്ടതാണെന്നും അതിന് പകരം സർക്കാർ വേറെ ഭൂമി ഏറ്റെടുത്ത് ആദിവാസികൾക്ക് കൊടുത്താൽ മതിയെന്നുമാണ് പുതിയ നിയമത്തിന്റെ ചുരുക്കം. പക്ഷെ പകരം ഭൂമി ഏറ്റെടുത്ത് കൊടുത്തിട്ടുമില്ല, ഇവരുടെ ഭൂമി തിരിച്ചെടുത്ത് കൊടുക്കുകയും ചെയ്തില്ല.

ഏകദേശം 4000 കുടുംബങ്ങൾക്കായിരുന്നു കേരളത്തിൽ നിയമപരമായി ഭൂമി തിരിച്ചെടുത്ത് കൊടുക്കേണ്ടിയിരുന്നത്. ബാക്കി ബഹുഭൂരിപക്ഷം ആദിവാസികൾക്കും മറ്റ് രേഖകളൊന്നും ഉണ്ടായിരുന്നില്ല. അതായത് ഭൂമി നഷ്ടപ്പെട്ടെന്ന് രേഖാപരമായി തെളിയിക്കാനുള്ള വകുപ്പുകളൊന്നും ഉണ്ടായിരുന്നില്ല. കാരണം ഇവർ ഒന്നുകിൽ കർഷിക അടിയാളരായി, അല്ലെങ്കിൽ അടിമകളെപ്പോലെ വിൽക്കപ്പെട്ടവരും വാങ്ങിക്കപ്പെട്ടവരുമായിരുന്നു.

മറ്റോരു വിഭാഗം കൊളോണിയൽ കാലഘട്ടം മുതൽ തന്നെ വിദേശശക്തികൾ വന്ന് ഇവിടെ വലിയ തേയില തോട്ടങ്ങൾ ഉണ്ടാക്കിയപ്പോഴോ അല്ലെങ്കിൽ വനഭൂമി വെട്ടിനിരപ്പാക്കി തോട്ടങ്ങളാക്കി മാറ്റിയപ്പോഴോ അല്ലെങ്കിൽ അന്നത്തെ വനനിയമങ്ങളുടെ പേരിൽ കാട്ടിൽ നിന്നും പുറത്താക്കപ്പെടുകയോ ചെയ്തവരാണ്.

ഇത്തരത്തിലുള്ള വലിയൊരു വിഭാഗവും കേരളത്തിലുണ്ട്. അങ്ങനെയായിരിക്കണം കേരളത്തിലെ 80 ശതമാനം ആദിവാസികളും ഭൂരഹിതരായി മാറിയത്. വയനാട്ടിൽ കാണുന്ന എസ്റ്റേറ്റുകൾ ഭൂരിഭാഗവും കാടുകളായിരുന്നു. ഇടുക്കിയിലെ തേയിലത്തോട്ടങ്ങളും വലിയ കാടുകളായിരുന്നു. ആ കാലഘട്ടം മുതൽ തന്നെ ഇവരെ ഇവരുടെ ഭൂമിയിൽ നിന്നും നിഷ്കാസനം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

പിന്നെ 1950 കളിൽ തെക്കൻ തിരുവിതാംകൂറും മധ്യ കേരളത്തിനുമായി കുറെ ഭൂമി നഷ്ടപ്പെട്ടു. 1980കളിൽ വലിയ വലിയ വികസന പ്രവർത്തങ്ങൾ നടന്നു. അങ്ങനെയും കുറേപേർ കട്ടിൽ നിന്നും പുറംതള്ളപ്പെട്ടു. അങ്ങനെ ഒട്ടും ഭൂമിയില്ലാത്തവരായി കേരളത്തിൽ അരലക്ഷത്തോളം കുടുംബങ്ങൾ കാണുമെന്നായിരുന്നു 2000 കാലഘട്ടത്തിൽ നടത്തിയ ഒരു കണക്കിൽ പറയുന്നത്.

ഈ വിഭാഗങ്ങളുടെ ഒരു മുന്നേറ്റമാണ് പിന്നീട് ജാനുവിന്റെ നേതൃത്വത്തിലൂടെ കണ്ടത്. 1994 മുതൽ തന്നെ ജാനു ഭൂമി കൈയേറ്റ സമരങ്ങളൊക്കെ തുടങ്ങിയെങ്കിലും, ഞാൻ നേരത്തെ പറഞ്ഞ നിയമം നടപ്പിലാക്കാനുള്ള മൂവ്മെന്റ് അല്പം പിന്നോട്ടടിച്ചപ്പോൾ, ഭൂമിയില്ലാത്ത ആളുകൾക്ക് ഭൂമി വേണം എന്നുപറഞ്ഞുള്ള മുറവിളികൾ കൂടുതൽ ശക്തിപ്പെടാൻ തുടങ്ങി.

പ്രത്യേകിച്ച് 1999ൽ ഗ്ലോബലൈസേഷന്റെ ഒരു പ്രത്യക ഘട്ടം കഴിയുന്നതോടെ വൻ തോതിൽ തൊഴിലില്ലായ്മ ഗ്രാമീണ മേഖലയിൽ ശക്തിപ്പെട്ടു. തോട്ടം തൊഴിലാളികൾക്ക് തൊഴിലില്ലാതായി. കർഷകരുടെ ആത്മഹത്യയും അതോടൊപ്പം തന്നെ ആദിവാസികൾ പട്ടിണി കിടന്ന് മരിക്കുന്ന ഒരു സാഹചര്യവും കേരളത്തിൽ ഉണ്ടായി. രണ്ട് വർഷത്തെ ടൈം സ്പാനിൽ 157 ആദിവാസികൾ മരിച്ചിരുന്നു. ഒരുമാസത്തിനുള്ളിൽ 2001ൽ 32 ആദിവാസികൾ പട്ടിണി കിടന്ന് മരിച്ചു.

സി.കെ ജാനുവും എം ഗീതാനന്ദനും

പട്ടിണി മരണം വളരെ പീക് ആയതോടെ, പട്ടിണി മരണം ഇല്ലാതാക്കണം എന്നാവശ്യപ്പെട്ട് ജാനുവുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ഒരു സമരം നടന്നു. 120 ആദിവാസികൾ വയനാട്ടിൽ നിന്നും വണ്ടി കയറി തിരുവനന്തപുറത്ത് പോയി നടത്തിയ ഒരു സത്യാഗ്രഹ സമരമായിരുന്നു അത്.

ഒരു രണ്ടാഴ്ചക്കാലമായപ്പോൾ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം സർക്കാർ നടത്തി. ഇതോടെ സമരം കൂടുതൽ വ്യാപ്തി കൈവരിച്ചു. അതോടുകൂടി സെക്രട്ടറിയേറ്റിലേക്ക് കേരളത്തിൽ നിന്ന് മുഴുവൻ തന്നെയും ആദിവാസികളുടെ ഒരു ഒഴുക്കുണ്ടായി. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് പടിക്കലും മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്തും കുടിലുകെട്ടിയുള്ള ഒരു സമരമായിരുന്നു അത്.

ഒരു ഘട്ടത്തിൽ ആയിരത്തിലധികം കുടിലുകൾ സെക്രട്ടറിയേറ്റിന് മുന്നിലും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലുമായി ഉണ്ടായി. അവർ തിരിച്ച് പോകാൻ തയാറായില്ല. അവർ ഡാൻസും പാട്ടുമൊക്കെയായി സമരം നടത്തി. ഒരു കൾച്ചറാലായുള്ള പ്രോട്ടെസ്റ്റ് ആയി സമരം മാറി. അതിന് വലിയ ജനപിന്തുണയും ലഭിച്ചു. അന്ന് മീഡിയകളൊന്നും കാര്യമായിട്ടുണ്ടായിരുന്നില്ല. ഏഷ്യാനെറ്റും സൂര്യ എന്നൊരു ചാനലുമായിരുന്നു ഉണ്ടായിരുന്നത്. എങ്കിലും എല്ലാ മാധ്യമങ്ങളിലും ഇത് വലിയ വാർത്തയായി, സർക്കാരിന് വലിയ തലവേദനയുമായി.

എ.കെ. ആന്റണിയും കെ.സുധാകരനും

പലഘട്ടങ്ങളിലായി സർക്കാർ ചർച്ചക്ക് വിളിച്ചു. 2001 ഓഗസ്റ്റ് 29 ന് തുടങ്ങിയ സമരത്തിൽ സെപ്റ്റംബർ ആറിന് സർക്കാർ ചർച്ച നടത്തി. ചർച്ചയിൽ സർക്കാർ പല വാഗ്ദാനങ്ങളും നൽകി, പക്ഷേ ആദിവാസികൾ വഴങ്ങിയില്ല. പിന്നീട് അവർക്ക് 45,000 ഏക്കർ ഭൂമി നൽകാമെന്ന വാഗ്ദാനവുമായി സർക്കാർ വന്നു. പിന്നെ കോടതി ഉത്തരവ് വാങ്ങി കുടിലുകളൊക്കെ പൊളിച്ചുമാറ്റുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ വളരെയധികം ജനകീയ പിന്തുണ അവർക്കുണ്ടായിരുന്നു.

സെക്രറട്ടറിയേറ്റിന്റെ പടിക്കൽ മുഴുവനും കേരളത്തിലെ പശ്ചിമഘട്ടത്തിലെ വിവിധ ഗോത്രവിഭാഗങ്ങൾ നിർമിച്ച കുടിലുകൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ആ പ്രക്ഷോഭം നീണ്ട് പോകവേ അവർ അവരുടെ ഭരണഘടനാപരമായ നിയമങ്ങൾ ഉയർത്തിക്കാണിച്ചു. തങ്ങൾക്ക് അർഹമായ വനഭൂമി ലഭിക്കണം തുടങ്ങിയ ഡിമാന്റുകൾ ആദിവാസികൾ സർക്കാരിന് മുന്നിൽ വെച്ചു. 2001 നവംബർ എട്ടാം തീയതി പതിനായിരത്തിലധികം ആദിവാസികൾ അവരുടെ മൂപ്പന്മാരുടെ നേതൃത്വത്തിൽ ഒരു സമ്മേളനം ചേരുകയും ആദിവാസി ഗോത്രമഹാസഭ എന്നൊരു സംഘടന പ്രഖ്യാപിക്കുകയും ചെയ്തു.

ജോഗിയുടെ ശവകുടീരം

ചുരുക്കത്തിൽ ഈ സമരത്തിലൂടെ വളരെ ഓപ്പ്രസ്ഡ് ആയിട്ടുള്ള പണിയ, കാട്ടുനായ്ക്കർ തുടങ്ങിയ പല കമ്യൂണിറ്റികളുടെയും ഫെഡറേഷൻ പോലൊരു പ്ലാറ്റഫോം ഡിക്ലയർ ചെയ്യപ്പെടുക മാത്രമല്ല വളരെ കോംപ്രഹെൻസീവ് ആയ അവരുടെ ഒരു അവകാശ പത്രിക സർക്കാരിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. അവർക്ക് അഞ്ച് ഏക്കർ ഭൂമി നൽകണം അവരുടെ ഭൂമി ഭരണഘടയുടെ അഞ്ചാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണം പണ്ട് അവർക്ക് വനഭൂമി നൽകണമെന്ന് പറയുന്ന നിയസമമനുസരിച്ച് ഭൂമി നൽകണം തുടങ്ങിയ കാര്യങ്ങൾ ആദിവാസികൾ അവതരിപ്പിച്ചു. 2001 ഒക്ടോബർ 16 ന് സർക്കാർ ഒരു കരാർ ഒപ്പിടാൻ നിർബന്ധിതരായി. ഒരേക്കർ മുതൽ അഞ്ച് ഏക്കർ വരെ ഭൂമി ആദിവാസികൾക്ക് കൊടുക്കാം എന്നൊരു എഗ്രിമെന്റായിരുന്നു അത്.

നിയന്ത്രണ മേഖല പ്രഖ്യാപിച്ച് വനഭൂമി ഏറ്റെടുത്ത് കൊടുക്കുമെന്നുള്ള ഉറപ്പുകളും കൊടുത്തിരുന്നു. 2002 ജനുവരി ഒന്ന് മുതൽ ഇത് നടപ്പാക്കുമെന്നുള്ള ഉറപ്പും നൽകിയിരുന്നു. ഇതായിരുന്നു ഇതിന്റെ ഒരു ഷോർട് ഹിസ്റ്ററി. മൊത്തത്തിൽ 90കളിൽ ആദിവാസികൾ സുസംഘടിതമായി മുന്നോട്ട് വന്നു, പക്ഷേ ആ കരാർ ലംഘിക്കപ്പെട്ടപ്പോഴാണ് അവർ മുത്തങ്ങയിൽ കുടിൽ കെട്ടി താമസമാക്കിയത്. മാതൃക ഗ്രാമം സൃഷ്ടിക്കുകയായിരുന്നു അവിടെ.

എന്നാൽ 48 ദിവസങ്ങൾക്ക് ശേഷം ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടാക്കി എല്ലാ രാഷ്ട്രീയ പാർട്ടികളും അതിനെ എതിർത്തു. അങ്ങനെയാണ് സമരക്കാരെ വെടിവെച്ച് കുടിയിറക്കുന്നത്.

സമരത്തെ തകർത്തുകളഞ്ഞെങ്കിലും കേരളത്തിൽ ഒരു ആദിവാസി മൂവ്മെന്റ് അന്നുമുതൽ ഇങ്ങോട്ട് വരെ വളരെ ശക്തി പ്രാപിക്കുകയും വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന മെച്യൂരിറ്റിയുള്ള ലീഡർഷിപ്പുകൾ അതിനകത്തുണ്ടാവുകയും ചെയ്തു. ഒരു 20 വർഷം മുമ്പുള്ള ആദിവാസികളല്ല ഇന്ന് കേരളത്തിലുള്ളത്. ദേശീയ തലത്തിൽ അവർക്ക് അവകാശബോധമുണ്ട്, ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ എന്താണെന്ന് അറിയാം കേരളത്തിൽ അത് നടപ്പാക്കാനുള്ള സാദ്ധ്യതകൾ അവർ മുന്നോട്ട് വെച്ചിട്ടുണ്ട്.

പലതരത്തിലുള്ള പ്രൊപോസൽ സർക്കാരിന് മുമ്പാകെ വെച്ചിട്ടുണ്ട്. പക്ഷേ ഭരണതലത്തിൽ ഇവരുടെ വിഷയങ്ങളെ മറ്റ് കമ്യൂണിറ്റികൾ പോലെ മാന്യമായി അംഗീകരിക്കുകയും അവർക്ക് അവരുടേതായ ഒരു ഇടവും വിഹിതവും കൊടുക്കണമെന്ന് പറയുന്ന ഒരു പൊതു ബോധത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എത്തിയോ എന്നതിൽ സംശയമാണ്. മുത്തങ്ങക്ക് ശേഷം കാര്യമായ മുന്നേറ്റം ഉണ്ടായോ എന്ന് ചോദിച്ചാൽ കുറെയധികം ഭൂമി കൊടുത്തു, പക്ഷേ അതിന്റെ ഒരു ഡ്യു അറ്റൻഷൻ, അവരുടെ വിഷയങ്ങൾ പരിപൂർണമായും പരിഹരിക്കപ്പെടുന്നുണ്ടോ എന്നത് സംശയമാണ്.

ജിൻസി ഡേവിഡ്: മുത്തങ്ങ സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ എന്തൊക്കെയായിരുന്നു? പട്ടിണി മരണങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് സമരം നടന്നതെന്ന് പറഞ്ഞല്ലോ, അപ്പോൾ അതും ഒരു വിഷയമായിരുന്നു അതോ ഭൂമി പ്രശ്‌നം മാത്രമായിരുന്നോ ഉന്നയിച്ചിരുന്നത്?

എം. ഗീതാനന്ദൻ: മുത്തങ്ങയിലെ പട്ടിണി മരണം സമരം ആരംഭിക്കുന്നതിനുള്ള ഒരു ഹേതുവായി മാറി എന്നതാണ് ശരി. അതായത് വലിയൊരു ധാർമിക രോഷം കെട്ടഴിച്ച് വിടാനുള്ള ഒരു സന്ദർഭമായി അന്നുണ്ടായ ആദിവാസികളുടെ പട്ടിണി മരണം മാറി.

അതിന് മുമ്പ് തന്നെ ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും ഇങ്ങനൊരു നില വന്നപ്പോൾ സെക്രട്ടറിയേറ്റ് പടിക്കൽ കുടിൽ കെട്ടി സമരം ചെയ്യുമെന്നും തിരിച്ച് പോവില്ലെന്നുള്ള ഒരു ദൃഢനിശ്ചയം അവർ എടുത്തു. അതാണ് അതിന്റെ ഒരു വഴിത്തിരിവ്. ആ മൂവ്മെന്റ് ഒരു രണ്ട് മാസക്കാലം കൊണ്ട് തന്നെ കേരളത്തെ മൊത്തത്തിൽ തട്ടിയുണർത്തുകയും ആദിവാസികളുടെ ഒരു തിരിച്ചുവരവ് സാധ്യമാക്കി എന്നതാണ് ആ ഒരു ഹേതുവിലൂടെ ഉണ്ടായത്.

ഞങ്ങൾ പട്ടിണി കിടന്ന് മരിക്കാൻ തയാറല്ല എന്നവർ പ്രഖ്യാപിച്ചു. ഇക്കാലത്ത് കേരളത്തിലെ ട്രൈബൽ ഏരിയയിൽ കൊടുക്കുന്ന സൗജന്യ റേഷൻ ഇതിന് പിന്നാലെ ഉണ്ടായതാണ്. പിണറായി സർക്കാർ അത് കിറ്റ് വിതരണം എന്ന പേരിൽ അത് പരിവർത്തനപ്പെടുത്തിയെങ്കിലും ആ സ്‌കീം ആദ്യമായി തുടങ്ങുന്നത് ഈ സമരത്തിന് ശേഷമാണ്. എല്ലാ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസത്തിലും പട്ടിണി മരണം തടയാൻ സൗജന്യ റേഷൻ കൊടുക്കുമായിരുന്നു. ഇത് ആദ്യം ആദിവാസികൾക്കായാണ് തുടങ്ങിയത്. പിന്നീടാണ് ഇത് മറ്റുള്ളവർക്ക് വേണ്ടി ഒരു റേഷനിങ് പോലെ വിപുലീകരിച്ചത്.

അത് കേരളത്തിൽ ഒരു വലിയ മുന്നേറ്റമുണ്ടാക്കി എന്നല്ല. പക്ഷേ ഒരർത്ഥത്തിൽ ആദിവാസികളെ അവരുടേതായ ഒരു സാമുദായിക രാഷ്ട്രീയ ശക്തിയാക്കി പരിവർത്തനപ്പെടുത്തുന്നതിൽ സമരം വലിയ പങ്ക് വഹിച്ചെന്ന് പറയാം. കാരണം മറ്റുള്ള കമ്യുണിറ്റികളും ചരിത്ര കാലഘട്ടത്തിൽ പല പല സാമുദായിക നവോത്ഥാനങ്ങളിലൂടെ കടന്നുവന്നതാണല്ലോ.

ഈഴവരാണെങ്കിലും തീയരാണെങ്കിലും മുസ്‌ലിങ്ങളാണെങ്കിലും ക്രിസ്ത്യാനികളാണെങ്കിലും ഒക്കെ. പക്ഷേ ആദിവാസി വിഭാഗങ്ങളെ അങ്ങനെ സൗണ്ട് ചെയ്യപ്പെട്ടിട്ടില്ല. അവരുടെ തിരിച്ചുവരവിന് ശ്രമിച്ചൊരു മൂവ്മെന്റ് ആണ് മുത്തങ്ങക്ക് മുമ്പ് നമ്മൾ കണ്ടത്. അതിൽ പട്ടിണി മരണം ഒരു ഹേതുവായെന്ന് മാത്രമേയുള്ളു. മുത്തങ്ങ മൂവ്മെന്റ് എല്ലാ ആദിവാസികൾക്കും വേണ്ടിയുള്ള ഒരു പാക്കേജാണ് നേടിയെടുത്തത്.

ജിൻസി ഡേവിഡ്: സമരത്തിൽ പങ്കെടുത്തവരുടെ എണ്ണം ഏകദേശം എത്രയായിരുന്നു? സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം എങ്ങനെയായിരുന്നു?

എം. ഗീതാനന്ദൻ: ബേസിക്കലി ജാനുവിന്റെ മൂവ്മെന്റ് ഒരു ഫെമിനൈൻ മൂവ്മെന്റ് ആയിരുന്നു എന്ന് വേണം പറയാൻ. ഫെമിനൈൻ മൂവ്മെന്റ് എന്നതുകൊണ്ട് ഞാൻ ഉദേശിച്ചത് ജാനു പതിനെട്ടാം വയസിൽ ലീഡർഷിപ്പ് ഏറ്റെടുത്ത വ്യക്തിയാണ്. ജാനു 1993, 1994 കാലഘട്ടത്തിൽ തന്നെ വയനാട്ടിലെ അമ്പുകുത്തിമല, പോളിച്ചാമ്പാളി അങ്ങനെ പല സ്ഥലങ്ങളിലും ഭൂരഹിതരായ ആദിവാസികൾക്ക് വേണ്ടി സമരം നടത്തിയിരുന്നു.

ഗോത്രവർഗവിഭാഗങ്ങളിൽ ശരിക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു വിഭജനം ഇല്ലാത്ത രീതിയിൽ സ്ത്രീകൾക്കൊരു മുൻകൈ ഉണ്ട്. കാരണം ജീവിതത്തിന്റെ ഏറ്റവും വലിയ ഭാരം സ്ത്രീകൾ തന്നെയാണല്ലോ പേറുന്നത്. അതുകൊണ്ട് തന്നെ കൃഷിപ്പണിയിലും ഗാർഹിക ജോലികളിലും എന്നപോലെ തന്നെ സോഷ്യൽ മൂവ്മെന്റുകളിലും സ്ത്രീകൾ വളരെ മുന്നിലാണ്.

അതുകൊണ്ട് എല്ലാ സമരങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം വളരെ സജീവമായി തന്നെ ഉണ്ടായി. സമാനമായ ഒന്നാണ് മുത്തങ്ങളയിലും ഉണ്ടായത്. 48 ദിവസത്തെ കുടിൽകെട്ട് സമരം കഴിഞ്ഞ് ജാനു തിരിച്ച് അവരുടെ നാട്ടിൽ ചെന്നപ്പോൾ അവിടെ അവർക്ക് വേണ്ടി വലിയൊരു റാലി സംഘടിപ്പിച്ചിരുന്നു. ഒരു 15,000 പേരെങ്കിലും അതിൽ പങ്കെടുത്തു. മേധാ പട്കർ ഒക്കെ പങ്കെടുത്തിരുന്നു. അതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളായിരുന്നു.

2002 നവംബർ മാസമാണ് മുത്തങ്ങയിൽ കുടിൽ കെട്ടി പോകാനായിട്ട് തീരുമാനം എടുക്കുന്നത്. അതിൽ എല്ലാം സ്ത്രീകളും പുരുഷന്മാരും തുല്യമായൊരു പങ്ക് വഹിക്കുന്നുണ്ട്. ഗോത്രമഹാ സഭയുടെ തന്നെ ഓർഗനൈസർമാരിൽ പകുതി സ്ത്രീകളും പകുതി പുരുഷന്മാരുമാണ്. ഭാരവാഹികളിൽ പകുതി സ്ത്രീകളും പകുതി പുരുഷന്മാരുമായിരിക്കണമെന്ന വ്യവസ്ഥ അല്ലെങ്കിൽ നിയമം ഗോത്രമഹാസഭയുടെ നിയമാവലിയിൽ ഉൾപ്പടെ ഉണ്ട്.

ഞാൻ സൂചിപ്പിച്ചത് 4,000ത്തിലധികം ആളുകൾ മുത്തങ്ങയിൽ കുടിൽ കെട്ടാനായി 2003 ജനുവരി രണ്ട്, മൂന്ന് തീയതികളിലായി എത്തിയിരുന്നു. അതിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവർ മുത്തങ്ങയുടെ മൂന്ന് മലകളിൽ കുടിയേറി ഗ്രാമങ്ങൾ സൃഷ്ടിക്കുകയായിരുന്നു. അവിടെയെല്ലാം തന്നെ സ്ത്രീകൾക്ക് അവരുടേതായ മേൽക്കൈ ഉണ്ടായിരുന്നു.

അവിടെ മൂന്ന് അങ്കണവാടികൾ ഉണ്ടായിരുന്നു. പ്ലസ് ടു വരെ പഠിച്ച കുട്ടികളായിരുന്നു ടീച്ചേർസ് ആയി ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മുത്തങ്ങയിൽ നിന്നും പൊലീസ് ആദിവാസികളെ അടിച്ചിറക്കിയപ്പോൾ ജയിൽ ചെയ്യപ്പെട്ടവരിൽ 750 സ്ത്രീകൾ ഉണ്ടായിരുന്നു. പിന്നീട് അതിൽ പലരെയും 15 ദിവസം കഴിഞ്ഞ് വിട്ടയച്ചു. പക്ഷേ പകുതിയിലധികം പേരും വനം കൈയേറി എന്ന കേസിൽ പ്രതികളാക്കപ്പെട്ടിരുന്നു. ആ കേസെല്ലാം തന്നെ പിന്നീട് വിചാരണ ചെയ്ത് തള്ളുകയോ അല്ലെങ്കിൽ പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാർ തള്ളുകയോ ചെയ്തു.

പക്ഷേ മൂന്ന് കേസുകൾ ഇപ്പോഴും നിലവിലുണ്ട്. അതും ക്രിമിനൽ സ്വഭാവമുള്ള കേസുകൾ. ഒരു പൊലീസുകാരൻ മരണപ്പെട്ട കേസ്. അതുപോലെ ആദിവാസികൾ പൊലീസുകാരെ ആക്രമിച്ചുവെന്ന് പറയുന്ന കേസ് എന്നിവ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ആ കേസുകളിൽ ഉൾപ്പടെ സ്ത്രീകൾ പ്രതികളാണ്.

ഭീകരമായി മർദനമേറ്റ് ഒട്ടേറെ പരിക്ക് പറ്റിയവരിലും കൂടുതൽ സ്ത്രീകളായിരുന്നു. പ്രായം ചെന്ന അമ്മമാരെ 80 ,82 ,85 വയസുള്ള ആറ് അമ്മമാരെ കൊലക്കുറ്റം ചാർത്തപ്പെട്ട കേസിൽ പ്രതികളാക്കിയിരുന്നു. 150 കുട്ടികൾ, എട്ട് മാസം പ്രായമുള്ള കുഞ്ഞ് മുതൽ 17 വയസിന് താഴെയുള്ള 150 കുട്ടികൾ ജയിലടക്കപ്പെട്ടിരുന്നു. സ്ത്രീകളെയും കുട്ടികളെയും ഒരുപോലെ ജയിലടച്ചിട്ടുണ്ട്.

ജിൻസി ഡേവിഡ്: പൊലീസ് നടപടിക്ക് തൊട്ടുമുമ്പുള്ള സാഹചര്യങ്ങൾ എങ്ങനെയായിരുന്നു? പൊലീസിൽ നിന്നും ഇത്തരത്തിലുള്ള ക്രൂരമായ ഒരു ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

എം. ഗീതാനന്ദൻ: അങ്ങനെയൊരു പ്രതീക്ഷ ഉണ്ടായിരുന്നില്ല. അതിന്റെ പ്രധാന കാരണം, ഞാൻ നേരത്തെ സൂചിപ്പിച്ചല്ലോ ഗോത്ര മഹാസഭയുടെ വലിയൊരു മൂവ്മെന്റിന്റെ ഒരു എക്സ്പീരിയൻസ് ഉണ്ടല്ലോ. വളരെ പക്വതയും മെച്യൂരിറ്റിയുമുള്ള എല്ലാ വിഷയങ്ങളെയും ഗവൺമെന്റിന്റെ പല പല തട്ടുകളിൽ ചർച്ച ചെയ്യാനൊക്കെയും തന്നെ ശേഷിയുള്ളൊരു ലീഡർഷിപ്പായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്.

കുടിൽ കെട്ടൽ സമരം ഒത്തുതീർപ്പാക്കുന്ന ഒരു മീറ്റിങ്ങിൽ ഒമ്പത് മന്ത്രിമാരുൾപ്പടെ 80 ഓളം ഒഫീഷ്യൽസ് ഉണ്ടായിരുന്നു. അതായത് ഗോത്ര മഹാസാഭയുടെ ലീഡേഴ്‌സ് ഇരുന്ന് വളരെ പക്വമായി തന്നെ തീരുമാനം എടുക്കുന്നതിനാൽ, ഗവൺമെന്റിൽ നിന്നുള്ള നയരൂപീകരണ മണ്ഡലങ്ങളിലെ ചർച്ചകളെല്ലാം തന്നെ ഒരിക്കലും തള്ളിക്കളയുന്നവരായിരുന്നില്ല ആദിവാസികൾ.

കുടിൽ കെട്ടൽ സമരത്തിന് ശേഷവും മുത്തങ്ങ സമരത്തിന് ഇടയിലുമായി ചുരുങ്ങിയത് 35 ഒഫീഷ്യൽ മീറ്റിങ്ങുകളിൽ പങ്കെടുത്തവരാണ് ഇവർ. അപ്പോൾ സ്വാഭാവികമായിയും സർക്കാരുമായി ഒരു ഉടമ്പടിയുണ്ട്, ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ആദിവാസികൾക്ക് ഭൂമി നൽകി പുനരധിവസിപ്പിക്കുവാൻ ട്രൈബൽ റീ സെറ്റിൽമെന്റ് മിഷൻ എന്നൊരു സംവിധാനം രൂപീകരിച്ചിരുന്നു. ഞങ്ങളൊക്കെ ആക്ടിവായി ഇതിന് മുന്നിലുണ്ട്. അപ്പോൾ ഒരു സമരം നടത്തുമ്പോൾ സ്വാഭാവികമായും ഗവണ്മെന്റ് ഒരു ചർച്ചക്ക് വിളിക്കും എന്നാണല്ലോ നമ്മുടെ മനസിൽ ഉണ്ടാവുക.

ആ കാലഘട്ടത്തിന്റെ ഒരു പ്രത്യേകത എന്ന് പറഞ്ഞാൽ, ഈ മുത്തങ്ങ വെടിവെപ്പിന് മുമ്പ് ഫെബ്രുവരി മാസം ഒന്നിന് തന്നെ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റ് എന്നുപറയുന്ന ഒരു പരിപാടി കേരളത്തിൽ നടത്തിയിരുന്നു. വിദേശരാജ്യങ്ങളിലെ മലയാളികളും മലയാളി അല്ലാത്ത ആളുകളും കേരളത്തിൽ വരികയും കേരളത്തിന് വേണ്ടി പണം നിക്ഷേപിക്കുകയും ചെയ്യുന്ന സർക്കാരിന്റെ ഒരു പരിപാടിയായിരുന്നു അത്.

ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റിലേക്ക് വ്യവസായ പ്രമുഖരും ധനാഢ്യരും തുടങ്ങി നിരവധിപേർ പണം നിക്ഷേപിക്കാനുള്ള പ്രൊജെക്ടുകൾ സമർപ്പിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു. അപ്പോൾ സർക്കാരിന്റെ ശ്രദ്ധ മുഴുവൻ അതിലായിരുന്നു. ഞങ്ങൾ ഈ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റിനെക്കുറിച്ച് അറിഞ്ഞായിരുന്നില്ല മുത്തങ്ങയിൽ സമരം ആരംഭിച്ചത്.

വി.എസ്. അച്യുതാനന്ദൻ

ഞങ്ങൾക്ക് എവിടെയെങ്കിലും ഒരു ഗ്രാമം ബിൽഡ് അപ്പ് ചെയ്യണം, 4,000 പേരോളം വരുന്ന ആളുകൾക്ക് കുടിൽ കെട്ടി താമസിക്കാൻ പറ്റുന്ന ഇടം കിട്ടണം. അങ്ങനെ നോക്കിയാണ് ഞങ്ങൾ മുത്തങ്ങയിൽ എത്തുന്നത്. അത് വനഭൂമിയാണോ റവന്യു ഭൂമിയാണോ എന്നത് വേറെ. ഇത്രയധികം ആളുകൾക്ക് അറ്റ് എ ടൈം ഒരു മാതൃക ഗ്രാമത്തിൽ താമസിക്കാൻ പറ്റുക എന്നതായിരുന്നു ലക്ഷ്യം.

ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റ് നടക്കുന്നതുകൊണ്ട് തന്നെ സർക്കാർ സമരത്തെ അങ്ങനെ കാര്യമായി പരിഗണിച്ചിരുന്നില്ല. കാര്യമായ ചർച്ചകൾ ഒന്നും നടന്നിരുന്നില്ല. സാധാരണ പൊലീസ് ഉദ്യോഗസ്ഥർ സമരം നടക്കുന്നിടത്ത് വന്ന് അവിടുത്തെ ക്രമാസമാധാന വിഷയങ്ങൾ പരിശോധിക്കും. എന്നാൽ ഇവിടെ അത്തരത്തിലൊന്നും നടന്നിട്ടില്ല. സാധാരണ ഇത്തരം സമരങ്ങൾ നടക്കുമ്പോൾ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് കൊടുക്കേണ്ടതാണ്. ഇതൊന്നും തന്നെ അവിടെ വന്ന് ഞങ്ങളോട് ആരോടെങ്കിലും ചോദിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ല.

ഡേ ടുഡേ കാര്യങ്ങൾ അവിടുന്ന് റിപ്പോർട്ട് ചെയ്തിരുന്നത് വനം വകുപ്പിന്റെ പ്രാദേശിക ഉദ്യോഗസ്ഥരാണ്. ആദിവാസികൾ എവിടൊക്കെ കുടിൽ കെട്ടി ആരുടെയെങ്കിലും കൈയിൽ ആയുധങ്ങൾ ഉണ്ടോ എന്താണ് അവിടെ നടക്കുന്നത് തുടങ്ങിയ കാര്യങ്ങൾ അവർ അപ്പപ്പോൾ റിപ്പോർട്ട് ചെയ്യും.

ഇവിടെ കാര്യമായി കുഴപ്പങ്ങളൊന്നുമില്ലാതെ ഒരു ഗ്രാമ ജീവിതമാണ് നടക്കുന്നതെന്ന് മീഡിയക്കാരും കണ്ടതാണ്. മീഡിയക്കാരും അവിടെ വന്നുപോകുന്നുണ്ടായിരുന്നു. അവിടെ അനാവശ്യമായി ഒന്നും നടക്കുന്നതായി ആരും റിപ്പോർട്ട് ചെയ്തിരുന്നില്ല. സ്വാഭാവികമായും ഞങ്ങളെ ആരും ചർച്ചക്ക് വിളിച്ചില്ല എന്നതാണ് ഉണ്ടായത്.

ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റ് എന്നുള്ള ഒരു പരിപാടി ഉണ്ടായിരുന്നതുകൊണ്ട്, ഒരുപക്ഷേ അതിലായിരിക്കാം സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് ഞങ്ങൾ കരുതി. പക്ഷേ നേരെ തിരിച്ചും ഒരു സൂചന ഉണ്ടായിരുന്നു. ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റ് കഴിഞ്ഞാൽ ഉടൻ തന്നെ പൊലീസ് എന്തെങ്കിലും കർശന നടപടിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾക്ക് ചെറിയൊരു സൂചനയുണ്ടായിരുന്നു. അതായത് മന്ത്രി സുധാകരൻ എന്ന് പറയുന്ന വ്യക്തി മുത്തങ്ങ വെടിവെപ്പ് നടക്കുന്നതിന് ഒരു പത്ത് ദിവസം മുമ്പ് പാലക്കാട് വന്ന് ഒരു പ്രസ്താവന നടത്തുന്നുണ്ട്.

ഇദ്ദേഹം പൊതുവെ സമരത്തെ ഏതെങ്കിലും നിലയിൽ തകർക്കണമെന്ന് ആലോചിച്ചിട്ടുണ്ടാകുമെന്ന് ഞങ്ങൾ സംശയിക്കുന്നു. കാരണം വനം വകുപ്പ് അദ്ദേഹത്തിന്റെ കസ്റ്റഡിയിലാണല്ലോ. ഈ ഭൂമിയാണെങ്കിൽ വനവുമായി ബന്ധപ്പെട്ടതാണ്. മാത്രവുമല്ല, ഗോത്രമഹാ സഭ പ്രസ്ഥാനത്തോട് വനം വകുപ്പിന് പൊതുവിൽ ഒരു നീരസം ഉണ്ട്.

രണ്ട് കാരണം കൊണ്ടാണത്. ഒന്ന്, മുത്തങ്ങയിൽ ഭൂമി കയറി കുടിൽ കെട്ടിയത് കൊണ്ട് തന്നെ, ഈ മുത്തങ്ങ വനഭൂമിയിൽ എക്കോ ടൂറിസം നടത്താൻ ഒരു കമ്മിറ്റിക്ക് ഇവർ കരാർ കൊടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു. അതൊരു കമ്പനി ആണോയെന്ന് അറിയില്ല.

മുത്തങ്ങ, പിന്നെ തെന്മലയിൽ ഉള്ള ഒരു പരിസ്ഥിതി പ്രാധാന്യമുള്ള കേന്ദ്രം പിന്നെ ആലപ്പുഴയിലുള്ള ഒരു സ്ഥലം എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കാനായിരുന്നു പ്ലാൻ. മുത്തങ്ങയിൽ സമരം നടക്കുന്നതുകൊണ്ട് തന്നെ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റിൽ നിന്നും ആ ഗ്രൂപ്പിന് പിന്മാറേണ്ടി വന്നു.

രണ്ടാമത്തേത് 2003ന് മുമ്പ് ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി കണ്ടെത്തിയത് ഇടുക്കി ജില്ലയിലായിരുന്നു. ഇടുക്കിയിലെ പല സ്ഥലങ്ങളിൽ ഭൂമി കണ്ടെത്തിയിരുന്നു ഒന്ന് മതികസ്ഥാൻ എന്ന സ്ഥലമായിരുന്നു. അവിടെ 2,200 ഏക്കർ ആയിരുന്നു കണ്ടെത്തിയത്. പിന്നെ കുന്തള, കുന്തള മാട്ടുപ്പെട്ടി ഡാമിനടുത്തായിരുന്നു ഭൂമി കണ്ടെത്തിയത്, 600 ഏക്കറായിരുന്നു അവിടെ കണ്ടെത്തിയത്. പിന്നെ പൂപ്പാറ, അത് തിരുനെല്ലിക്കടുത്തായിരുന്നു.

പിന്നെ ഒരു 25,000 ഏക്കർ ഭൂമി മാങ്കുളത്തിനടുത്ത് കണ്ടെത്തിയിരുന്നു. ഈ ഭൂമിയെല്ലാം തന്നെ ഇതിന്റെ വിതരണവുമായി നടക്കുന്ന ഞങ്ങളെയും കാണിക്കാൻ അവർ തയാറായി. മതികസ്ഥാനിൽ ഞങ്ങൾ പോയപ്പോൾ കണ്ടത് 2,200 ഏക്കർ ഭൂമിയിൽ രണ്ട് രാഷ്ട്രീയ പാർട്ടികളുടെ അറിവും സമമതത്തോടെയും കൂടി ഭൂമാഫിയകൾ കൈയേറി ഏലം തോട്ടങ്ങൾ ഉണ്ടാക്കിയിരിക്കുന്നതാണ്. ഇത് വനം വകുപ്പിന്റെ ഉദ്യോഗസ്ഥർക്കും അറിയാം. മന്ത്രി കെ.എം. മാണിയുടെ പാർട്ടിയുമായി ബന്ധപ്പെട്ടവരെയിരുന്നു അത്.

ഞങ്ങൾ അവിടെ സന്ദർശിച്ചപ്പോൾ ആദിവാസികൾക്ക് ഭൂമി നൽകുന്നതിന് മുന്നേ അവിടെയുള്ള കുടിയേറ്റക്കാരെ കുടിയിറക്കി വിടണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഞങ്ങൾ സർക്കാരിന് കത്ത് കൊടുത്തു.

ഈ സംഭവം അറിഞ്ഞ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സംഭവം ഏറ്റെടുത്തു. അദ്ദേഹം അവിടെ സന്ദർശിച്ചു. അങ്ങനെ അത് വലിയൊരു പൊളിറ്റിക്കൽ കോണ്ട്രാവേർസി ആയി. മന്ത്രി സുധാകരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ചേർന്നുള്ള ഒരു കഞ്ചാവ് ലോബിയും ഈ ഏലം തോട്ടങ്ങളിൽ ഉണ്ടായിരുന്നു.

എന്തായാലും ഞങ്ങളുടെ പ്രതിഷേധവും പിന്നാലെയുണ്ടായ സംഭവങ്ങളും വനം വകുപ്പിനെ ചൊടിപ്പിച്ചു. അവിടെയുള്ള ഡി.എഫ്.ഒ ഉൾപ്പടെ പല ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. കാരണം അവരുടെ അറിവോടുകൂടിയാണല്ലോ ഇത് നടന്നത്. അവരെ സസ്പെൻഡ് ചെയ്തു. പക്ഷേ അവസാനം ഈ ഭൂമി ആർക്കും കൊടുക്കേണ്ട എന്ന തീരുമാനം സർക്കാർ എടുത്തു. കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്നും പക്ഷേ ഭൂമി ആദിവാസികൾക്ക് കൊടുക്കണ്ടെന്നും ജൈവ സമ്പന്നമായ ഭൂമിയായതിനാൽ ദേശീയോദ്യാനമാക്കി മാറ്റാമെന്നും സർക്കാർ തീരുമാനിച്ചു.

ആ സ്ഥലം ദേശീയ ഉദ്യാനമാണ് ഇപ്പോൾ. എന്നാൽ ആദിവാസി സംഘടന അന്ന് ഇടപെട്ടതിന്റെ ദേഷ്യവും വൈരാഗ്യവും മന്ത്രി സുധാകരൻ ഉണ്ടായിരുന്നു. എങ്ങനെയും ഞങ്ങളുടെ സമരം അടിച്ച് തകർക്കുമെന്ന നയം അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നെ ഇങ്ങനെ ഒരു വിഷയം ഉണ്ടായിരുന്നത് കേരളം ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ്, ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ആദിവാസികൾ സ്വന്തം കാലിൽ നിന്നൊരു സമരം നടത്തി ഒരു ഉഭയകക്ഷി ധാരണയും എഗ്രീമെന്റുമൊക്കെ ഉണ്ടാക്കുന്നത്. ഇത് ഇടത്-വലത് മുന്നണികൾക്ക് ഒരേപോലെ ഇഷ്ടപ്പെട്ടിട്ടില്ല.

ഇടതുപക്ഷം ഈ സമരത്തെ പരസ്യമായി തള്ളിപ്പറയുന്നതിന് പകരം എ.കെ.എസ് എന്ന് പറയുന്നൊരു പുതിയ സംഘടന ഉണ്ടാക്കി. ആദിവാസി മഹാസഭയെ കൗണ്ടർ ചെയ്യാനായി എ.കെ.എസുമായൊരു എഗ്രിമെന്റ് ഗവണ്മെന്റ് വേറെയുണ്ടാക്കി.

ആന്റണി സർക്കാർ മൊത്തത്തിൽ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി കൊടുക്കണമെന്ന് തീരുമാനിച്ചപ്പോൾ തന്നെ സി.പി.ഐ.എമ്മിന്റെ പോഷക സംഘടനയായി അവർ പ്രഖ്യാപിച്ച എ.കെ.എസുമായി മന്ത്രി കുട്ടപ്പനും കെ. സുധാകരനും മറ്റൊരു കരാർ ഉണ്ടാക്കി. എന്തായാലും സ്‌കീം നടപ്പാക്കാനായി നൽകിയ ഫണ്ട് തിരിച്ചെടുക്കണമെന്ന് പറഞ്ഞ് സി.പി.ഐ.എമ്മിന്റെ നേതാവായ തോമസ് ഐസക് സത്യാഗ്രഹം നടത്തി.

അതായത് ഈ എഗ്രിമെന്റ് നടപ്പാകാതിരിക്കാനായുള്ള പല പ്രവർത്തനങ്ങളും ഭരണകക്ഷിക്കകത്ത് നിന്നും മറ്റും ഉണ്ടായപ്പോൾ, ഈ സ്‌കീം അട്ടിമറിക്കപ്പെടുമെന്ന ഭയം ഉണ്ടായപ്പോഴാണ് മുത്തങ്ങയിൽ ഞങ്ങൾ സമരം നടത്താൻ തീരുമാനിച്ചത്. സ്വാഭാവികമായും ഇതിന്റെ ഒരു വൈരാഗ്യം ആന്റണി മന്ത്രി സഭയിലെ പലർക്കും ഉണ്ട്. പ്രത്യേകിച്ച് കെ. സുധാകരന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റ് കഴിഞ്ഞപ്പോൾ തന്നെ ഒരു പൊലീസ് ആക്ഷൻ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു.

പക്ഷേ ഫെബ്രുവരി 17 ന് കാടിന്റെ പല ഭാഗങ്ങളിലും തീ കണ്ടു. സാധാരണ തീ കാടിന്റെ ഏതെങ്കിലും പോക്കറ്റിലാണ് ഉണ്ടാവുക. ഇത് അങ്ങനെയല്ല ഉൾക്കാട്ടിൽ മൂന്ന് കേന്ദ്രങ്ങളിൽ തീ ഇട്ടതായി കണ്ടെത്തി. ഒരേസമയം മൂന്ന് സ്ഥലങ്ങളിൽ നിന്നും വലിയ പുക ഉയർന്നതായി കണ്ടെത്തി.

മേധ പട്കർ

തീപിടുത്തം ഉണ്ടാകുന്നുണ്ടോ എന്ന നോക്കുന്നതിന് വേണ്ടി 200 ഓളം ആദിവാസികൾ അടങ്ങുന്ന ഒരു വളണ്ടിയർ സംഘം കാട്ടിൽ എപ്പോഴും ഉണ്ടാകാറുണ്ട്. 17ന് ഉണ്ടായ ആ തീ ആദിവാസി കുടിലുകൾക്ക് അടുത്തെത്തി. ഏതാണ്ട് 40 ഓളം കുടിലുകൾ കത്തി. ആളുകളെയൊക്കെ ഞങ്ങൾ തകരാപ്പാടി എന്ന സ്ഥലത്തേക്ക് മാറ്റി.

വനം വകുപ്പ് അന്ന് ഒന്നും ചെയ്തില്ല. ആദിവാസികളെ സംരക്ഷിക്കാനോ മാറ്റിപ്പാർപ്പിക്കാനോ ഒന്നും അവർ തയാറായില്ല. എന്തായാലും പിന്നീട് ഒരു 11, ഒരുമണി രണ്ട് ആയപ്പോൾ കാടിനുള്ളിൽ നിന്നും കാടിന് തീ കൊളുത്തുന്നത് ഞങ്ങൾ കണ്ടെത്തി. അങ്ങനെ തീകൊളുത്തിയ ഒരു 22 പേരെ കാടിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ഞങ്ങളുടെ ആളുകൾ പിടികൂടി. അതിൽ മൂന്ന് ഫോറസ്റ്റ് ഓഫീസർമാരുണ്ടായിരുന്നു. അവർ ഒരു വാടക ജീപ്പിൽ പെട്രോൾ ക്യാനും ഉണങ്ങിയ ആനപ്പിണ്ടവും കൊണ്ട് കാട്ടിൽ കറങ്ങുകയായിരുന്നു.

ഉണങ്ങിയ ആനപ്പിണ്ടം വേഗത്തിൽ കത്തും. ഉണങ്ങിയ ആനപ്പിണ്ടം പെട്രോളിൽ മുക്കി കാടിന്റെ വിവിധ ഭാഗങ്ങളിലായി എറിയുന്നതാണ് കണ്ടത്. ഈ ജീപ്പ് ആദിവാസികൾ തടഞ്ഞുവെച്ചു. കാട് കത്തുന്ന ഫോട്ടോകൾ ഇവർ ആർക്കൊക്കെയോ അയച്ചുകൊടുക്കാനിരിക്കുകയായിരുന്നു. ആദിവാസികൾ കാട് കത്തിച്ചു എന്ന് വരുത്തിതീർക്കാനായിരുന്നു ഇവരുടെ ശ്രമം.

എന്തായാലും ആ 22 പേരെ ഞങ്ങൾ അവിടെ തടഞ്ഞുവെച്ചു. അതൊരു വലിയ വിഷയമായി മാറി. മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു അതിൽ. ഞങ്ങൾ വിവരം കളക്ടറെ അറിയിച്ചു. കാട് കത്തിച്ചത് ബോധപൂർവമാണെന്നും ഇവരുടെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ഞങ്ങൾ കലക്ടറോട് പറഞ്ഞു. പക്ഷേ ഇതിൽ പല കമ്യൂണിറ്റിയിൽ നിന്നുമുള്ള ആളുകൾ ഉണ്ടായിരുന്നു.

ഈ വിഷയത്തെ അവിടെയുള്ള പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ വലിയ പ്രശ്നമാക്കി മാറ്റി. ഇവരെ വിട്ടയക്കണം ഇവരെ ആദിവാസികൾ തട്ടിക്കൊണ്ട് പോയി എന്ന രീതിയിലാക്കി വിഷയം. ആദിവാസികളെ മുഴുവൻ തന്നെ കുടിയിറക്കണം, ആദിവാസികൾ തട്ടിക്കൊണ്ടുപോയ തദ്ദേശീയവാസികളെ വിട്ടയക്കണം എന്നുപറഞ്ഞായിരുന്നു അവരുടെ പ്രക്ഷോഭം.

നരിവേട്ട സിനിമയിലെ ഒരു രംഗം

അതിനെ അവർ ഹർത്താലാക്കി മാറ്റി. മുത്തങ്ങ മുതൽ ബത്തേരിയിൽ മുഴുവൻ തന്നെ ഹർത്താൽ ആയി. 17 ന് വൈകുന്നേരം തുടങ്ങിയ ഹർത്താൽ 18 വരെ തുടർന്നു. 18ന് കളക്ടർ വന്ന് ഇവരെ മൊഴി രേഖപ്പെടുത്തി വിട്ടയക്കണം എന്നായിരുന്നു ആദിവാസികളുടെ ആവശ്യം. എന്തായാലും പതിനെട്ടാം തീയതി മുഴുവൻ പരിസ്ഥിതിക്കാരും ഇടത്-വലത് രാഷ്ട്രീയപാർട്ടികളും ആദിവാസികളെ പുറത്താക്കണം എന്ന കൗണ്ടർ മൂവ്മെന്റ് ശക്തിപ്പെടുത്തി.

എല്ലാ പത്രങ്ങളും അതിന് വലിയ പ്രാധാന്യം കൊടുത്തു. ശരിക്കും പറഞ്ഞാൽ പുറത്തുള്ള ജനവികാരം ആദിവാസികൾക്കെതിരെയാക്കി മാറ്റി. അതോടെ ആദിവാസികളെ കുടിയിറക്കാൻ സൗകര്യമായല്ലോ. അതോടെ പത്തൊൻപതാം തീയതി ഏതാണ്ട് 650 ഓളം പൊലീസ് ഉദ്യോഗസ്ഥരും അത്രയും തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പിന്നെ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട ഗുണ്ടകളും നാട്ടുകാരും ചേർന്നുള്ള വലിയൊരു റെയ്ഡ് നടന്നു. ഇതാണ് ഇതിന്റെ ഒരു നാൾവഴി.

ജിൻസി ഡേവിഡ്: പൊലീസ് അതിക്രമങ്ങളെ നേരിടാൻ സമരക്കാർക്ക് എന്തെങ്കിലും പ്രതിരോധ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നോ?

എം. ഗീതാനന്ദൻ: പൊലീസ് ആക്രമണം എന്ന് പറയുമ്പോൾ ഇത്രയും വലിയൊരു മാസിവ് അറ്റാക്ക് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങൾ അവിടെ ഈ ഒരു ഗോത്ര സമൂഹത്തിൽ മുത്തങ്ങ സ്വയം ഭരണ കൗൺസിൽ എന്നാണ് അതിന് പേര് കൊടുത്തിരുന്നത്. അതിലൊരു 30 അംഗങ്ങളുള്ള കൗൺസിൽ ഉണ്ട്.

ഒരു 28 ,29 ഊരുകൂട്ടങ്ങൾ ഉണ്ടായിരുന്നു. അതിൽ നിന്നും ഈരണ്ടുപേരുള്ള ഒരു കൗൺസിൽ ഉണ്ട്. കൗൺസിൽ കൂടി അപ്പപ്പോൾ നടക്കേണ്ട എല്ലാ ആക്ടിവിറ്റികൾക്കുമുള്ള നിർദേശങ്ങൾ കൊടുക്കുമായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് കാട്ടുതീ തടയാനുള്ള കാര്യങ്ങളായിരുന്നു.

പിന്നെ എല്ലാവരും പകൽ സമയം ഇത്ര നേരം കൃഷിക്ക് പോവുക, മദ്യം പൂർണമായി നിരോധിക്കുക, അങ്കണവാടികൾ മൂന്നെണ്ണം ഉണ്ടായിരുന്നത് സജീവമാകാനുള്ള തീരുമാനം, അതുപോലെ കാട് നശിച്ചുപോയ സ്ഥലങ്ങളിൽ തോടുകളെല്ലാം പുനരുജ്ജീവിപ്പിച്ച് പരിസ്ഥിതി പുനഃസ്ഥാപനം നടത്തുക, ഏതെങ്കിലും കാരണവശാൽ പൊലീസിന്റെയോ മറ്റോ ഇടപെടൽ ഉണ്ടായാൽ സമാധാനപരമായി നമ്മൾ ദിവസേന ചെയ്യുന്ന പരിപാടികൾ ചെയ്തുകൊണ്ടിരിക്കുക, അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നുണ്ടെങ്കിൽ കൊണ്ടുപോയ്‌ക്കോട്ടെ പക്ഷേ പൊലീസ് വരുന്നു എന്ന പേടിയിൽ ഇറങ്ങിക്കൊടുക്കുകയോ ഒന്നും ചെയ്യേണ്ടതില്ലെന്നായിരുന്നു ഔദ്യോഗികമായ തീരുമാനം.

അതിന്റെ സർക്കുലറുകളൊക്കെ പല ഊരുകളിലും കൊടുത്തിരുന്നു. അവയെല്ലാം പിന്നീട് പൊലീസ് പിടിച്ചെടുത്തു. അക്രമാസക്തമായ എന്തെങ്കിലും ഉണ്ടായാൽ അത് നേരിടണം എന്ന തരത്തിലുള്ള പദ്ധതികളൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് മാത്രമല്ല സമാധാനപരമായി അറസ്റ്റ് വരിക്കുകയോ അല്ലെങ്കിൽ സമാധാനപരമായി പണികൾ ചെയ്തുകൊണ്ടിരിക്കുക എന്നതായിരുന്നു തീരുമാനിച്ചിരുന്നത്.

സർക്കാർ പറയുന്നത് ജോഗി എന്ന ആദിവാസി യുവാവും വിനോദ് എന്ന പൊലീസുകാരനും കൊല്ലപ്പെട്ടു എന്നാണ്. യഥാർത്ഥത്തിൽ വെടിവെപ്പിൽ മരിച്ചവർ ഇവർ മാത്രമാണോ? അന്ന് എത്ര പേർ മരിച്ചു എന്ന് സർക്കാർ കണക്കുകൾക്ക് പുറമെയുള്ള കണക്കുകൾ അറിയുമോ? സി.കെ ജാനുവിന്റെ അടിമമക്കയിൽ പൊലീസ് ആക്രമണത്തിന് പിന്നാലെ 25 പേർക്ക് ജീവൻ നഷ്ടമായെന്ന് പറയുന്നുണ്ട്? ഈ കണക്കുകൾ ശരിവെക്കുന്നുണ്ടോ?

വലിയ പ്രശ്നമില്ല ആ കണക്കുകളിൽ. ഇതിന്റെ പ്രശനമെന്താണെന്നുവെച്ചാൽ അന്ന് പൊലീസ് ആക്ഷനിൽ അവിടെവെച്ച് കൊല്ലപ്പെട്ടത് ജോഗി ആയിരുന്നു, വെടികൊണ്ടിട്ട്. വെടിയേറ്റാണോ ഗ്രനേഡാണോ എന്നത് വ്യക്തമല്ല. പിന്നെ ഒരു പൊലിസുകാരനും മരണപ്പെട്ടിരുന്നു. പിന്നീട് നടന്ന പൊലീസ് റെയ്ഡിന് പിന്നാലെ പല മരണങ്ങളും നടന്നുവെന്ന പല ഊഹാപോഹങ്ങളും അന്നും ഇന്നും നിലനിൽക്കുന്നുണ്ട്. നാല് പേർ മരിച്ചതായിട്ടാണ് സർക്കാർ തന്നെ അന്ന് കാബിനറ്റിൽ റിപ്പോർട്ട് ചെയ്തത്.

പിന്നീട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ അവിടെ കൊല്ലപ്പെട്ട ആരുടെയൊക്കെയോ ശവശരീരം കത്തിച്ചുകളഞ്ഞുവെന്ന് പത്രസമ്മേളനത്തിൽ പറയുകയൊക്കെയുണ്ടായി. നൂറുകണക്കിന് ആളുകൾ പലായനം ചെയ്യുകയും സംസ്ഥാനം വിട്ട് പോകുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. അപ്പോൾ ഉടനടി എത്രപേർ മരണപ്പെട്ടുവെന്നതിൽ ഞങ്ങൾക്കും കൃത്യമായ ധാരണ ഇല്ല എന്നതാണ് വാസ്തവം. അതായത് ഞങ്ങളുടെ 825 സമര കുടുംബങ്ങളിൽ നിന്നുള്ള നിരവധി ആളുകൾക്ക് വെടിയേറ്റു എന്നത് ശരിയാണ്. നമ്മുടെ കണക്കിൽ ജോഗിയാണ് വെടിവെയ്പ്പിൽ തൽക്ഷണം കൊല്ലപ്പെട്ടത്.

പലർക്കും വെടി കൊണ്ടെങ്കിലും പിന്നീട് അവർ സ്വകാര്യ ചികിത്സ തേടുകയോ രക്ഷപ്പെടുകയോ ചെയ്തിട്ടുണ്ട്. പക്ഷേ പിന്നീട് മൂന്ന് പേര് മർദനം ഏറ്റതിന് പിന്നാലെ ഒരുമാസത്തിനകം മരണപ്പെട്ടിട്ടുണ്ട്. ക്രൈം ബ്രാഞ്ചിന്റെ ക്രൂരമായ മർദനമേറ്റ ഒരാൾ തൂങ്ങി മരിച്ചു. മറ്റൊരാൾ രക്തം ഛർദിച്ച് മരിച്ചു. ഞേണൻ, പെരുവൻ, ഗോപാലൻ എന്നിവരാണ് ഒരുമാസത്തിനുള്ളിൽ മരണപ്പെട്ടത്.

പിന്നീട് മർദനത്തിന്റെ ക്രൂരതകൊണ്ട് ആരോഗ്യം നശിച്ച് നിരവധി ആളുകൾ മരണപ്പെട്ടിട്ടുണ്ട്. ആ കണക്കായിരിക്കാം ജാനു 25 എന്ന് പറഞ്ഞത്. നിരവധി ആളുകൾ അങ്ങനെ അവരുടെ വയസെത്തുന്നതിന് മുമ്പേ മരണപ്പെട്ടിട്ടുണ്ട്. പിന്നെ കൊന്ന് കുഴിച്ച് മൂടിയോ എന്നതിനെക്കുറിച്ച് നമുക്ക് ഇപ്പോഴും വ്യക്തതയില്ല, കൃത്യമായതെളിവുകളുമില്ല

സമരകുടുംബങ്ങളിൽ നിന്നുള്ളവരല്ലാത്ത പലരും വന്നിരുന്നു അവർക്ക് അപകടം പറ്റിയോ എന്ന് അറിയില്ല. കണ്ണൂരിൽ നിന്നുള്ള പല ഗുണ്ടകളും പരിക്കേറ്റ് ആശുപത്രികളിൽ ചികിസ തേടിയെന്ന് പറഞ്ഞ് കേട്ടിരുന്നു. അതിനെക്കുറിച്ച് തന്നെ ആരും പിന്നീട് അന്വേഷണം നടത്തിയിട്ടുമില്ല. ഒരു സമഗ്രമായ അന്വേഷണം നടക്കണ്ടേ? കൂടാതെ 17 ന് നടന്ന തീവെയ്പ്പിൽ 6,000 ഹെക്ടർ ഭൂമി കത്തിപോയിട്ടുണ്ട്.

എത്രയോ ആദിവാസി കുടിലുകളും അവരുടെ സ്വത്തും നശിച്ചുപോയിട്ടുണ്ട്. 850 ഓളം കുടുംബങ്ങളുടെ ജീവിതത്തിലെ മുഴുവൻ സമ്പാദ്യങ്ങളും അവിടെ കത്തിച്ചു കളയപ്പെട്ടു. കുട്ടികളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും ഒക്കെ കത്തിച്ചുകളഞ്ഞു.

ഒന്നും അവർക്ക് തിരിച്ച് കൊടുത്തിട്ടില്ല കേസിന്റെ തെളിവിന് വേണ്ടിയെങ്കിലും ഇവയെല്ലാം സൂക്ഷിച്ച് വെക്കേണ്ടതല്ലേ? കാട് കൈയേറി അവിടെ കുടിൽ കിട്ടിയെന്ന് ആരോപിക്കുമ്പോൾ അത് തെളിയിക്കാൻ ഇവരുടെ കൈയിൽ തെളിവുകളൊന്നും ഇല്ല. ഒരു ഊഹക്കണക്കിനുള്ള കേസ് മാത്രമേ ഉള്ളു. 700, 800 സ്ത്രീകളെയൊക്കെയും അറസ്റ്റ് ചെയ്യുമ്പോഴും ഇവർ എവിടെ താമസിച്ചു, ഇവരുടെ കുടുംബത്തിൽ എത്രപേരുണ്ട് എന്നതിന് ഒരു തെളിവുമില്ല.

ജിൻസി ഡേവിഡ്: പൊലീസ് അതിക്രമങ്ങൾക്ക് ശേഷം സമരക്കാർക്ക് എന്ത് സംഭവിച്ചു? എത്ര പേർക്ക് പരിക്കേറ്റു, എത്ര പേർ ജയിലിലായി? അവരുടെ ജീവിതം എങ്ങനെ ആ ആക്രമണം മാറ്റിമറിച്ചു?

എം. ഗീതാനന്ദൻ: ഒത്തിരി ആളുകൾ പലായനം ചെയ്ത് പല നാടുകളിലേക്ക് പോയി. നാട്ടിലേക്ക് തിരികെ പോകാൻ ഇവർക്ക് കഴിയില്ലായിരുന്നു. നാട് എന്ന് പറഞ്ഞാൽ സ്വന്തം ഗ്രാമത്തിലേക്ക്. കാരണം ഇവരെല്ലാവരും വെറുക്കപ്പെട്ട മനുഷ്യരായി മാറി. ഇവർക്കാർക്കും തൊഴിൽ കൊടുക്കാതെയായി. അവരുടെ നാട്ടിൽ നിന്നുമുള്ള കൂലിപ്പണിയൊക്കെ വിട്ട് ഇവർ പോയതായിരുന്നല്ലോ. സമരം ചെയ്യാൻ പോയി എന്ന നിലയിൽ ഇവരോട് വളരെ വൈരാഗ്യപൂർവപരമായ നടപടിയായിരുന്നു പലരും സ്വീകരിച്ചത്.

ചുരുക്കത്തിൽ ആദ്യത്തെ ഒന്ന് രണ്ട് വർഷക്കാലത്തേക്കൊക്കെ ആരോടും സംസാരിക്കാൻ പോലും കഴിയാതെ തൊഴിൽ കിട്ടാതെ, ഒരു തരത്തിലുമുള്ള സാമൂഹിക പരിഗണനയും കിട്ടാതിരുന്ന മനുഷ്യരാണിവർ. ഇതിനെല്ലാത്തിനും പുറമെ ഇവരുടെ മേൽ കേസുകൾ ചുമത്തപ്പെട്ടിരുന്നു. ഒന്നും രണ്ടും കേസല്ല, 12 കേസുകളാണ് ചുമത്തപ്പെട്ടത്.

ഏതാണ്ട് 780 ആളുകളുടെ പേരിൽ 12 കേസുകൾ ഉണ്ടായിരുന്നു. 12 കേസുകളിൽ ആറെണ്ണം ഫോറസ്റ്റ് ഒഫൻസ് എന്നതിൽ പെടുന്നതായിരുന്നു. കാട് കൈയേറി എന്നുള്ള കേസുകളാണ് അവ. മരങ്ങൾ മുറിച്ചു, മാനിനെ വേട്ടയാടി തുടങ്ങിയ കേസുകളായിരുന്നു അവ. അതിൽ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു.

കൂടാതെ ആറ് ക്രിമിനൽ കേസുകൾ വേറെ. അതായത് 17,18,19 എന്നീ ദിവസങ്ങളിലായി നടന്നുവെന്ന് പറയുന്ന കേസുകൾ. 17ന് 22 പേരെ തട്ടിക്കൊണ്ടുപോയി, 19 ന് പലതരത്തിലുള്ള സംഘർഷങ്ങളെല്ലാം വെവ്വേറെ കേസുകളാക്കി ചുമത്തി. കൂടാതെ പൊലീസുകാരനെ കൊലപ്പെടുത്തിയെന്നും ആരോപിച്ച് ആറ് എഫ്.ഐ.ആറുകൾ ഏതാണ്ട് 200 ആളുകൾക്ക് മേൽ ചുമത്തി. ഇവയെല്ലാം ക്രിമിനൽ സ്വഭാവമുള്ള കേസുകളാണ്.

ജോഗി മരണപ്പെട്ടതിനും ഒരു കേസ് എടുത്തിരുന്നു. എന്നാൽ അതിൽ വകുപ്പുകളൊന്നും ഉണ്ടായിരുന്നില്ല. അസ്വാഭാവിക മരണത്തിനായിരുന്നു ജോഗിയുടെ മരണത്തിൽ കേസെടുത്തത്. അത് പിന്നെ അന്വേഷിച്ചിട്ടില്ല. അന്ന് മുതൽ പിന്നീട് ആളുകൾ കോടതി കേറിയിറങ്ങി, അതിന്റെ പ്രശ്നങ്ങളിൽ കഴിഞ്ഞുകൂടുകയാണ്. പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷം ആറുമാസം നീണ്ട നിൽപ്പുസമരം സെക്രറട്ടറിയേറ്റ് പടിക്കൽ നടത്തി, മുത്തങ്ങയിൽ നിന്നും കുടിയിറക്കപ്പെട്ട മുഴുവൻ പേർക്കും ഭൂമി കൊടുക്കണമെന്ന കരാർ ഉണ്ടാക്കി. ജയിലിലടക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന കോടതി വിധിയുണ്ടായി.

എന്തായാലും അന്ന് തകർക്കപ്പെട്ട ആദിവാസി കുടുംബങ്ങൾ അവരുടെ കഠിനാധ്വാനത്തിൽ അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും ആ മക്കളെല്ലാവരും ഡിഗ്രിയും പി.ജിയുമൊക്കെ പഠിക്കുന്നുണ്ട്. അവരെല്ലാവരും തന്നെ സ്വന്തം നിലയിൽ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. ഭൂമി കൊടുക്കാമെന്ന് കരാർ ഉണ്ടാക്കിയെങ്കിലും 200 ഓളം പേർക്ക് മാത്രമേ ഭൂമി കൊടുത്തിട്ടുള്ളു. ആ പ്രശ്നത്തെ അവർ സ്വയമേവ അധിജീവിക്കുകയായിരുന്നു എന്ന് പറയുന്നതാണ് ശരി.

ജിൻസി ഡേവിഡ്: സമരത്തിന് മുമ്പ് സർക്കാരുമായി ചർച്ചകൾ നടന്നിരുന്നോ? എങ്കിൽ അതിന്റെ ഉള്ളടക്കം എന്തായിരുന്നു?

എം. ഗീതാനന്ദൻ: ഉണ്ട്. വളരെ വിശദമായ ചർച്ചകൾ സർക്കാരുമായി നടത്തിയിട്ടുണ്ട്. അതായത് നേരത്തെ പറഞ്ഞല്ലോ മുത്തങ്ങ സമരം ആരംഭിക്കുന്നതിന് മുമ്പ് സെക്രട്ടറിയേറ്റ് പടിക്കൽ ഒരു കുടിൽ കെട്ടൽ സമരം നടന്നിരുന്നല്ലോ. അതിന്റെ സാഹചര്യമായ പട്ടിണിമരണങ്ങളെക്കുറിച്ചും നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ആ സമരത്തിന് പിന്നാലെ വിശദമായ നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട്.

കുടിൽകെട്ടൽ സമരത്തിന് പിന്നാലെ ആദ്യത്തെ ചർച്ച നടന്നത് സെപ്റ്റംബർ ആറിനായിരുന്നു. പിന്നീട് സെപ്റ്റംബർ 24 ന് അവർ വീണ്ടുമൊരു സർവകക്ഷി യോഗം പോലെ, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി മറ്റൊരു ചർച്ച നടത്തി. അതിനിടയിൽ കേരളത്തിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് ഒക്ടോബർ എട്ടിന് ഒരു വലിയ റാലി നടത്തി.

6000 ത്തിലധികം ആളികൾ പങ്കെടുത്തിരുന്നു. ഇതെല്ലാം നേരത്തെ വിശദമായി പറഞ്ഞിട്ടുണ്ട്. ഒക്ടോബർ 16ന് കുടിൽ കെട്ടൽ സമരത്തോടൊപ്പം അനിശ്ചിതകാല നിരാഹാര സമരം കൂടി നടത്തുമെന്ന ഒരു ഡിക്ലറേഷൻ നടന്നു. ഒക്ടോബർ 21 ന് സർക്കാർ വീണ്ടും ചർച്ചക്ക് വിളിച്ചു. അതിൽ 80 ഓളം ബ്യുറോക്രാറ്റ്‌സുകൾ, രണ്ട് മിനിസ്റ്റേഴ്‌സ് ഞങ്ങളെ പ്രതിനിധാനം ചെയ്തിട്ടുള്ള ആറ് പേർ എന്നിവർ ചർച്ച നടത്തി. ആ ചർച്ചയിലാണ് സമഗ്രമായിട്ടുള്ള ഒരു കരാർ ഉണ്ടായത്.

കേരളത്തിലെ മുഴുവൻ ഭൂരഹിതരായിട്ടുള്ള ആദിവാസികൾക്കും ഒരേക്കർ മുതൽ അഞ്ച് ഏക്കർ വരെ കൊടുക്കും എന്നായിരുന്നു കരാറിന്റെ വ്യവസ്ഥ. കൊടുക്കുന്ന ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമാക്കാൻ വരുന്ന അടുത്ത അഞ്ച് വർഷം വരെ സാമ്പത്തിക സഹായം നൽകും, ഈ പദ്ധതി ഒരു മിഷൻ മാതൃകയിൽ നടപ്പാക്കും, കേരളത്തിൽ റവന്യു ഭൂമി ഏറ്റെടുക്കൽ കുറവായതിനാൽ വനഭൂമിയിൽ നിന്നും ഭൂമി കണ്ടെത്താൻ ശ്രമിക്കും, ഇപ്പോൾ നൽകുന്ന ഭൂമിയും നേരത്തെയുള്ള ഭൂമിയും ഭരണഘടനയുടെ അഞ്ചാം പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് പെസ നിയമം നടപ്പാക്കും, എന്നതായിരുന്നു എഗ്രിമെന്റിലുണ്ടായിരുന്ന പ്രധാനപ്പെട്ട വ്യവസ്ഥകൾ. അത് അംഗീകരിച്ചു.

അപ്പോൾ പറഞ്ഞുവരുന്നത് വളരെ വിശദമായ ചർച്ചകൾ സർക്കാരുമായി എല്ലാ നിലയിലും നടന്നിരുന്നു. ഇൻഫോർമലായി സമരം നടക്കുമ്പോൾ തന്നെ നിയമവിദഗ്ധരേയും മനുഷ്യാവകാശപ്രവർത്തകരുമായൊക്കെയും ചർച്ചകൾ നടത്തിയിരുന്നു. പത്രക്കാരുമായി ചുരുങ്ങിയത് ഒരു 35 പ്രസ് മീറ്റുകൾ നടത്തിയിട്ടുണ്ട്. പത്രപ്രവർത്തകർ വളരെ എജ്യുക്കേറ്റഡ് ആയിരുന്നു. അതായത് ഒരു പത്ത് സമ്മേളനങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഞങ്ങളുടെ ആവശ്യങ്ങൾ ജെനുവിൻ ആയിരുന്നെന്ന് അവർക്ക് മനസിലായി. എല്ലാവരും അതുകൊണ്ട് തന്നെ വലിയ പിന്തുണ നൽകിയിരുന്നു.

അന്ന് ഏഷ്യാനെറ്റും സൂര്യയുമായിരുന്നു ഉണ്ടായിരുന്നത്. ഇവർ എപ്പോഴും സെക്രട്ടറിയേറ്റ് പടിക്കൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ രണ്ട് തവണയായി കുടിലുകൾ പൊളിക്കാൻ വലിയ പൊലീസ് സന്നാഹം എത്തിയെങ്കിലും ചാനൽ സാന്നിധ്യം മൂലം അവർ പിന്മാറുകയായിരുന്നു. പലഘട്ടങ്ങളിലായി ബോംബേറുണ്ടായിരുന്നു, പൊലീസ് സേന സമരത്തിലേക്ക് ഇടിച്ച് കയറി ആളുകൾക്ക് പരിക്കേറ്റിരുന്നു. അത്തരത്തിൽ കുടിൽ കെട്ടിയ സമരക്കാരെ പ്രകോപിപ്പിച്ച് തെരുവിലിറക്കി സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ അതെല്ലാം തന്നെ ഞങ്ങൾ സംയമനത്തോടുകൂടി നേരിട്ടു.

തിരുവനന്തപുരത്ത് ഇത്തരത്തിൽ സമാധാന സമരങ്ങളെ അക്രമാസക്തമാക്കുന്നത് പൊലീസ് തന്നെയാണ്. കല്ലെറിഞ്ഞോ പല തരത്തിൽ ആക്രമണം നടത്തിയോ അവരെ പ്രകോപിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. ഞങ്ങൾക്ക് ഇത് അറിയാവുന്നതിനാൽ തന്നെ വിജിലന്റ് ആയിരുന്നു.

അതായത് പലതരത്തിലുള്ള ചർച്ചകൾ നടന്നിട്ടുണ്ട്. അതിന്റെ ഫലമായാണ് കേരളത്തിൽ അറിയപ്പെടുന്ന ആദിവാസി കരാർ ഉണ്ടായത്. കരാറിന്റെ അടിസ്ഥാനത്തിൽ ഒരു ട്രൈബൽ റീസെറ്റിൽമെന്റ് ആൻഡ് ഡെവലപ്മെന്റ് മിഷൻ പട്ടികവകുപ്പിന്റെ ഉപ സ്ഥാപനമായി രൂപീകരിച്ചു. അത് ഇന്നും നിലനിൽക്കുന്നുണ്ട്.

അതിലൂടെയാണ് ഇപ്പോൾ ഭൂമി ഇപ്പോൾ കൊടുക്കുന്നത്. ഇപ്പോൾ ആറളത്ത് 6000 ,7000 ഏക്കർ ഭൂമി കൊടുത്തിട്ടുണ്ട്. ഇടുക്കിയിൽ കുന്തളാ, മറയൂർ, പൂപ്പാടി, ചിന്നക്കനാൽ എന്നിവിടങ്ങളിലും ഭൂമി കൊടുത്തിട്ടുണ്ട്. പല റേഞ്ചുകളിലാണ് കൊടുത്തിട്ടുള്ളത്. ചിലർക്ക് അഞ്ച് ഏക്കർ ചിലർക്ക് ഒരേക്കർ ചിലർക്ക് രണ്ടര ഏക്കർ. വയനാട്ടിൽ അധികം പേർക്കും കൊടുത്തിട്ടില്ല. ആറളം ഫാമിൽ 15,000ത്തോളം കുടുംബങ്ങൾക്ക് ഭൂമി കൊടുത്തിട്ടുണ്ട്.

ജിൻസി ഡേവിഡ്: അന്ന് സമരം അടിച്ചമർത്തിയതിനെ ന്യായീകരിച്ചുകൊണ്ട് സർക്കാരും പൊലീസും നൽകിയ വാദം ആദിവാസി ഗോത്ര മഹാസഭക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന ആരോപണമായിരുന്നു. അതിനെക്കുറിച്ച് താങ്കളുടെ നിലപാട് എന്താണ്?

എം. ഗീതാനന്ദൻ: തുടക്കം മുതലേ സമരത്തിനൊരു തീവ്രവാദ, എൽ.ടി.ടി, മാവോയിസ്റ്റ് ബന്ധം നൽകാനുള്ള പലതരത്തിലുള്ള പ്രചാരണങ്ങൾ പത്രങ്ങളിലൂടെ നടന്നിരുന്നു. ലീഡിങ് പത്രങ്ങൾ പലതും വളരെ മോശം രീതിയിലായിരുന്നു വാർത്തകൾ നൽകിയത്. പൊലീസ് പറയുന്ന രീതിയിലോ സർക്കാർ പറയുന്ന രീതിയിലോ ആയിരുന്നു വാർത്തകൾ കൊടുത്തിരുന്നത്.

ഉദാഹരണത്തിന്, പൊലീസ് വെടിവയ്പ്പ് നടന്ന പിറ്റേ ദിവസം മനോരമയിൽ വന്ന ഹെഡ് ലൈൻ ന്യൂസ് പറയുന്നത്, മന്ത്രി മാണിയെയും മന്ത്രി കുഞ്ഞാലിക്കുട്ടിയെയും ഗോത്ര മഹാസഭക്കാർ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് ആന്ധ്രയിലെ മാവോയിസ്റ്റുകളാണ്, ഇതായിരുന്നു വാർത്ത. അപ്പോൾ ഇത്തരത്തിലുള്ള നിരവധി കഥകൾ പത്രക്കാർ പ്രചരിപ്പിച്ചിരുന്നു.

വസ്തുത എന്താണെന്ന് വെച്ചാൽ 2003 ജനുവരി രണ്ട്, മൂന്ന് തീയതികളിലായി ആദിവാസികൾ മുത്തങ്ങയിൽ വനമേഖല കൈയേറിയതിന് പിന്നാലെ ഒരു ദിവസം പോലും പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ആരെങ്കിലും വന്ന് സ്പോട്ടിൽ ഇൻവെസ്റ്റിഗേഷൻ നടത്തിയിട്ടില്ല.
ഇത് ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. സാധാരണ ഒരു സമരം ഉണ്ടാകുമ്പോൾ അവിടെ പൊലീസ് അന്വേഷണം നടക്കേണ്ടതാണ്.

നിൽപ്പ് സമരം

ഉദാഹരണത്തിന് 2016 ൽ ഞങ്ങൾ സെക്രട്ടറിയേറ്റിൽ നിൽപ്പ് സമരം നടത്തിയിരുന്നു. ആറ് മാസക്കാലം സമരം നടത്തി. ആ സമയത്ത് മൂന്ന് ദിവസം തുടർച്ചയായി പൊലീസ് ഇന്റലിജൻസിന്റെ ഡെപ്യുട്ടി ഉദ്യോഗസ്ഥർ വിശദമായി ഇത് പഠിക്കാനായി എത്തിയിരുന്നു. ഞങ്ങളോട് ചോദ്യങ്ങൾ ചോദിക്കുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തിരുന്നു. ഞങ്ങൾ അതുമായിട്ട് സഹകരിക്കുകയാണ് ചെയ്തത്. നിൽപ്പ് സമരത്തിന്റെ തൊട്ടുമുന്നിലാണ് സർക്കാർ ക്യാമറകളൊക്കെ വെച്ചത് അവിടെ നടക്കുന്നത് എന്താണെന്ന് സുതാര്യമാണ്. ആരൊക്കെ വന്നു എന്താണ് നടക്കുന്നത് എന്നെല്ലാം എല്ലാവർക്കും അറിയാൻ സാധുക്കുമായിരുന്നു.

അതേപോലെ തന്നെ സുതാര്യമായൊരു മേഖലയായിരുന്നു മുത്തങ്ങയും മീഡിയക്കാർ ഒരു പത്ത് പേരെങ്കിലും അവരുടെ ക്യാമറയുമായി അവിടെയുണ്ടായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ അവിടെ അൺ വാണ്ടഡ് ആളുകൾ അധികം കയറാതിരിക്കാൻ ഞങ്ങൾ ചെക് പോസ്റ്റുകൾ സ്ഥാപിച്ചിരുന്നു. എങ്കിലും ഗേറ്റിൽ നിൽക്കുന്ന ആദിവാസികളുടെ അറിവും സമ്മതത്തോടുംകൂടി അവരുടെ പേരും വിവരങ്ങളും എഴുതി നൽകി ആളുകളെ അകത്തേക്ക് കയറ്റിവിടുന്നുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റും അത്തരത്തിൽ ഒരു അനുവാദം വാങ്ങേണ്ട ആവശ്യവും ഇല്ലായിരുന്നു. വിശദമായ ഒരു പൊലീസ് റിപ്പോർട്ടിങ് അവിടെ നടന്നിരുന്നില്ല.

അപ്പോൾ അവർ എന്ത് അടിസ്ഥാനത്തിലാണ് ആരുടെ റിപ്പോർട്ടിന്മേലാണ് ഇങ്ങനെ പ്രചരിപ്പിച്ചതെന്ന് അറിയില്ല. അത് വസ്തുതയുമായി ബന്ധപ്പെട്ടതല്ല. മറിച്ച് സമരത്തിന് ഒരു ഭീകരവാദ മുഖമുണ്ടാക്കി അടിച്ചമർത്താൻ വേണ്ടി ചെയ്തതാണ്.

പൊലീസ് വെടിവെപ്പ് നടക്കുന്നതിന് അഞ്ച് ദിവസമോ ഒരാഴ്ച മുമ്പോ മനോരമയുടെ എഡിറ്റോറിയൽ പേജിൽ ഒരു ആർട്ടിക്കിൾ വന്നു. പ്രത്യക്ഷത്തിൽ കുഴപ്പമുണ്ടാകുമെന്ന് തോന്നാത്ത എന്നാൽ കുഴപ്പമുണ്ടാക്കുന്ന ആ ലേഖനത്തിന്റെ മെസേജ് ആദിവാസി ഗോത്രമഹാ സഭ സ്വയം ഭരണം പ്രഖ്യാപിക്കാൻ പോകുന്നുവെന്നായിരുന്നു. അപ്പോൾ ഭരണത്തിൽ നിന്നും വേറിട്ട് പോകാനുള്ള ഉദേശമാണെന്നും ഗോത്രമഹാസഭ സ്വതന്ത്ര ഭരണം നടത്താനുള്ള ഒരുക്കമാണെന്നുള്ള രീതിയിലായിരുന്നു വാർത്തകൾ വന്നത്.

വെടിവെപ്പ് കഴിഞ്ഞതിന് പിന്നാലെ സമരത്തിന് ഒരു ഭീകരവാദ മുഖം നൽകാനായി സമരത്തിൽ ഇല്ലാതിരുന്ന മാവോയിസ്റ്റ് ആക്ടിവിസ്റ്റുകളെ ഇവർ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി കണക്റ്റ് ചെയ്ത് കേസിൽ പെടുത്താനായി മൂന്ന് മാവോയിസ്റ്റുകളെ പലഘട്ടത്തിലായി അറസ്റ്റ് ചെയ്തു. ഒരാളെ പാലക്കാട് നിന്നായിരുന്നു പിടികൂടിയത്. ഇടക്കാലത്ത് സി.കെ ജാനുവിനെ മാപ്പുസാക്ഷിയാക്കി, ഗ്രോ വാസുവേട്ടനെയൊക്കെ പ്രതി ചേർത്ത് കേസിന്റെ ഗതി മാറ്റാനുള്ള ഒരു നീക്കം ഉണ്ടായിരുന്നു. മാവോയിസ്റ്റ് മുഖം ഉണ്ടാക്കുക എന്നത് സർക്കാർ മുത്തങ്ങ സമരത്തോട് നടത്തിയ മർദന രീതിയെ മറയ്ക്കാനുള്ള ഒരു എളുപ്പവഴിയാണല്ലോ.

ജിൻസി ഡേവിഡ്: നേരത്തെ ഉണ്ടായിരുന്നതിൽ നിന്നും വിഭിന്നമായി ആദിവാസി ഭൂസമരങ്ങൾ ഇപ്പോൾ കേരളത്തിൽ കുറയുന്നു അതിന് കാരണമെന്താണ്?

എം. ഗീതാനന്ദൻ: സമരങ്ങൾ ഇപ്പോഴും ഉണ്ട്. എന്നാൽ ഗോത്രമഹാസഭയുടെ അന്നത്തെ ലെവലിലുള്ള ഒരു പ്രവർത്തന സംവിധാനം അതിന് നിലവിലില്ല എന്നതാണ് ഒന്നാമത്തെ കാരണം. പല ഘടകങ്ങളുണ്ട്. ജാനു സംഘടനയിൽ നിലവിലില്ല എന്നതും ഒരു ഘടകമാണ്. അതുപോലെ 20 വർഷങ്ങൾ കഴിഞ്ഞപ്പോൾ ചിത്രങ്ങളെല്ലാം മാറി. സമരങ്ങൾ ഇനിയും നടക്കില്ല എന്ന് നമുക്ക് പറയാൻ കഴിയില്ല. മുത്തങ്ങ സമരം കഴിഞ്ഞ് 10 വർഷം കഴിഞ്ഞതിന് ശേഷമാണ് ആറ് മാസക്കാലം നീണ്ടുനിന്ന നിൽപ്പുസമരം നടക്കുകയും ആദിവാസികളുടെ പല പക്കേജുകളും നടപ്പാക്കിയെടുക്കുകയും ചെയ്തത്. അപ്പോൾ സമരങ്ങൾ ഇനിയും ഉണ്ടാകാം പക്ഷേ പഴയത് പോലെ ഏതെങ്കിലും ഒരു പീസ് ഓഫ് ലാൻഡിൽ എൻക്രൊച്ച് ചെയ്യുന്ന തരത്തിലുള്ള സമരം നടക്കണമെന്നില്ല.

അതുപോലെ സമരങ്ങൾ ഇനിയും പൊട്ടിപ്പുറപ്പെട്ട് വരും പിന്നെ ഈ ഒറ്റപ്പെട്ട കൊച്ചു കൊച്ചു സമരങ്ങൾക്ക് അതിജീവിക്കാൻ സാധിക്കില്ല. കാരണം സമരങ്ങളോട് സർക്കാർ എടുക്കുന്ന സമീപനം വളരെയധികം മോശമാണ്. നമ്മളൊരു ജനാധിപത്യപരമായ ചർച്ചകളിലേക്ക് എത്തിക്കാനാണല്ലോ സമരം നടത്തുന്നത്. അതേസമയം തന്നെ ഒരു സമരം വിജയിക്കണമെങ്കിൽ അത് കേൾക്കാൻ തയാറുള്ള അധികാരികൾ വേണം.

മുത്തങ്ങ സമരത്തിൽ അതിക്രമം നടന്നെങ്കിലും ആന്റണി സർക്കാർ ഞങ്ങളുമായിട്ട് ചുരുങ്ങിയത് ഒരു വർഷം പത്ത് അമ്പത് ചർച്ചകൾ നടത്തിയിട്ടുണ്ട്. ഈ നിൽപ്പ് സമരത്തിന്റെ കാര്യത്തിൽ ആറ് മാസത്തിനകം 28 ചർച്ചകൾ നടന്നു. നമ്മൾ സർക്കാരിന് പ്രൊപ്പോസൽസ് നൽകും, അതുപോലെ വിശദമായ ചർച്ചകൾ നടത്താനുള്ള പ്രാപ്തിയുള്ള വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത്തരം വ്യക്തിത്വങ്ങളെ സർക്കാർ കേൾക്കുന്നില്ല. ഇപ്പോഴത്തെ പിണറായി സർക്കാർ വന്നതിന് ശേഷം അഭിപ്രായങ്ങൾ പറയുന്ന വ്യക്തികളെ അവർ കേൾക്കുന്നില്ല. അവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നില്ല.

നമ്മൾ പറയുന്നത് കേൾക്കാൻ വിമുഖത കാണിക്കുന്ന ഒരു സംസ്ഥാനം ആണുള്ളതെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. കേന്ദ്രമാണെങ്കിലും ഇവിടെയാണെങ്കിലും വലിയ വ്യത്യാസം ഒന്നുമില്ല. ഭൂമി മുമ്പത്തേക്കാൾ കൂടുതൽ ഉണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്. ഭൂരഹിതർക്ക് ഭൂമി കൊടുക്കുക എന്നത് സർക്കാരിന്റെ പ്ലാനിലേ ഇല്ല.

ജിൻസി ഡേവിഡ്: അന്ന് ഗോത്രമഹാസഭ രൂപീകരിക്കാൻ താങ്കളോടൊപ്പം ഉണ്ടായിരുന്ന സി.കെ ജാനു ഇപ്പോൾ ബി.ജെ.പി അനുകൂലിയാണല്ലോ. ആദിവാസികളെ അധസ്ഥിത സമൂഹമായി മാത്രം കണക്കാക്കുന്ന ബി.ജെ.പിയെ സി.കെ ജാനുവിനെപ്പോലൊരു വ്യക്തിത്വം പിന്തുണക്കുന്നത് എങ്ങനെ നോക്കിക്കാണുന്നു?

എം. ഗീതാനന്ദൻ: ജാനുവിന്റെ ബി.ജെ.പിയിലേക്കുള്ള പോക്ക് ഒരു രീതിയിലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല. അതിൽ ഞാൻ പല തവണ അഭിപ്രായം പറഞ്ഞിട്ടുമുണ്ട്. ഒരർത്ഥത്തിൽ ജാനു ഒരുതരം പൊളിറ്റിക്കൽ ഫ്രസ്‌ട്രേഷൻ കൊണ്ട് പോയതാണ്. അന്ന് ആ ഒരു സമയത്ത് അതിലേക്ക് പോയിക്കഴിഞ്ഞാൽ ഒരു സ്വീകാര്യതയും പല വിഷയങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നുമുള്ള തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു ആ പോക്ക്.

ജാനുവിനെയൊക്കെ അവിടെ എത്തിക്കുന്നതിൽ വേറൊരർത്ഥത്തിൽ ഇടത്-വലത് മുന്നണികൾക്ക് നല്ല റോൾ ഉണ്ട്. റോളെന്നുവെച്ചാൽ, കേരളത്തിൽ ഇതുപോലെ പാർശ്വവത്കൃതരുടെ മാസ്സ് മൂവ്മെന്റുകളൊക്കെ വന്നാലും അവരെ പൊളിറ്റിക്കലി ഒരു പ്രഷർ ഗ്രൂപ്പ് എന്ന നിലയിൽ ഇടത്-വലത് മുന്നണികൾ അക്സപ്റ്റ് ചെയ്യാറില്ല. പ്രത്യേകിച്ചും സി.പി.ഐ.എമ്മിൽ. അതൊരു വലിയ പ്രശ്നമാണ്. മുളയിലേ ഇതിനെ തകർക്കുക എന്നുപറയുന്ന ഒരു നയമാണ് അവർ സ്വീകരിച്ചിരുന്നത്.

ഉദാഹരണത്തിന് ജാനു 90 കളിൽ 18 വയസുള്ളപ്പോൾ ആദിവാസി സമരം നടത്തി ആദിവാസി കോൺഫറൻസ് സംഗമത്തിന്റെ ചെയർപേഴ്സണായിരുന്നു. ഒരു രീതിയിലും ഈ മൂവ്മെന്റിനെ അംഗീകരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തയാറായിരുന്നില്ല. ജാനു ഭയങ്കരമായൊരു മാർകിസ്റ്റ് വിരുദ്ധത തുടക്കത്തിലേ കാണിച്ചിരുന്നു.

വിഷയം അതല്ല, മുത്തങ്ങ സമരത്തിന് മുമ്പ് 2001 മുതൽ തന്നെ നോക്കുകയാണെങ്കിൽ ഇതൊരു മാസ് മൂവ്മെന്റ് ആയി മാറുന്നത് കാണാം. ഏത് മുന്നണികൾ നോക്കുകയാണെങ്കിലും, മുന്നണിയിലെ ഘടകകക്ഷികളൊക്കെ നോക്കുന്നത് ഇവർ പ്രമാണിമാരാണോ സുരേഷ്‌ ഗോപി പറഞ്ഞത് പോലെ ഉന്നത കുലജാതനാണോ മാടമ്പിമാരാണോ എന്നൊക്കെയാണ്.

കെ.ബാലകൃഷ്ണ പിള്ള, എം.ബി രാഘവൻ അങ്ങനെ നിരവധി ആളുകളെ നമുക്ക് കാണാൻ പറ്റും. അവരെയൊക്കെ പെട്ടന്ന് മുന്നണിയിലേക്ക് എടുക്കും. അതിന്റെ ഒരു കാരണം അവർ പ്രതിനിധീകരിക്കുന്ന ജാതിയോ മതമോ ആണ്. ആ കമ്യൂണിറ്റിയിൽ കാണിക്കാനുള്ള ഒരു ആളായിരിക്കും അത്. പി.സി ജോർജ് വെറും 10,000 വോട്ട് മാത്രം കിട്ടുന്ന ഒരാളായി വർഷങ്ങളോളം കേരള രാഷ്ട്രീയത്തിൽ നിലനിന്നു.

ഇപ്പോൾ പി.വി അൻവറിന് മുന്നണിയിലേക്ക് കയറാൻ കഴിയുന്നില്ല എന്നേ ഉള്ളു കയറിക്കഴിഞ്ഞാൽ അൻവർ ഒരു പ്രമാണിയായിരിക്കും. കാരണം യു.ഡി.എഫിൽ ഉള്ള ചെറിയ തർക്കങ്ങൾ കൊണ്ട് മാത്രമാണ് അയാൾ മത്സരിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലത്തിൽ അയാൾക്ക് കയറാൻ സാധിക്കാത്തത്.

ഉദാഹരങ്ങൾ പറഞ്ഞുവെന്നേയുള്ളു. ഒരു മാസ് മൂവ്മെന്റിന്റെ പിൻബലത്തോടെ ദളിതരോ ആദിവാസികളോ വന്നാലും അവരെ മുന്നണിയിലേക്ക് പ്രവേശിപ്പിക്കാൻ ഇവർ സമ്മതിക്കില്ല അതാണ് പ്രശ്നം. കേരളത്തിൽ ബഹുസ്വരതയുള്ള വിവിധജാതി മത വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന മുന്നണി സംവിധാനങ്ങളാണ് ഉള്ളതെങ്കിലും ഈ വിഭാഗങ്ങളോട് അവർക്ക് ജാതീയവും വംശീയവുമായ ഒരു വിരോധം ഉണ്ട്. അവരെ പ്രവേശിക്കാൻ ആ മുന്നണികൾ അനുവദിക്കില്ല.

മുത്തങ്ങ സമരത്തിന് ശേഷം ജാനുവിന് ഒരു ടിക്കറ്റ് കൊടുക്കാൻ കെ.പി.സി.സിയിൽ ഒരു നിർദേശം വന്നിരുന്നു. രണ്ട് നിയമസഭാ മണ്ഡലം ഉണ്ടല്ലോ. ഉടനെ കെ.പി.സി.സിയിൽ നിന്ന് തന്നെ അതിനെതിരെ ജാനുവിന് ടിക്കറ്റ് കൊടുക്കരുതെന്ന് പറഞ്ഞുകൊണ്ട് പ്രസ്താവന വന്നു. അതാണ് പ്രശ്നം.

അവരുടെ അനുചരന്മാരായിട്ടോ അല്ലെങ്കിൽ അവർ പറയുന്ന സ്ഥലത്ത് ഒപ്പിട്ട് കൊടുക്കുന്നവരായിട്ടോ ഉള്ളവർക്കേ മുന്നണി രാഷ്ട്രീയത്തിൽ സാധാരണ നിലനിൽപ്പുള്ളൂ. ജാനുവിനെ പോലെ തങ്ങളുടെ മൗലികമായ അവകാശങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്ന വ്യക്തികളെ അവർ അടുപ്പിക്കില്ല.

സി.കെ ജാനു

സംവരണ സീറ്റുകളിലൊക്കെയും തന്നെ വാ തുറക്കാത്ത ആളുകളാണല്ലോ. ഇതാണ് പ്രശ്നം. ഇപ്പോൾ സുരേഷ് ഗോപിക്കൊക്കെ സിനിമാനടൻ അല്ലാതെ ഒരുതരത്തിലുമുള്ള പൊളിറ്റിക്കൽ പാരമ്പര്യം ഇല്ലെങ്കിലും അവരെ അംഗീകരിക്കുന്നില്ലേ. പക്ഷേ ജാനുവിനെ ഒരു പാർട്ടിയും അംഗീകരിക്കില്ല.

ഭരണഘടനയുടെ എ,ബി,സി,ഡി അറിയാത്തവരാണ് പല കക്ഷികളും. അവരുടെയൊക്കെയും പൊളിറ്റിക്കൽ അക്സപ്റ്റൻസ് എന്ന് പറയുന്നത് ജാതിമത കോമ്പിനേഷനുകളാണ്. ജാനുവിന് അങ്ങനെയൊരു സ്വീകാര്യത കിട്ടിയിട്ടില്ല. ജാനു പറയുന്നത് എനിക്ക് ആദ്യമായി ഇങ്ങോട്ട് വിളിച്ച് ഒരു നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്യുന്നത് ബി.ജെ.പി ആണെന്നാണ്.

അതിനുത്തരവാദി ഇവരാണ്. അവരെ ചവിട്ടിപ്പുറത്താക്കി ബി.ജെ.പിയിലെത്തിച്ചു എന്നതാണ് വാസ്തവം. ജാനു ബി.ജെ.പിയിൽ പോയതിന് ന്യായീകരിക്കുന്നില്ല. പക്ഷേ പോകുന്നതിന്റെ ഒരു കാരണം, രാഷ്ട്രീയമായ ഒരു പതനം ആണെന്ന് പറയാം. അതിന്റെ ഉത്തരവാദികൾ ഇവിടുത്തെ മതേതര പ്രസ്ഥാനങ്ങളാണ്, മതേതര പാർട്ടികളാണ്. ജാനു പോയതുകൊണ്ട് ഗോത്രമഹാ സഭ അസ്തമിച്ച് പോയിട്ടൊന്നും ഇല്ല. അതിന്റെ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ജാനു മാത്രമല്ല അതിൽ ഉള്ളത്. ലോകം അറിയപ്പെടുന്ന അതിന്റെ ഒരു നേതാവ് പോയത് അതിനെ ബാധിച്ചു എന്നത് ശരിയാണ്. പക്ഷേ പുതിയ ഒരു നേതൃനിര അവിടെയുണ്ട്.

ജിൻസി ഡേവിഡ്: നരിവേട്ട സിനിമ കണ്ടിരുന്നോ? സിനിമ സമരത്തോട് എത്രമാത്രം നീതി പുലർത്തിയെന്നാണ് തോന്നുന്നത്?

എം. ഗീതാനന്ദൻ: സമരത്തിന്റെ ഒരു ചരിത്രപരതയോട് നീതി പുലർത്തിയിട്ടില്ല എന്ന് പറയാനാവില്ല. പക്ഷേ സിനിമ പൂർണമായും ഒരു ഫിക്ഷനാണ്, ഒരു സാങ്കല്പിക സൃഷ്ടിയാണ്. സാങ്കല്പിക സൃഷ്ടി എന്ന് പറയുമ്പോൾ സിനിമ മുഴുവൻ വർഗീസ് എന്ന ഒരു യുവാവിനെ കേന്ദ്രീകരിച്ചിട്ടാണ്. പിന്നീട് മുത്തങ്ങ പോലുള്ള ഒരു സമരവുമായി ഇന്ററാക്റ്റ് ചെയ്യേണ്ടി വരുന്നിരുന്ന അയാളുടെ മുന്നിൽ ഭരണകൂട തീവ്രത എക്സ്പോസ് ചെയ്യപ്പെടുന്നു.

ഒരു പൊലീസുകാരനിലൂടെ ഇത് നോക്കി കാണുന്നു എന്നതിലുള്ള കാഴ്ചയുടെ പരിമിതി സിനിമക്കുണ്ട്. കാഴ്ചയുടെ പരിമിതി എന്നത് കൊണ്ട് അർത്ഥമാക്കുന്നത് കഥാപാത്രത്തിന്റെ പരിമിതിയും സംവിധായകന്റെയും സ്ക്രിപ്റ്റ് റൈറ്ററുടെ പരിമിതിയുമാണ്.

സിനിമയുടെ അവസാനം ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലോടുകൂടിയാണ് ആദിവാസികൾക്ക് ഒരു വിമോചനത്തിന്റെ സാധ്യത കിട്ടുന്നത്. ഒപ്പം ജാനുവിനെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രം തന്നെ ലോക്കപ്പിൽ കിടന്ന് പറയുന്നത് പോലും സാറത് വെളിപ്പെടുത്തിയാലേ ഞങ്ങൾക്ക് രക്ഷയുള്ളൂ എന്നാണ്.

ഒരു ഡോക്ക്യൂമെന്ററി പോലെ ചരിത്രം പറയുന്നതല്ല സിനിമ എന്നറിയാം. എങ്കിലും ആ ഒരു ചരിത്രത്തിന്റെ വ്യാപ്തി അഞ്ച് മിനിട്ടാണെങ്കിലും സിനിമയിൽ പ്രകടിപ്പിക്കേണ്ടതുണ്ട്. അത് കഴിയാതെ പോയി. വനമേഖലയുടെ ഒരു ബോർഡർ ഏരിയയിൽ പട്ടികജാതി വിഭാഗക്കാർ കുടിൽകെട്ടി സമരം ചെയ്യുന്നു, മറുവശത്തു ഒരു വേലിക്കപ്പുറത്ത് പൊലീസ് ഉണ്ട്. അവർ തമ്മിലുള്ള സംഘർഷം പോലെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരു വേലിക്കപ്പുറവും ഇപ്പുറത് നിന്നും പറയുന്ന ഡയലോഗുകൾ മാത്രമായ സമരമല്ലായിരുന്നു മുത്തങ്ങ സമരം.

എം. ഗീതാനന്ദൻ

കേരളത്തിൽ മുഴുവൻ പടർന്ന് പന്തലിച്ച് വന്നിരുന്ന ഒരു കമ്യൂണിറ്റി ഉണർവായിരുന്നു ആ സമരം. വലിയൊരു ഭൂപ്രദേശത്ത് മരങ്ങളും താഴ്വരകളുമുള്ള വലിയ സെറ്റിൽമെന്റുകൾ ഉണ്ടായിരുന്നു അവിടെ. അത്രയും വ്യാപ്തിയുള്ള സമരമുഖമായിരുന്നു അത്.

വളരെ മെച്യൂരിറ്റിയുള്ള സർക്കാരുമായി ചർച്ചകൾ നടത്തുന്ന അവകാശബോധമുള്ള ആളുകളായിരുന്നു അവിടെയുണ്ടായിരുന്നവർ. സിനിമയിൽ അത്തരം രീതിയിലല്ല അവരെ ചിത്രീകരിച്ചിരിക്കുന്നത്. രണ്ടേ രണ്ട് കഥാപാത്രങ്ങളിലൂടെയൊന്നും തന്നെ അത് കാണിക്കാനാവില്ല. നായകനായ കഥാപാത്രം അടക്ക പെറുക്കുകയും അത് വഴി മർദനമേൽക്കുകയും കുറ്റവാളിയാക്കപ്പെടുകയും ചെയ്യുകയും പിന്നാലെ തിരിച്ചറിവ് നേടുന്നത് പോലെയുള്ള സംഭവങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്.

യഥാർത്ഥത്തിലെ ലീഡിങ് കഥാപാത്രങ്ങളൊക്കെ കുറച്ച് കൂടി പൊളിറ്റിക്കലി മെച്വർഡ് ആണ്. അവർക്കറിയാം എന്താണ് ഭരണഘടന, എന്താണ് തങ്ങളുടെ അവകാശം എന്നെല്ലാം. ശരിക്കും മുത്തങ്ങ സമരം അടിച്ചമർത്തപ്പെടുന്നത് ഉന്നതതല ആസൂത്രണത്തിന്റെ ഭാഗമായാണ്. എന്നാൽ സിനിമയിൽ അത് ഒരു വേലിക്കപ്പുറത്തും ഇപ്പുറത്തും ഉണ്ടായ തർക്കത്തിൽ ഒരു മന്ത്രി അവിടെ വരുന്നു അപ്പുറം ഒരു പൊലീസുകാരൻ നിൽക്കുന്നു എന്ന തലത്തിൽ യഥാർത്ഥ സംഭവത്തിന്റെ വ്യാപ്തിയെ ചുരുക്കി കളയുന്നു. കൂടാതെ കുഴപ്പമുണ്ടാക്കുന്നത് പുറത്ത് നിന്നുള്ള മറ്റാരോ ആണെന്ന ഒരു ധാരണകൂടി ചിത്രം ഉണ്ടാക്കുന്നുണ്ട് ചിത്രം. എങ്കിലും മൊത്തത്തിൽ സിനിമ വലിയ കുഴപ്പമൊന്നുമില്ല.

Content Highlight: Long conversation with M. Geethanandan on the history of the Muthanga struggle

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more