| Tuesday, 27th May 2025, 1:30 pm

ഇതിഹാസങ്ങളെ വെട്ടിയ മെസി മാജിക്ക്; സ്വന്തമാക്കിയത് മഴവില്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ലയണല്‍ മെസി. നിലവില്‍ എം.എല്‍.എസില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി മുന്നേറുകയാണ് മെസി. മെയ് 25ന് ഫിലാഡെല്‍ഫിയയ്‌ക്കെതിരായ മത്സരത്തില്‍ മെസി ഇന്റര്‍മയാമിക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു. മത്സരത്തില്‍ ഇരുവരും മൂന്ന് ഗോള്‍ വീതം നേടി സമനിലയാകുകയായിരുന്നു.

ഫിലാഡെല്‍ഫിയയ്ക്ക് വേണ്ടി ക്വിന്ന് സല്ലിവന്‍ ഏഴാം മിനിട്ടില്‍ ഗോള്‍ നേടിയപ്പോള്‍ ടൈ ബാര്‍ബിയോ 44ാം മിനിട്ടിലും 72ാം മിനിട്ടിലും ഇരട്ടഗോള്‍ നേടി. മയാമിക്ക് വേണ്ടി ടെഡിയോ അലെന്‍ഡി 60ാം മിനിട്ടിലും മെസി 87ാം മിനിട്ടിലും ടെലാസ്‌കോ സെഗോവിയ 95ാം മിനിട്ടിലുമാണ് മിന്നും ഗോള്‍ നേടിയത്.

കിടിലന്‍ ഫ്രീകിക്കിലൂടെയാണ് മെസിയുടെ ഗോള്‍ പിറന്നത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കയിരിക്കുകയാണ് മെസി. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഫ്രീകിക്കിലൂടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം മൂന്നാമത്തെ താരമാകാനാണ് മെസിക്ക് സാധിച്ചത്.

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഫ്രീകിക്കിലൂടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം, ഗോള്‍

ജുനിഞ്ഞോ (ബ്രസീല്‍) – 77

പെലെ (ബ്രസീല്‍) – 70

ലയണല്‍ മെസി (അര്‍ജന്റീന) – 67

റൊണാള്‍ഡീഞ്ഞോ (ബ്രസീല്‍) – 66

വിക്ടര്‍ ലെഗ്രോട്ടാഗ്ലി (അര്‍ജന്റീന) – 66

ഡേവിഡ് ബെക്കാം (ഇംഗ്ലണ്ട്) – 65

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍) – 64

സിക്കോ (ബ്രസീല്‍) – 62

ഡീഗോ മറഡോണ (അര്‍ജന്റീന) – 62

റോജേരിയോ സെനി (ബ്രസീല്‍) – 61

നിലവില്‍ ഫുട്‌ബോള്‍ കരിയറില്‍ 860 ഗോളുകള്‍ നേടിയാണ് മെസി മുന്നോട്ട് കുതിക്കുന്നത്. മാത്രമല്ല ഫുട്‌ബോള്‍ ലോകത്ത് താരം സ്വന്തമാക്കാന്‍ ഇനി ഒരു പ്രധാന കിരീടങ്ങളും ബഹുമതികളും ബാക്കിയില്ല. ലോകകപ്പ് മുതല്‍ ബാലണ്‍ ഡി ഓര്‍ വരെ നീളുന്ന മെസിയുടെ മാജിക്കല്‍ കരിയര്‍ അതിന്റെ അവസാന ഘട്ടങ്ങളിലാണ്. 2026 ഫിഫ ലോകകപ്പില്‍ താരം ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.

അതേസമയം മെസിയുടെ ശക്തനായ എതിരാളി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ കരിയറില്‍ എറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയ താരം എന്ന റെക്കോഡ് നേടിയാണ് മുന്നേറുന്നത്.

മാത്രമല്ല സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടി കളിച്ച താരം ക്ലബ്ബ് വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലൂടെയാണ് റോണോ ഈ കാര്യം അറിയിച്ചത്. മാത്രമല്ല സീസണ്‍ അവസാനിക്കുന്നതോടെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനും റോണോയ്ക്ക് സാധിച്ചു.

Content Highlight: Lonel Messi Achieve Great Record In Football History

We use cookies to give you the best possible experience. Learn more