| Thursday, 4th April 2019, 12:00 pm

സ്ഥാനാര്‍ഥികളില്ലാതെ ആര്‍.എം.പി.ഐ; നിലപാട് വ്യക്തമാക്കിയതു വടകരയില്‍ മാത്രം: കഴിഞ്ഞതവണ മത്സരിച്ചത് ഏഴു മണ്ഡലങ്ങളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍.എം.പി.ഐ) നിലപാട് വ്യക്തമാക്കിയതു വടകര മണ്ഡലത്തില്‍ മാത്രം. ഇവിടെ യു.ഡി.എഫിനു നിരുപാധിക പിന്തുണയാണ് ആര്‍.എം.പി.ഐ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നു സംസ്ഥാന സെക്രട്ടറി എന്‍. വേണു നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം ബാക്കി മണ്ഡലങ്ങളിലെ നിലപാട് പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടങ്ങളിലെ ചിത്രം വ്യക്തമായതിനുശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നാണ് പാര്‍ട്ടി നിലപാട്.

Read Also : നോട്ട് നിരോധിച്ച വര്‍ഷം 88 ലക്ഷം പേര്‍ നികുതി അടക്കുന്നത് നിര്‍ത്തിവെച്ചെന്ന് റിപ്പോര്‍ട്ട്; പൊളിഞ്ഞത് നികുതിദായകരുടെ എണ്ണം വര്‍ധിച്ചുവെന്ന കേന്ദ്ര വാദം

അതേസമയം വടകരയില്‍ ബൂത്തുതലം മുതല്‍ യു.ഡി.എഫിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ആര്‍.എം.പി.ഐ വ്യക്തമാക്കിയിരുന്നു.
നേരത്തേ വടകരയുള്‍പ്പെടെ നാലു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആര്‍.എം.പി.ഐ തീരുമാനിച്ചിരുന്നു. കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍ എന്നിവയാണു മണ്ഡലങ്ങള്‍. എന്നാല്‍ വടകരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ച് യു.ഡി.എഫിനു പിന്തുണ നല്‍കാന്‍ തീരുമാനിച്ചതോടെ ബാക്കി മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള തീരുമാനവും പിന്‍വലിക്കുകയായിരുന്നു.

2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളില്‍നിന്ന് ആര്‍.എം.പി.ഐ ജനവിധി തേടിയിരുന്നു. വടകരയില്‍നിന്നു മത്സരിച്ച അഡ്വ. കുമാരന്‍കുട്ടി 17,229 വോട്ടാണു നേടിയത്. കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, ആറ്റിങ്ങല്‍, ആലത്തൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളായിരുന്നു ആര്‍.എം.പി.ഐ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ മറ്റു മണ്ഡലങ്ങള്‍.

Latest Stories

We use cookies to give you the best possible experience. Learn more