| Friday, 13th December 2013, 1:51 pm

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: അഴിമതിക്കെതിരായ ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി വി.നാരായണ സ്വാമിയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

അതേസമയം ബില്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയുണ്ടായ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ 2.30വരെ നിര്‍ത്തിവച്ചു.

തിങ്കളാഴ്ച്ച മാത്രേമ ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കൂ. ആറ് മണിക്കൂറാണ് ബില്ലിന്റെ ചര്‍ച്ചക്കായി മാറ്റി വച്ചിരിക്കുന്നത്.

സെലക്ട് കമ്മിറ്റി നിര്‍ദ്ദേശിച്ച രണ്ട് ഭേദഗതികള്‍ ഒഴിവാക്കിയാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ലോക്‌സഭ നേരത്തെ പാസാക്കിയ ബില്‍ രാജ്യസഭയുടെ പരിഗണനക്ക് വന്നിരുന്നെങ്കിലും സഭയിലെ നിരവധി അംഗങ്ങള്‍ ഭേദഗതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് ബില്‍ സിലക്ട് കമ്മിറ്റിയിലേക്ക് വിടുകയും ഒടുവില്‍ സിലക്ട് കമ്മിറ്റിയുടെ ശുപാര്‍ശയോടെ ബില്‍ രാജ്യസഭയില്‍ ചര്‍ച്ചക്ക് വരികയുമായിരുന്നു.

ബില്‍ രാജ്യസഭ പാസാക്കിയാലും നിരവധി ഭേദഗതികള്‍ വരുത്തിയതിനാല്‍ വീണ്ടും ലോക്‌സഭയുടെ അംഗീകാരം തേടേണ്ടിവരും.

ബഹളമുണ്ടായാലും വെള്ളിയാഴ്ച്ച രാജ്യസഭയില്‍ ബില്‍ പാസാക്കി തിങ്കളാഴ്ച്ച ലോക്‌സഭക്ക് അംഗീകാരത്തിനായി അയക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ച്ച ബില്‍ പാസാക്കണമെന്നും സിലക്ട് കമ്മിറ്റി മുന്നോട്ടുവച്ച ഭേദഗതികളില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

ജനലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട് അണ്ണാ ഹസാരെ വീണ്ടും സമരം തുടങ്ങിയ സാഹചര്യത്തിലാണ് ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2011 ഡിസംബറില്‍ ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭ പരിഗണിച്ചിരുന്നു. എന്നാല്‍ ശീതകാല സമ്മേളനം അവസാനിക്കാറായതിനാല്‍ അന്ന് ബില്‍ പാസാക്കാനായില്ല.

We use cookies to give you the best possible experience. Learn more