| Friday, 30th June 2017, 5:24 pm

ലോകനാഥ് ബെഹ്‌റ പൊലീസ് മേധാവിയായി ചുമതലയേറ്റു; സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് സെന്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അധികാരമേറ്റു. സ്ഥാനമൊഴിഞ്ഞ ഡി.ജി.പി ടി.പി. സെന്‍കുമാറില്‍നിന്നുമാണ് ബെഹ്റ അധികാരമേറ്റത്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിയമപരമായ ചടങ്ങുകളോടെയാണ് സെന്‍കുമാറില്‍ നിന്ന് ബെഹ്‌റയുടെ സ്ഥാനാരോഹണം.


Also read ജി.എസ്.ടിയുടെ പൂര്‍ണ രൂപം അറിയില്ല; ബോധവത്കരണത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കുടുങ്ങി യോഗിയുടെ മന്ത്രി; വീഡിയോ


നേരത്തെ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സെന്‍കുമാറില്‍ നിന്ന് ബെഹ്‌റ സ്ഥാനമേറ്റെടുത്തിരുന്നെങ്കിലും അന്ന് ഔദ്യോഗികമായി സ്ഥാനകൈമാറ്റ ചടങ്ങുകളിലൊന്നും സെന്‍കുമാര്‍ പങ്കെടുത്തിരുന്നില്ല. കോടതി വിധിയുടെ പിന്‍ബലത്തില്‍ കസേരയില്‍ തിരികെയെത്തിയ സെന്‍കുമാര്‍ തന്റെ സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കിയാണ് പടിയിറങ്ങുന്നത്.

പൊലീസ് ആസ്ഥാനത്ത് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങിയ ബെഹ്‌റ ഓഫീസില്‍ എത്തി രേഖകളില്‍ ഒപ്പുവച്ചാണ് അധികാരമേറ്റത്. ബെഹ്റയെ സംസ്ഥാന പൊലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.


Dont miss ‘മുസ്‌ലിം പെണ്‍കുട്ടികളെയെല്ലാം റേപ് ചെയ്ത് അവര്‍ക്ക് കുട്ടികളെ ഉണ്ടാക്കണം’; ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് മലയാളി


എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2016 മേയ് 31നാണ് ടി.പി. സെന്‍കുമാറിനെ പുറത്താക്കി ലോക്നാഥ് ബെഹ്റയെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചത്. ഇതിനെ ചോദ്യംചെയ്തു സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അദ്ദേഹത്തെ സ്ഥാനത്ത് പുന:നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

പിന്നീട് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മേയ് ആറിനാണ് സെന്‍കുമാര്‍ പൊലീസ് മേധാവിയായി വീണ്ടും ചുമതലയേല്‍ക്കുന്നത്. സന്തോഷത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്നും ഭാവി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും ടി.പി സെന്‍കുമാര്‍ പ്രതികരിച്ചു. “പടിയിറങ്ങുമ്പോള്‍ സമ്മിശ്രവികാരമാണ് ഉള്ളത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്ന് ഉണ്ടായിരുന്നു. എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more