| Friday, 29th May 2026, 7:17 am

ആമിര്‍ ഖാനെ വിളിച്ചുവരുത്തി കോമാളിയാക്കിയതിന്റെ 'കൂലി' മലയാളത്തില്‍ നിന്ന് കിട്ടി, കാട്ടാളനില്‍ ലോകേഷിന്റെ കാമിയോക്ക് വിമര്‍ശനം

അമര്‍നാഥ് എം.

വന്‍ ഹൈപ്പിലെത്തി പ്രേക്ഷകരെ പാടെ നിരാശപ്പെടുത്തിയ ചിത്രമായി മാറിയിരിക്കുകയാണ് കാട്ടാളന്‍. ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒരു തരത്തിലും പ്രേക്ഷകരുമായി കണക്ടാകാതെ പോവുകയായിരുന്നു. ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രം യാതൊരു ത്രില്ലുമില്ലാത്ത സിനിമാനുഭവമാണ് സമ്മാനിച്ചത്.

100 കോടി നേടിയ മാര്‍ക്കോയ്ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സ് ഒരുക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ചര്‍ച്ചയായിരുന്നു. റിലീസാകുന്നതിന്റെ തലേദിവസം ചിത്രത്തില്‍ ചില സര്‍പ്രൈസുകളുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ഇതോടെ കാട്ടാളനിലെത്തുന്ന കാമിയോ ആരാണെന്ന് ചര്‍ച്ചകളും ആരംഭിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേട്ടത്.

കാട്ടാളന്‍ Photo: Theatrical poster

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ കൊണ്ടുവന്നത് ലോകേഷ് കനകരാജിനെയായിരുന്നു. കാബ്രല്‍ ഹെതര്‍ 616 എന്ന കള്ളക്കടത്ത് സിന്‍ഡിക്കേറ്റിന്റെ തലവനായ ലിയോ കബ്രാല്‍ എന്ന കഥാപാത്രമായാണ് ലോകേഷ് പ്രത്യക്ഷപ്പെട്ടത്. വെറും അഞ്ച് മിനിറ്റ് മാത്രമുള്ള വേഷം ഒരു ഇംപാക്ടും ചിത്രത്തിലുണ്ടാക്കിയില്ല.

ഇതോടെ ലോകേഷിന്റെ ഗസ്റ്റ് റോളിനെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലോകേഷ് ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത കൂലിയില്‍ ആമിര്‍ ഖാന്റെ കാമിയോയുമായി പലരും ലിയോ കബ്രാളിനെ താരതമ്യം ചെയ്യുകയാണ്. രജിനികാന്ത്, നാഗാര്‍ജുന, ഉപേന്ദ്ര എന്നിവര്‍ക്കൊപ്പം ആമിര്‍ ഖാനും കൂടി എത്തുമെന്നറിഞ്ഞപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍ ദാഹ എന്ന കഥാപാത്രം സിനിമയില്‍ ഒരു ഇംപാക്ടുമുണ്ടാക്കിയില്ല.

വന്‍ ഹൈപ്പില്‍ കൊണ്ടുവന്ന ദാഹ കോമാളിയായെന്നായിരുന്നു പലരുടെയും വിമര്‍ശനം. രജിനികാന്തിനൊപ്പം ബീഡി വലിക്കാന്‍ വേണ്ടി മാത്രം ആമിര്‍ ഖാനെ കൊണ്ടുവന്നെന്നും കമന്റുകളുണ്ടായിരുന്നു. ഇപ്പോഴിതാ അതേ വിമര്‍ശനം ലോകേഷിന്റെ അതിഥിവേഷത്തിനും ലഭിക്കുകയാണ്. പ്രകടനം കൊണ്ട് ലോകേഷ് പ്രേക്ഷകരെ വെറുപ്പിച്ചില്ല എന്നത് മാത്രമാണ് ആശ്വാസം.

ക്യാമറക്ക് പിന്നില്‍ മാത്രം നിന്ന ലോകേഷിന്റെ മോളിവുഡ് എന്‍ട്രി കൂടിയാണ് കാട്ടാളന്‍. നായകനായി അഭിനയിക്കുന്ന ഡി.സി റിലീസിന് തയാറെടുക്കുകയാണ്. ഡി.സിക്ക് മുമ്പ് കാട്ടാളനില്‍ ഇത്തരമൊരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് ലോകേഷിന് ക്ഷീണം വരുത്തുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Lokesh’s cameo in Kattalan movie getting criticisms

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more