| Monday, 18th August 2025, 1:25 pm

കഴിവ് കണ്ട് എനിക്ക് അസൂയ തോന്നിയ ഒരേയൊരു വ്യക്തി അദ്ദേഹം: ലോകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയിലെ മികച്ച യുവസംവിധായകരില്‍ ഒരാളാണ് മഡോണ്‍ അശ്വിന്‍. 2021ല്‍ പുറത്തിറങ്ങിയ മണ്ടേല എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്ക് അരങ്ങേറുന്നത്. എന്നാല്‍ ആദ്യ ചിത്രത്തിന് മുമ്പ് തന്നെ ഷോര്‍ട്ട് ഫിലിമിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കാന്‍ മഡോണ്‍ അശ്വിന് കഴിഞ്ഞിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ ധര്‍മം എന്ന ഷോര്‍ട്ട് ഫിലിമിനാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചത്.

മണ്ടേലയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സിനിമയുടെ തിരക്കഥയ്ക്കും അവാര്‍ഡ് നേട്ടമുണ്ട്. മണ്ടേലക്ക് ശേഷം മഡോണ്‍ അശ്വിന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാവീരന്‍.

ഇപ്പോള്‍ മഡോണ്‍ അശ്വിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. മഡോണ്‍ അശ്വിന്റെ കഴിവ് കണ്ട് തനിക്ക് സൗഹൃദപരമായ അസൂയ തോന്നിയിട്ടുണ്ടെന്ന് ലോകേഷ് പറയുന്നു. ഒരു കാര്യത്തെ കൃത്യതയോടെയും വ്യക്തവുമായി അവതരിപ്പിക്കുന്നതില്‍ മഡോണ്‍ അശ്വിന്‍ യാതൊരുവിധത്തിലുമുള്ള കോമ്പ്രമൈസ് നടത്താറില്ലെന്ന് ലോകേഷ് പറഞ്ഞു.

‘മണ്ടേല എന്ന സിനിമക്ക് വേണ്ടി അദ്ദേഹം പത്ത് വര്ഷത്തോളമാണ് കാത്തിരുന്നത്. ഞാന്‍ ഒട്ടും ക്ഷമയില്ലാത്തവനാണ്. എനിക്ക് അത്രയും വര്‍ഷമൊന്നും ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ആ ക്ഷമയെ സമ്മതിച്ച് കൊടുത്ത മതിയാകു. ക്ലാസിലെ പഠിപ്പിസ്റ്റ് എങ്ങനെയാണോ അതുപോലെയാണ് മഡോണ്‍ അശ്വിനും,’ ലോകേഷ് കനകരാജ് പറഞ്ഞു.

തങ്ങള്‍ എല്ലാവരും ഷോര്‍ട്ട് ഫിലിം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോള്‍ തന്നെ മഡോണ്‍ അശ്വിന്‍ ഷോര്‍ട്ട് ഫിലിം ചെയ്ത് നാഷണല്‍ അവാര്‍ഡ് വാങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.

താനും മഡോണും കോളേജ് കാലം മുതല്‍ സുഹൃത്തുക്കളാണെന്നും ലോകേഷ് പറഞ്ഞിരുന്നു. പഠനത്തില്‍ വളരെ മുന്നില്‍ നില്‍ക്കുമ്പോഴും സിനിമയോട് ഒരുപാട് പാഷനുള്ള ആളായിരുന്നു അദ്ദേഹം. മഡോണ്‍ അശ്വിന് മുമ്പ് താന്‍ ആദ്യ സിനിമ ചെയ്തെന്നും എന്നാല്‍ ഒരു സിനിമക്ക് വേണ്ടി പത്ത് വര്‍ഷത്തോളം അയാള്‍ പ്രയത്നിച്ചെന്നും ലോകേഷ് പറഞ്ഞു.

Content Highlight: Lokesh Kanakaraj Talks About Madonne Ashwin

We use cookies to give you the best possible experience. Learn more