| Monday, 26th January 2026, 5:49 pm

അവര്‍ക്ക് വേണ്ടത് ഹൃദയഹാരിയായ ചിത്രമായിരുന്നു; രജിനി-കമല്‍ പ്രൊജക്ടില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ച് ലോകേഷ് കനകരാജ്

അശ്വിന്‍ രാജേന്ദ്രന്‍

സമീപകാലത്ത് സിനിമാ ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ചിത്രത്തിലെ നായകനടന്‍ ആരാണെന്ന് നോക്കി ടിക്കറ്റെടുത്തിരുന്ന സ്ഥിതിയില്‍ നിന്നും സംവിധായകന്റെ പേര് നോക്കി പ്രേക്ഷകരെ കൊണ്ട് ടിക്കറ്റെടുപ്പിക്കുന്ന വിധത്തില്‍ തമിഴ് സിനിമയില്‍ ലോകേഷ് സ്വാധീനം ചെലുത്തിയിരുന്നു.

Photo: OTT Play/ x.com

ഇന്ത്യന്‍ സിനിമയിലെ തന്നെ അതികായരായ കമല്‍ ഹാസനെയും രജിനികാന്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന തലൈവര്‍ 173 ചിത്രം സംവിധാനം ചെയ്യുക ലോകേഷായിരിക്കും എന്ന വിധത്തില്‍ നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പിന്നീട് ലോകേഷ് ചിത്രത്തില്‍ നിന്നും പിന്മാറിയതായും സിബി ചക്രവര്‍ത്തിയായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നും അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നു.

ഇതിന് പിന്നാലെ ഒരുപാട് അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. രജിനിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത കൂലിയുടെ പരാജയമാണ് ലോകേഷിനെ തലൈവര്‍ 173 ല്‍ നിന്നും മാറ്റാന്‍ കാരണമെന്നടക്കം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കൊണ്ട് വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ലോകേഷ്.

കൂലിക്ക് ശേഷം ഇരുവര്‍ക്കും വേണ്ടി സംവിധാനം ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചതായും വിവരം അറിഞ്ഞയുടനെ ഇതുപോലെ ഒരവസരം ഇനിയൊരിക്കലും ലഭിക്കില്ലെന്നതിനാല്‍ കൈതി 2 വിന്റെ ടീമിനോട് സംസാരിച്ച് ചിത്രത്തിനുവേണ്ടി സമയം കണ്ടെത്തിയതായും ലോകേഷ് പറയുന്നു. താരങ്ങള്‍ക്ക് വേണ്ടിയുള്ള തിരക്കഥയില്‍ ഏകദേശം നാല്‍പ്പത്തിയഞ്ച് ദിവസത്തോളം വര്‍ക്ക് ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Photo: Amruth Bharathi/ X.com

‘സ്‌ക്രിപ്റ്റ് അവര്‍ക്ക് വായിച്ചുകേള്‍പ്പിച്ചപ്പോള്‍ അവര്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നു. എന്നാല്‍ ഒരുപാട് മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം അവര്‍ക്ക് വേണ്ടിയിരുന്നത് ഒരു ലൈറ്റ് ഹാര്‍ട്ടഡ് ആയ ചിത്രമായിരുന്നു. എന്നാല്‍ അത്തരത്തിലൊരു ചിത്രം ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ടായിരുന്നില്ല. അതിനാലാണ് പ്രൊജക്ടില്‍ നിന്നും പിന്മാറി അല്ലു അര്‍ജുന്‍ ചിത്രം ചെയ്യുന്നത്,’ ലോകേഷ് പറഞ്ഞു.

ലോകേഷിനെ കൂടാതെ സുന്ദര്‍.സി, രാംകുമാര്‍ ബാലകൃഷ്ണന്‍ തുടങ്ങിയ സംവിധായകരുടെ പേരുകളും ഉയര്‍ന്ന് കേട്ടെങ്കിലും നറുക്ക് വീണത് സിബി ചക്രവര്‍ത്തിക്കായിരുന്നു. കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Lokesh Kanagaraj talks about the reason behind not directing thalaivar 173

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more