| Tuesday, 29th July 2025, 7:37 am

മോണിക്കയെ കൂടുതല്‍ ചാര്‍മിങ് ആക്കിയത് സൗബിന്റെ ഡാന്‍സ്: ലോകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പ്രേമികള്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന രജിനികാന്ത് ചിത്രമാണ് കൂലി. ലോകേഷ് ഒരുക്കുന്ന ചിത്രത്തിലെ ‘മോണിക്ക’ എന്ന ഗാനം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. അനിരുദ്ധിന്റെ സംഗീത്തില്‍ എത്തിയ ഈ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. പൂജ ഹെഗ്ഡേ തകര്‍ത്താടിയ പാട്ടില്‍ എന്നാല്‍ സ്‌കോര്‍ ചെയ്തത് സൗബിന്‍ ഷാഹിര്‍ ആണെന്നാണ് കാണികള്‍ പറയുന്നത്.

ഇപ്പോള്‍ ‘മോണിക്ക’ എന്ന പാട്ടിനെ കുറിച്ചും സൗബിന്റെ ഡാന്‍സിനെ കുറിച്ചും സംസാരിക്കുകയാണ് ലോകേഷ് കനകരാജ്. പാട്ടിറങ്ങി കഴിഞ്ഞപ്പോള്‍ പൂജയെക്കാള്‍ കൂടുതല്‍ ഫാന്‍സ് സൗബിനാണെന്ന് ലോകേഷ് പറയുന്നു.

‘മോണിക്ക പാട്ടിറങ്ങിയപ്പോള്‍ പൂജയേക്കാള്‍ സൗബിന്റെ ഡാന്‍സിനാണ് ഫാന്‍സ് കൂടുതല്‍. അതിനര്‍ത്ഥം പൂജയെ വില കുറച്ച് കാണുകയാണ് എന്നല്ല. ഇങ്ങനെ ഒരു പാട്ട് ചെയ്യാന്‍ ഞങ്ങളാണ് പൂജയെ സമീപിച്ചത്. പൂജ വന്നതോടുകൂടി മോണിക്ക പാട്ടിന്റെ കൊമേഷ്യല്‍ വാല്യു കൂടി. എന്നാല്‍ സൗബിനാണ് ഈ പാട്ട് കുറേകൂടി ചാര്‍മിങ് ആക്കിയത്,’ ലോകേഷ് കനകരാജ് പറയുന്നു.

നായകന്‍ ഡാന്‍സ് കളിക്കുന്നതും നായിക ഡാന്‍സ് കളിക്കുന്നത് പുതിയതായിട്ടുള്ള കാര്യമല്ലെന്നും എന്നാല്‍ ഡാന്‍സ് കളിക്കില്ല എന്നൊക്കെ നമ്മള്‍ കരുതുന്ന വില്ലന്‍ ഡാന്‍സ് കളിച്ചാല്‍ എങ്ങനെ ഉണ്ടാകും എന്ന ചിന്തയില്‍ നിന്നാണ് സൗബിന്റെ ഡാന്‍സ് ഉണ്ടാകുന്നതെന്ന് ലോകേഷ് പറഞ്ഞു.

അമല്‍ നീരദിന്റെ സംവിധാനത്തിലെത്തിയ ഭീഷ്മ പര്‍വ്വം കണ്ടപ്പോള്‍ സൗബിന്‍ എത്ര മനോഹരമായാണ് ഡാന്‍സ് കളിക്കുന്നതെന്ന് തനിക്ക് മനസിലായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീഷ്മ പര്‍വ്വം കണ്ടതിന് ശേഷമാണ് സൗബിനോട് ‘മോണിക്ക’യില്‍ ഡാന്‍സ് കളിക്കാമോ എന്ന് ചോദിച്ചതെന്നും ലോകേഷ് കനകരാജ് പറഞ്ഞു.

നേരത്തെ ‘മോണിക്ക’ പാട്ടിന്റെ ബി.ടി.എസില്‍ പൂജ ഹെഗ്ഡേയും സൗബിന്റെ ഡാന്‍സിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. വളരെ സ്വീറ്റായിട്ടുള്ള വ്യക്തിയാണ് സൗബിനെന്ന് പൂജ പറഞ്ഞു. അയാളുടെ ഡാന്‍സിന് വല്ലാത്ത യൂണീക്നെസ്സുണ്ടെന്നും അത് തന്നെ വല്ലാതെ ആകര്‍ഷിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. അയാളുടെ ഡാന്‍സ് കണ്ടുനില്‍ക്കാന്‍ തന്നെ രസമാണെന്നും പൂജ പറയുന്നു.

Content Highlight: Lokesh Kanagaraj Talks About Saubin Shahir’s Dance in Monica Song

We use cookies to give you the best possible experience. Learn more