ആധുനിക യുഗത്തില്‍ ആളുകളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിവുള്ള മാധ്യമമാണ് സിനിമ. സമീപകാലത്ത് സിനിമകളില്‍ ഉപയോഗിക്കുന്ന വയലന്‍സുകളും ലഹരി ഉപയോഗിക്കുന്ന രംഗങ്ങളും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള ലഹരി ഉപയോഗിക്കുന്ന രംഗങ്ങളെ പ്രതികൂലിച്ചും അനുകൂലിച്ചും പലരും രംഗത്തെത്താറുണ്ട്.
Photo: in.pinterest.com
ഇത്തരത്തില്‍ തമിഴില്‍ തന്റെ ചിത്രങ്ങളിലെ ഡ്രഗ്‌സുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ക്ക് വലിയ വിമര്‍ശനം നേരിടുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്റെ സിനിമാറ്റിക്ക് യൂണിവേഴ്‌സായ എല്‍.സി.യു ആധാരമാക്കിയിരിക്കുന്നത് ഡ്രഗ് മാഫിയയെയും അതിനെതിരെ പോരാടുന്ന ഒരു പറ്റം കഥാപാത്രങ്ങളെയുമാണ്.
ലോകേഷിന്റെ ചിത്രങ്ങളായ കൈതിയിലെ റോളക്‌സിനെയും വിക്രത്തിലെ സന്താനത്തെയും ലഹരിക്കടിമകളായ കൊടൂര വില്ലന്മാരായാണ് വെള്ളിത്തിരയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്‍.സി.യു വില്‍ വലിയ ആരാധക പിന്തുണയുള്ള ഇരു കഥാപാത്രങ്ങളും തെറ്റായ സന്ദേശമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നതെന്നും ഇവരിലൂടെ ഡ്രഗ്‌സ് ഉപയോഗത്തെ ഗ്ലോറിഫൈ ചെയ്യുകയാണ് സംവിധായകനെന്നുമുളള തരത്തില്‍ വലിയ വിമര്‍ശനമാണ് ലോകേഷിനെതിരെ ഉയര്‍ന്നിരുന്നത്.
എന്നാല്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) നടത്തിയ പത്രസമ്മേളനത്തില്‍ മറുപടി നല്‍കുന്ന ലോകേഷിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്റെ ചിത്രങ്ങളില്‍ ഡ്രഗ്‌സ് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
‘ഞാന്‍ എടുത്ത പടങ്ങളില്‍ ഡ്രഗ്‌സിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അത് ഉപയോഗിച്ചാല്‍ സന്തോഷമായിരിക്കാം എന്നല്ല സിനിമയിലൂടെ പറയുന്നത്. കൊമേഷ്യല്‍ പടമാണ് ഞാന്‍ ചെയ്യുന്നതെങ്കിലും സമൂഹത്തോട് എനിക്കൊരു ഉത്തരവാദിത്തമുണ്ട്. അത് മറന്ന് ഒന്നും ഞാന്‍ ചെയ്യില്ല. വിക്രത്തില്‍ കമല്‍ സാറിനെ പോലൊരു വലിയ താരത്തെ വെച്ചാണ് ഡ്രഗ്‌സിനെതിരെ സംസാരിക്കുന്നത്.
ലോകേഷ് പത്രസമ്മേളനത്തില്‍
എനിക്ക് ലഭിച്ച ഓരോ താരങ്ങളിലൂടെയും എത്ര ഉച്ചത്തില്‍ ഡ്രഗ്‌സിനെതിരെ എനിക്ക് സംസാരിക്കാന്‍ പറ്റുമോ അത്രയും ഉറക്കെ ഞാന്‍ സംസാരിക്കുന്നുണ്ട്. കൈതിയില്‍ 900 കോടിയുടെ ഡ്രഗ്‌സ് പിടിക്കുന്നതായാണ് പറയുന്നത്. എന്നാല്‍ ഷൂട്ടിങ്ങ് നടക്കുന്ന അതേ സമയം മറ്റൊരു സ്ഥലത്ത് ഇരുപതിനായിരം കോടിയുടെ ഡ്രഗ്‌സ് പിടിച്ചെടുക്കുന്നുണ്ട്,’ ലോകേഷ് പറയുന്നു.
ഡ്രഗ്‌സിനെതിരെ ഏറ്റവും കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിച്ച ആളാണ് താനെന്നും പല കോളേജുകളിലായി കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സേ നോ റ്റു ഡ്രഗ്‌സ് എന്ന പരിപാടിയില്‍ ഷോട് ഫിലിം നടത്തി വിജയിക്കുന്ന ആളെ തന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറാക്കുമെന്ന് പറഞ്ഞിരുന്നെന്നും അവനാണ് ഇപ്പോഴും തന്റെ അസിസ്റ്റന്റെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Lokesh Kanagaraj talks about drugs use in his movies