| Tuesday, 15th July 2025, 9:54 am

ദളപതിപോലെയാണ് കൂലിയെന്ന് രജിനിസാര്‍ പറഞ്ഞു: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിനികാന്താണ് നായകന്‍. ഓഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിലെത്തും.

ഇപ്പോള്‍ കൂലി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ലോകേഷ്. കൂലി കണ്ടതിന് ശേഷം ദളപതിപോലെയുണ്ടെന്ന് രജിനികാന്ത് പറഞ്ഞെന്നും ഏറെ കാലത്തിന് ശേഷം അന്ന് താന്‍ സുഖമായി ഉറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.

‘രജിനി സാറിന്റെ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദളപതിയെയാണ്. കൂലിയിലും ദളപതിയുടെ ആ ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഡബ്ബിങ്ങിന്റെ സമയത്ത് കൂലി കണ്ടതിന് ശേഷം രജിനി സാര്‍ എന്നെ കെട്ടിപിടിച്ചു. എന്നിട്ട് ‘കൂലി ദളപതി പോലെത്തന്നെയാണ് എനിക്ക് തോന്നുന്നത്’ എന്ന് പറഞ്ഞു. അദ്ദേഹം അത് പറഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. മാസങ്ങള്‍ക്ക് ശേഷം അന്ന് രാത്രി ഞാന്‍ സുഖമായി കിടന്നുറങ്ങി.

രജിനി സാറിനെ വെച്ച് ദളപതി പോലൊരു സിനിമ ചെയ്യാന്‍ എനിക്ക് കഴിഞ്ഞെന്ന് ഞാന്‍ എന്റെ സുഹൃത്തുക്കളോട് അതിന് ശേഷം എപ്പോഴും പറയും. എനിക്കൊരിക്കലും മണിരത്‌നം സാറിനെ പോലെയൊന്നും എഴുതാന്‍ കഴിയില്ല. അക്കാര്യം എനിക്ക് നന്നായി അറിയാം. പക്ഷേ ആ മഹാന്റെ സിനിമയുമായി എന്റെ സിനിമയെ താരതമ്യം ചെയ്തപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പ്രത്യേകിച്ച് അക്കാര്യം ഞാന്‍ കേള്‍ക്കുന്നത് രജിനി സാറിനെ അടുത്തുനിന്നാകുമ്പോള്‍ മധുരം കൂടില്ലേ!

രജിനി സാറിന് വേണ്ടി എഴുതുക എന്ന് പറയുന്നത് എനിക്ക് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. ആദ്യം ഞാന്‍ അദ്ദേഹത്തിന് വേണ്ടി ഒരു ഫാന്റസി കഥയാണ് എഴുതിയാണ്. അദ്ദേഹം കഥ കേട്ടപ്പോള്‍ തന്നെ ഓക്കേ പറഞ്ഞിരുന്നു. പിന്നെ ഞാന്‍ ആ ആ കഥ കൂടി വായിച്ചപ്പോള്‍ അത് ചെയ്‌തെടുക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടിവരും.

ആ നടന് വേണ്ടി നമുക്ക് എന്തും എഴുതാം, കാരണം അദ്ദേഹം ജീവിതത്തേക്കാള്‍ വലുതാണ്. സിനിമയില്‍ ഞാന്‍ ഒരുപാട് പുതിയ സാങ്കേതിക വിദ്യകളും ശൈലികളും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇത് എപ്പോഴും രജിനി സാറിന്റെ സിനിമയായിരിക്കും. അത് മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഈ സിനിമയില്‍ ദിവസവും ഏകദേശം 700 മുതല്‍ 1000 വരെ ആളുകളും സാങ്കേതിക വിദഗ്ധര്‍ സെറ്റില്‍ ജോലി ചെയ്തിരുന്നു. ഇത് അത്രയും വലിയ ഒരു സിനിമയാണ്. യൂണിയനെയും തുറമുഖത്തെയും തൊഴിലാളികളെയും കുറിച്ചുള്ളതാണ് ഈ ചിത്രം. എല്ലാവര്‍ക്കും രജിനി സാറിനോട് വളരെ ബഹുമാനമാണ്. അദ്ദേഹം എപ്പോഴും കൃത്യസമയത്തുതന്നെ ലൊക്കേഷനിലെത്തും. കൂലിയുടെ ഷൂട്ട് കഴിഞ്ഞിട്ട് ഇപ്പോള്‍ നാല് മാസത്തോളമായി. പക്ഷെ എപ്പോഴും ഞങ്ങള്‍ക്ക് രജിനി സാറിനെ മിസ് ചെയ്യും,’ ലോകേഷ് കനകരാജ് പറയുന്നു.

Content Highlight: Lokesh Kanagaraj Talks About Coolie Movie

We use cookies to give you the best possible experience. Learn more