| Wednesday, 16th July 2025, 7:50 am

കൂലിക്ക് ശമ്പളം 50 കോടി; ലിയോയ്ക്ക് ശേഷം ഇരട്ടിയായി: ലോകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് നായകനാകുന്ന ചിത്രത്തില്‍ നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍, മോനിഷ ബ്ലെസി, കാളി വെങ്കട്ട് എന്നിവരും മറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗസ്റ്റ് റോളില്‍ ആമിര്‍ ഖാനും എത്തും. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിര്‍വഹിക്കുന്നത്. കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന കൂലി ഓഗസ്റ്റ് 14ന് തിയേറ്ററുകളില്‍ എത്തും.

വമ്പന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 350-400 കോടി ചെലവിലാണ് കൂലി ഒരുങ്ങുന്നതെന്നായിരുന്നു അഭ്യൂഹങ്ങള്‍. സംവിധായകന്‍ ലോകേഷ് കനകരാജ് 50 കോടിയാണ് പ്രതിഫലം വാങ്ങുന്നതെന്നും രജിനികാന്തിന് 150 കോടിയാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്റെ പ്രതിഫലത്തെ കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്.

രജിനികാന്തിന്റെ ശമ്പളത്തെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും എന്നാല്‍ തന്റെ പ്രതിഫലം 50 കോടിയാണെന്നും ലോകേഷ് പറയുന്നു. ലിയോ എന്ന ചിത്രത്തിന് ശേഷം തന്റെ പ്രതിഫലം ഇരട്ടിയായെന്നും രണ്ടുവര്‍ഷത്തോളം ചിത്രം നിര്‍മിക്കാനായി താന്‍ ചെലവാക്കിയെന്നും അദ്ദേഹം പറഞ്ഞു. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.

‘രജിനികാന്ത് സാറിന്റെ സാലറിയെ കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ തയ്യാറല്ല. എന്നാല്‍ നിങ്ങള്‍ ചോദിച്ചില്ലേ 50 കോടിയാണോ എന്റെ സാലറി എന്ന്, അതെ എന്റെ സാലറി 50 കോടിയാണ്. അത് എന്റെ മുന്‍ ചിത്രമായ ലിയോ കാരണമാണ് സംഭവിച്ചത്. ലിയോ 600 കോടിയിലധികം രൂപ ബോക്‌സ് ഓഫീസില്‍ നിന്ന് സമ്പാദിച്ചു. അതുകൊണ്ടുതന്നെ ഇപ്പോള്‍ എനിക്ക് മുമ്പ് ലഭിച്ചതിന്റെ ഇരട്ടി ശമ്പളം ലഭിക്കുന്നുണ്ട്.

കൂലി ചെയ്തുതീര്‍ക്കാന്‍ രണ്ട് വര്‍ഷത്തിന് മുകളില്‍ എനിക്ക് സമയം ചെലവായി. അതുകൊണ്ടാണ് ഇത്രയും വലിയൊരു തുക പ്രതിഫലമായി ലഭിച്ചത്. എന്റെ നികുതികള്‍ ഞാന്‍ കൃത്യമായി അടയ്ക്കുന്നുണ്ട്. എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും പിന്തുണയ്ക്കാന്‍ എനിക്ക് കഴിയുന്നത് അതുകൊണ്ടാണ്. ഈ നിലയിലെത്താന്‍ ഞാന്‍ ചെയ്യേണ്ടിയിരുന്ന ത്യാഗങ്ങളെ കുറിച്ചൊന്നും പറഞ്ഞറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ലോകേഷ് കനകരാജ് പറയുന്നു.

Content Highlight:  Lokesh Kanagaraj Says His Remuneration In Coolie Movie Is 50 Crore

We use cookies to give you the best possible experience. Learn more