തമിഴ് സിനിമാലോകത്ത് ഏറെ ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴിലെ ആദ്യത്തെ സിനിമാറ്റിക് യൂണിവേഴ്‌സ് ആരംഭിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. കമല്‍ ഹാസന്‍ നായകനായ വിക്രം എന്ന ചിത്രത്തില്‍ കൈതിയിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയാണ് ലോകേഷ് തന്റെ സിനിമാറ്റിക് യൂണിവേഴ്‌സ് ആരംഭിച്ചത്.
കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി, കാര്‍ത്തി, സൂര്യ എന്നിവരുള്‍പ്പെട്ട യൂണിവേഴ്‌സില്‍ ലിയോയിലൂടെ വിജയ്‌യും ഭാഗമായി. എല്‍.സി.യുവിലാണോ അല്ലയോ എന്ന ചര്‍ച്ചയോടെ തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലായിരുന്നു ലിയോ തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ എല്‍.സി.യുവില്‍ വിജയ്‌യുടെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്.
‘വിജയ് സാറില്ലെങ്കില്‍ എല്‍.സി.യു പൂര്‍ണമാകില്ല. അദ്ദേഹം ഇനി സിനിമ ചെയ്യുമോ ഇല്ലയോ എന്ന് നമുക്കാര്‍ക്കും അറിയില്ല. കാരണം, ഇപ്പോള്‍ അദ്ദേഹത്തിന്റെ വിഷന്‍ മറ്റൊന്നാണ്. പക്ഷേ, എന്നായാലും എല്‍.സി.യു വിജയ് സാറിന്റെ സാന്നിധ്യമില്ലെങ്കില്‍ അപൂര്‍ണമാണെന്നേ പറയാനാകുള്ളൂ. ലിയോ 2 അദ്ദേഹത്തെ വെച്ച് ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട്,’ ലോകേഷ് കനകരാജ് പറയുന്നു.
വിജയ്‌യെപ്പോലെ എല്‍.സി.യുവില്‍ ഒരുപാട് ആരാധകരുള്ള സൂര്യയെക്കുറിച്ചും ലോകേഷ് സംസാരിച്ചു. സൂര്യയുമായുള്ള പ്രൊജക്ട് തന്റെ ലൈനപ്പിലുണ്ടെന്നും എന്നാല്‍ അതിനുള്ള സമയമാകുമ്പോള്‍ മാത്രമേ ആ പ്രൊജക്ടുകള്‍ നടക്കുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂലിയുടെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.
‘20023-2006 കാലഘട്ടമാണെന്ന് തോന്നുന്നു. ആ സമയത്ത് ഞാന്‍ കോളേജില്‍ പഠിക്കുകയായിരുന്നു. ഞാനും എന്റെ കൂട്ടുകാരുമെല്ലാം കൂടുതലായും കണ്ടിട്ടുള്ളത് സൂര്യ സാറിന്റെ സിനിമകളായിരുന്നു. ആയുത എഴുത്ത്, പിതാമകന്‍, മായാവിയൊക്കെ ഞങ്ങള്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. അന്ന് മുതല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഫോളോ ചെയ്യാറുണ്ട്,’ ലോകേഷ് പറയുന്നു.
കൂലിക്ക് ശേഷം എല്‍.സി.യുവില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൈതി 2വിന്റെ ചിത്രീകരണത്തിലേക്ക് ലോകേഷ് കടക്കും. ദില്ലിയുടെ രണ്ടാം വരവില്‍ ഈ യൂണിവേഴ്‌സിലെ പ്രധാന താരങ്ങളുടെയെല്ലാം സാന്നിധ്യമുണ്ടാകും. റോളക്‌സും ദില്ലിയും നേര്‍ക്കുനേര്‍ വരുന്ന സീനുകള്‍ക്കായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്.
Content Highlight: Lokesh Kanagaraj saying LCU is incomplete without Vijay