| Friday, 15th August 2025, 8:53 am

ആ രണ്ട് പേരുടെ അസിസ്റ്റന്റായി സിനിമ പഠിക്കണമെന്നായിരുന്നു ആഗ്രഹം, എന്നാല്‍ നടക്കാതെ പോയി: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയില്‍ തന്റെ പേര് ഒരു ബ്രാന്‍ഡാക്കി മാറ്റിയ സംവിധായകനാണ് ലോകേഷ് കനകരാജ്. വെറും അഞ്ച് സിനിമകള്‍ കൊണ്ടാണ് ലോകേഷ് ഈ ഉയര്‍ച്ചയിലെത്തിയത്. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളാണ് ലോകേഷ് തമിഴ് സിനിമക്ക് സമ്മാനിച്ചത്. ടിക്കറ്റെടുക്കുന്ന പ്രേക്ഷകന് മിനിമം ഗ്യാരണ്ടി ഉറപ്പാക്കുന്ന സംവിധായകരിലൊരാളാണ് ഇദ്ദേഹം.

ബാങ്ക് ജോലി രാജി വെച്ച് സിനിമക്ക് വേണ്ടി ഇറങ്ങിത്തിരിച്ച വ്യക്തിയാണ് ലോകേഷ്. ആരുടെയും അസിസ്റ്റന്റായി നില്‍ക്കാതെ ഷോര്‍ട് ഫിലിമുകള്‍ ചെയ്തുകൊണ്ടാണ് ലോകേഷ് സിനിമാലോകത്തേക്ക് കടന്നുവന്നത്. എന്നാല്‍ അടുത്ത തലമുറയോട് അസിസ്റ്റ് ചെയ്ത് സിനിമയിലേക്കെത്തണമെന്നേ താന്‍ പറയുള്ളൂവെന്ന് വ്യക്തമാക്കുകയാണ് ലോകേഷ് കനകരാജ്.

‘കമല്‍ സാറിന്റെയും മണി സാറിന്റെയുമൊക്കെ അസിസ്റ്റന്റാകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അത് നടക്കാതെ പോയി. എനിക്ക് അതിനുള്ള സമയം കിട്ടിയില്ലായിരുന്നു. ബാങ്ക് ജോലി രാജിവെച്ച് ഇറങ്ങിയ സമയമായിരുന്നു. പെട്ടെന്ന് എന്തെങ്കിലും ചെയ്യേണ്ട അവസ്ഥയായി. ഇല്ലെങ്കില്‍ ആരുടെയെങ്കിലും അസിസ്റ്റന്റായി നിന്നിട്ട് മാത്രമേ സ്വതന്ത്രസംവിധായകനാകുമായിരുന്നുള്ളൂ.

മറ്റുള്ളവരുടെ കീഴില്‍ നിന്ന് സിനിമ പഠിക്കുന്നത് പലപ്പോഴും ഗുണം ചെയ്യും. ചില സീനുകളുടെ കാര്യത്തില്‍ അവര്‍ സമീപിക്കുന്ന രീതി നമുക്ക് കണ്ട് പഠിക്കാം. അവരുടെ ഇന്‍ഫ്‌ളുവന്‍സും നമ്മുടെ സിനിമയില്‍ ഉണ്ടാകും. എന്നാല്‍ അങ്ങനെ ചെയ്യാതെ സിനിമ ഒരുക്കുമ്പോള്‍ പലപ്പോഴും വെല്ലുവിളികളുണ്ടാകും. ഓരോ തവണയും പേപ്പറില്‍ ഓരോ കാര്യങ്ങള്‍ എഴുതിയിട്ടാണ് ഷൂട്ടിന് പോകാറുള്ളത്. ഇപ്പോള്‍ എന്റെ കീഴില്‍ 15 പേരോളം അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്നുണ്ട്,’ ലോകേഷ് പറഞ്ഞു.

കൂലി എന്ന സിനിമയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രജിനിയെ വെച്ച് ഒരു സിനിമ ചെയ്യാന്‍ അവസരം ലഭിച്ചെന്നും എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന് ചേരുന്ന കഥ തന്റെ പക്കല്‍ ഇല്ലായിരുന്നെന്നും ലോകേഷ് പറഞ്ഞു. ഒരു കഥ കിട്ടിയപ്പോള്‍ അനിരുദ്ധിനോട് അത് പങ്കുവെച്ചെന്നും അത് പിന്നീട് രജിനിയിലേക്ക് എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹൈപ്പ് ഉണ്ടാക്കുന്നത് ഞങ്ങളല്ല, അത് താനേ ഉണ്ടാകുന്നതാണ്. ഓഡിയന്‍സിനെ അക്കാര്യത്തില്‍ പഴിചാരാന്‍ പറ്റില്ല. പരിചയമുള്ള രണ്ട് നടന്മാര്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട് എന്ന് അറിയുമ്പോള്‍ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ഹൈപ്പ് വരും. അത് ശരിയായ രീതിയില്‍ കാത്തുസൂക്ഷിക്കാന്‍ സാധിക്കുക എന്നത് നിസാര കാര്യമല്ല,; ലോകേഷ് കനകരാജ് പറയുന്നു.

Content Highlight: Lokesh Kanagaraj saying he wished to assist Maniratnam and Kamal Hassan

We use cookies to give you the best possible experience. Learn more