| Monday, 28th July 2025, 7:44 am

ഇരുമ്പു കൈ മായാവിയല്ല ആമിര്‍ സാറെ വെച്ച് ചെയ്യുന്നത്, ആ പ്രൊജക്ട് ഇനി ചെയ്യാന്‍ കുറച്ചധികം റിസ്‌കുണ്ട്: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യചിത്രം കൊണ്ട് തന്നെ സിനിമാലോകത്ത് ശ്രദ്ധ നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ഒരു രാത്രി നടക്കുന്ന കഥ വളരെ മനോഹരമായി പ്രേക്ഷകരിലേക്കെത്തിച്ച മാനഗരം എന്ന സിനിമ ഇന്നും പ്രേക്ഷകരുടെ ഫേവറെറ്റാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സൂര്യയോട് ഒരു സൂപ്പര്‍ഹീറോ ചിത്രത്തിന്റെ കഥ ലോകേഷ് പറഞ്ഞിരുന്നു.

എന്നാല്‍ തിരക്കഥ പൂര്‍ത്തിയാകാത്തതിനാലും താങ്ങാവുന്നതിലപ്പുറമുള്ള ബജറ്റിനാലും ഈ പ്രൊജക്ട് പിന്നീട് ചെയ്യാന്‍ മാറ്റിവെക്കുകയായിരുന്നു. ഈയിടെ ആ പ്രൊജക്ട് സൂര്യക്ക് പകരം ആമിര്‍ ഖാനെ വെച്ച് ചെയ്യാന്‍ ലോകേഷ് തീരുമാനിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അത്തരം വാര്‍ത്തകളോട് പ്രതികരിക്കുകയാണ് ലോകേഷ് കനകരാജ്.

ആമിര്‍ ഖാനെ വെച്ച് താന്‍ സിനിമ ചെയ്യുന്നുണ്ടെന്നും എന്നാല്‍ അത് ഇരുമ്പു കൈ മായാവി അല്ലെന്നും ലോകേഷ് പറഞ്ഞു. ഒരുപാട് സ്ഥലങ്ങളില്‍ അത്തരം വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടെന്നും അതെല്ലാം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. കൂലിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗോപിനാഥിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലോകേഷ്.

‘ഒരുപാട് പേര്‍ പറയുന്നത് കേട്ടു, ഇരുമ്പു കൈ മായാവി എന്ന പ്രൊജക്ട് ഞാന്‍ ആമിര്‍ ഖാന്‍ സാറെ വെച്ച് ചെയ്യാന്‍ പോവുകയാണെന്ന്. എന്നാല്‍ അതില്‍ യാതൊരു സത്യവുമില്ല. ആമിര്‍ സാറോടൊപ്പം ചെയ്യുന്നത് മറ്റൊരു പ്രൊജക്ടാണ്. ഇരുമ്പു കൈ മായാവി സൂര്യ സാറോടൊപ്പം മാത്രമേ ചെയ്യുള്ളൂ. പക്ഷേ അത് ഇപ്പോള്‍ ചെയ്യാനാകില്ല.

10 വര്‍ഷം മുമ്പാണ് ഞാന്‍ ആ കഥ സൂര്യ സാറോട് പറഞ്ഞത്. ആ കഥ ഇപ്പോള്‍ അതുപോലെ ചെയ്യാനാകില്ല. കാരണം, ആ കഥയിലുള്ള പല സീനുകളും മറ്റ് സിനിമകളില്‍ ഈയിടക്ക് വന്നു. അത് വീണ്ടും കാണിച്ചാല്‍ പ്രേക്ഷകര്‍ക്ക് ബോറടിക്കും. അപ്പോള്‍ അതെല്ലാം തിരുത്തിയെഴുതാന്‍ കുറച്ച് സമയം വേണം. കുറച്ചധികം റിസ്‌കുള്ള പരിപാടിയാണത്,’ ലോകേഷ് കനകരാജ് പറയുന്നു.

ലോകേഷ് സംവിധാനം ചെയ്യുന്ന കൂലി റിലീസിന് തയാറെടുക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ചിത്രം ബോക്‌സ് ഓഫീസീല്‍ പല അത്ഭുതങ്ങളും സൃഷ്ടിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യന്‍ സിനിമ കണ്ട വലിയ താരനിരയുമായാണ് കൂലി പ്രേക്ഷകരിലേക്കെത്തുന്നത്. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Lokesh Kanagaraj saying he want to do Irumbu Kai Mayavi movie with Suriya only

Latest Stories

We use cookies to give you the best possible experience. Learn more