| Sunday, 13th July 2025, 1:08 pm

തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ ജീവിതത്തിലെ ആ രണ്ട് വര്‍ഷങ്ങള്‍ എവിടെ പോയെന്ന് ഒരു പിടിയുമില്ല: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറും അഞ്ച് സിനിമകള്‍ കൊണ്ട് തമിഴിലെ മുന്‍നിരയില്‍ സ്ഥാനം നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം എന്ന ആദ്യചിത്രത്തിലൂടെ തന്നെ ഇന്‍ഡസ്ട്രിയില്‍ പേര് പിടിച്ചുപറ്റിയ ലോകേഷ് രണ്ടാമത്തെ ചിത്രമായ കൈതിയിലൂടെ 100 കോടി ക്ലബ്ബെന്ന നേട്ടവും സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളൊരുക്കി തമിഴിലെ ബ്രാന്‍ഡ് സംവിധായകനായി മാറാനും ലോകേഷിന് സാധിച്ചു.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരനിര അണിനിരക്കുന്ന കൂലിയാണ് ലോകേഷിന്റെ അടുത്ത ചിത്രം. ലിയോക്ക് ശേഷം വളരെ വേഗത്തില്‍ അനൗണ്‍സ് ചെയ്ത പ്രൊജക്ടായിരുന്നു കൂലി. ഇത്രയും വലിയ സിനിമ അണിയിച്ചൊരുക്കിയതിന് ശേഷമുള്ള അനുഭവം എങ്ങനെയുണ്ടെന്ന് പങ്കുവെക്കുകയാണ് ലോകേഷ് കനകരാജ്.

തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷം ജീവിതത്തില്‍ എന്താണ് നടന്നതെന്ന് ഓര്‍മയില്ലെന്ന് ലോകേഷ് പറഞ്ഞു. കൂലി എന്ന സിനിമക്ക് വേണ്ടി മാത്രമാണ് ഈ സമയം മുഴുവന്‍ ചെലവഴിച്ചതെന്നും മറ്റൊരു കാര്യത്തിലും പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 36,37 വയസ് മുഴുവന്‍ കൂലിക്ക് വേണ്ടി മാറ്റിവെച്ചെന്നും ലോകേഷ് പറയുന്നു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ ജീവിതത്തിലെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ എവിടെപ്പോയെന്ന് ഒരു പിടിയുമില്ല. എല്ലാം കൂലി എന്ന ഒരൊറ്റ സിനിമയുടെ പിന്നാലെ ചെലവായി. കൂലി എന്ന സിനിമയല്ലാതെ മറ്റൊന്നും എന്റെ ചിന്തയിലില്ലായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഈ രണ്ട് വര്‍ഷക്കാലയളവില്‍ എനിക്ക് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.

ഫാമിലിയുടെ ഒരൊറ്റ പരിപാടികള്‍ക്കും എനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല, ഫ്രണ്ട്‌സുമായി ട്രിപ്പ് പോകാന്‍ സാധിച്ചില്ല, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചില്ല തുടങ്ങി ഒരുപാട് കാര്യങ്ങള്‍ വേണ്ടെന്ന് വെച്ചു. അതെല്ലാം ഓഗസ്റ്റ് 14ന് റിലീസാകുന്ന സിനിമക്ക് വേണ്ടിയാണെന്നുള്ള ഒറ്റക്കാരണം മാത്രമായിരുന്നു.

വലിയ സ്റ്റാര്‍ കാസ്റ്റുള്ള സിനിമയാണ്, ഇന്ത്യയിലെ പല സ്ഥലത്തും ഷൂട്ടുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞാലും ചില കാര്യങ്ങള്‍ അതിന് വേണ്ടി സാക്രിഫൈസ് ചെയ്യേണ്ടി വരുമല്ലോ. റിലീസിന് ശേഷം ഇത് പ്രേക്ഷകര്‍ ഇഷ്ടമായെന്നറിയുമ്പോള്‍ കിട്ടുന്ന ഒരു ഹൈ ഉണ്ട്. എത്രനേരം അത് കിട്ടുമെന്നറിയില്ല. ആ ചെറിയ സമയത്തിന് വേണ്ടിയാണ് ഈ എഫര്‍ട്ടെല്ലാം,’ ലോകേഷ് കനകരാജ് പറഞ്ഞു.

Content Highlight: Lokesh Kanagaraj saying he spend two years for Coolie movie

We use cookies to give you the best possible experience. Learn more