| Saturday, 26th July 2025, 9:14 pm

വയലന്‍സിന്റെ കാര്യത്തില്‍ കൂലിയിലും കോംപ്രമൈസ് ചെയ്തിട്ടില്ല, ചെറിയൊരു വ്യത്യാസം മാത്രം: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ രജിനികാന്താണ് നായകന്‍. വന്‍ താരനിരയിലൊരുങ്ങുന്ന കൂലിയിലൂടെ ഹാട്രിക് ഇന്‍ഡസ്ട്രി ഹിറ്റ് സ്വന്തമാക്കുന്ന ആദ്യ തമിഴ് സംവിധായകനായി ലോകേഷ് മാറുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

കൂലിയുടേതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതായിരുന്നു. ടൈറ്റില്‍ ടീസര്‍ മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ‘പവര്‍ഹൗസ്’ എന്ന ഗാനം വരെ ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തി. രജിനിയെ ഇതുവരെ കാണാത്ത തരത്തില്‍ എങ്ങനെയാകും ലോകേഷ് അവതരിപ്പിക്കുക എന്നറിയാന്‍ സിനിമാലോകം കാത്തിരിക്കുകയാണ്.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ കൂലിയിലും വയലന്‍സ് ഉണ്ടാകുമെന്ന് ലോകേഷ് പറഞ്ഞു. രജിനിയെപ്പോലൊരു സ്റ്റാറിനെ കിട്ടുമ്പോള്‍ വയലന്‍സിന്റെ കാര്യത്തില്‍ കോംപ്രമൈസ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് തമിഴിനോട് സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.

‘രജിനി സാര്‍ ഈ സിനിമയിലുണ്ടെന്ന് കരുതി വയലന്‍സിന്റെ കാര്യത്തില്‍ ഞാന്‍ കോംപ്രമൈസ് ചെയ്തിട്ടില്ല. മുന്നത്തെ സിനിമകള്‍ പോലെ ഈ സിനിമയിലും വയലന്‍സിന്റെ ഉപയോഗമുണ്ട്. പക്ഷേ, കഥാപാത്രങ്ങളുടെ ഇമോഷന് അനുസരിച്ചുള്ള വയലന്‍സാണ് സിനിമയിലുള്ളത്. അതുകൊണ്ട് പ്രേക്ഷകര്‍ക്ക് മടുപ്പുണ്ടാകില്ലെന്ന് ഉറപ്പ് പറയാനാകും.

അതുമാത്രമല്ല, എന്റെ മുന്‍ സിനിമകളെപ്പോലെ ഡ്രഗ്‌സും ഗണ്ണുകളും ഈ സിനിമയില്‍ ഇല്ല. മാക്‌സിമം ഒരു ഫ്രഷ് ഫീല്‍ എല്ലാ കാര്യത്തിലും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ സിനിമയുടെ ഫൈനല്‍ കട്ട് കണ്ട ശേഷം രജിനി സാറിന് ഒരുപാട് സന്തോഷമായി. കൈതി 2വിന് ശേഷം രജിനി സാറിനൊപ്പം ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്.

രജിനി സാര്‍ വാച്ചുകള്‍ പിടിച്ചുവെച്ചിരിക്കുന്നത് കണ്ട് ഈ സിനിമ ടൈം ട്രാവലാണെന്ന് പലരും കരുതുന്നുണ്ട്. അങ്ങനെ കുറച്ച് തിയറികള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ അതെല്ലാം കള്ളമാണ്. ആ ഫോട്ടോ ഒരു ഫൈറ്റിനിടയിലുള്ളതാണ്. അല്ലാതെ ഈ സിനിമയില് ടൈം ട്രാവല്‍ എലമെന്റുകളൊന്നമില്ല,’ ലോകേഷ് കനകരാജ് പറയുന്നു.

Content Highlight: Lokesh Kanagaraj saying he didn’t compromise on Violence scenes in Coolie movie

We use cookies to give you the best possible experience. Learn more