| Friday, 26th December 2025, 9:31 pm

വിമര്‍ശനങ്ങളെല്ലാം സ്വീകരിക്കുന്നു, അടുത്ത സിനിമയില്‍ പരിഹരിക്കാം, എല്ലാവര്‍ക്കും നന്ദി: ലോകേഷ് കനകരാജ്

അമര്‍നാഥ് എം.

ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പിലെത്തി പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ച ചിത്രമായിരുന്നു കൂലി. രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ശരാശരിയിലൊതുങ്ങി. രജിനികാന്ത്, സത്യരാജ്, നാഗാര്‍ജുന, ഉപേന്ദ്ര, ആമിര്‍ ഖാന്‍ തുടങ്ങി വന്‍ താരനിര അണിനിരന്നിട്ടും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.

ചിത്രം ശരാശരിയില്‍ ഒതുങ്ങിയതിന് പിന്നാലെ ലോകേഷിനെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം കൂലി ട്രോള്‍ മെറ്റീരിയലായി മാറുകയും ചെയ്തു. കൂലിയുടെ റിലീസിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്. ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകേഷ് കനകരാജ് Photo: The South Cinema/ X.com

‘എല്ലാ വിമര്‍ശനങ്ങളെയും സ്വീകരിക്കുന്നു. ഇപ്പോള്‍ വന്ന വിമര്‍ശനങ്ങളെല്ലാം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടുത്ത സിനിമയില്‍ എല്ലാം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്രയും വിമര്‍ശനത്തിനിടയിലും ഈ സിനിമ ആളുകള്‍ കണ്ടതിന് കാരണം രജിനി സാര്‍ മാത്രമാണ്. പടത്തിന്റെ പ്രൊഡ്യൂസര്‍ എന്നോട് പറഞ്ഞത് 500 കോടിയോളം കളക്ഷന്‍ ലഭിച്ചെന്നാണ്. ഇത്രയും വലിയ വിജയമാക്കിയ എല്ലാവരോടും പ്രത്യേകം നന്ദി അറിയിക്കുന്നു,’ ലോകേഷ് കനകരാജ് പറഞ്ഞു.

പാ. രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസ് സംഘടിപ്പിച്ച ‘മാര്‍ഗഴിയില്‍ മക്കളിസൈ’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ലോകേഷ്. കൂലിയുടെ റിലീസിന് ശേഷം താന്‍ അടുത്ത ചിത്രത്തിന്റെ തിരക്കിലായിരുന്നെന്നും അതിനാല്‍ മാധ്യമങ്ങളോട് സംസാരിക്കാനുള്ള അവസരം കുറവായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂലി Photo: Theatrical Poster

സംവിധാനം ചെയ്യുന്ന അടുത്ത പ്രൊജക്ടിനെക്കുറിച്ച് അധികം വൈകാതെ അനൗണ്‍സ്‌മെന്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നാളെ മലേഷ്യയില്‍ നടക്കുന്ന ജന നായകന്‍ ഓഡിയോ ലോഞ്ചില്‍ ലോകേഷും ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ലിയോയുടെ സക്‌സസ് മീറ്റിന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചടങ്ങായിരിക്കും ഇത്.

അതേസമയം ലോകേഷിന്റെ അടുത്ത പ്രൊജക്ട് ഏതാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. രജിനി- കമല്‍ പ്രൊജക്ടില്‍ ലോകേഷിന്റെ പേര് ആദ്യം കേട്ടിരുന്നെങ്കിലും പിന്നീട് അത് മാറുകയായിരുന്നു. പ്രതിഫലത്തെ ചൊല്ലിയുള്ള ചര്‍ച്ച കാരണം കൈതി 2വിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. ഒരൊറ്റ സിനിമയിലൂടെ ലോകേഷിന്റെ കരിയര്‍ മാറിയതാണ് സിനിമാലോകത്തെ പ്രധാന ചര്‍ച്ച.

Content Highlight: Lokesh Kanagaraj saying he accepting all criticisms on Coolie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more