| Sunday, 18th January 2026, 9:45 am

ഡയലോഗടി മാത്രമേ ഉള്ളൂ, എല്‍.സി.യു ഇനി പ്രതീക്ഷിക്കണ്ടെന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഒന്നാണ് ലോകേഷ് കനകരാജ് ആരംഭിച്ച എല്‍.സി.യു. കൈതി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ വിക്രത്തിന്റെ കഥയിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു ലോകേഷ് തന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ചത്. പിന്നാലെയെത്തിയ ലിയോയും ഈ യൂണിവേഴ്‌സില്‍ സ്ഥാനം നേടിയതോടെ ഹൈപ്പ് പതിന്മടങ്ങായി.

ലിയോക്ക് ശേഷം ലോകേഷ് കൂലിയിലേക്ക് കടന്നപ്പോള്‍ ആരാധകര്‍ നിരാശരായിരുന്നു. എന്നാല്‍ കൂലിക്ക് ശേഷം താന്‍ എല്‍.സി.യുവിലെ ബാക്കി സിനിമകളിലേക്ക് കടക്കുമെന്നായിരുന്നു ലോകേഷ് അറിയിച്ചത്. എന്നാല്‍ കൂലിയിലൂടെ ലോകേഷ് തിരിച്ചടി നേരിട്ടതോടെ എല്‍.സി.യുവിന്റെ ഭാവിയും അവതാളത്തിലായിരിക്കുകയാണ്.

കൂലി സമ്മിശ്ര പ്രതികരണം നേടിയതിന് ശേഷം ലോകേഷ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി. പല പ്രൊജക്ടുകളില്‍ നിന്നും ലോകേഷ് മാറിയെന്നാണ് റിപ്പോര്‍ട്ട്. 2025 അവസാനത്തോടെ കൈതി 2ന്റെ ഷൂട്ട് ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിഫലത്തെച്ചൊല്ലിയുള്ള സംസാരമാണ് കൈതി 2വില്‍ നിന്ന് ലോകേഷ് പിന്മാറാനുള്ള കാരണമെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞദിവസം ലോകേഷ് തന്റെ പുതിയ പ്രൊജക്ട് അനൗണ്‍സ് ചെയ്തു. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനെ നായകനാക്കിയാണ് ലോകേഷ് പുതിയ ചിത്രം ഒരുക്കുന്നത്. AA 23 എന്ന് താത്കാലിക ടൈറ്റില്‍ നല്‍കിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോക്ക് വന്‍ വരവേല്പാണ് ലഭിക്കുന്നത്. ഇതിന് പിന്നാലെ ലോകേഷിന്റെ പഴയ അഭിമുഖം വൈറലായിരിക്കുകയാണ്.

ലിയോയുടെ സമയത്ത് ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അടുത്ത പ്രൊജക്ടുകളെക്കുറിച്ച് ലോകേഷ് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും വൈറലാണ്. ലിയോക്ക് ശേഷം രജിനിയോടൊപ്പമുള്ള ചിത്രമായിരിക്കും ചെയ്യുകയെന്ന് ലോകേഷ് പറഞ്ഞു. അതിന് ശേഷം കൈതി 2 അടക്കമുള്ള എല്‍.സി.യുവിലെ മറ്റ് പ്രൊജക്ടുകളിലേക്ക് കടക്കുമെന്നും ലോകേഷ് പറയുന്നു.

ഈയൊരു പോര്‍ഷന്‍ മാത്രം എടുത്തുകൊണ്ടുള്ള എഡിറ്റ് വീഡിയോകള്‍ ഇതിനോടകം വൈറലായി. എല്‍.സി.യുവിനെ ഐ.സി.യുവില്‍ കയറ്റിയെന്നാണ് പലരും ട്രോളുന്നത്. കൈതി 2, റോളക്‌സ്, എന്നീ പ്രൊജക്ടുകള്‍ വെറും പാഴ് വാഗ്ദാനമായിരുന്നന്നും അഭിപ്രായങ്ങളുണ്ട്. AA 23ക്ക് ശേഷം കൈതി 2 ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ചിലര്‍ പോസ്റ്റ് പങ്കുവെച്ചു.

കാര്‍ത്തി, സൂര്യ, കമല്‍ ഹാസന്‍ എന്നിവര്‍ മറ്റ് പ്രൊജക്ടുകളിലേക്ക് കടന്നതും വിജയ് സിനിമാജീവിതം ഉപേക്ഷിച്ചതും എല്‍.സി.യുവിന് കൂടുതല്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ്. വന്‍ ഹൈപ്പ് സമ്മാനിച്ച് എങ്ങുമെത്താതെ പോയ ഒന്നായി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് മാറിയെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

Content Highlight: Lokesh Kanagaraj’s old interview viral after AA 23 announcement

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more