ആളും ആരവവുമായി കൂലിയെ വരവേല്ക്കാന്‍ സിനിമാപ്രേമികള്‍ ഒരുങ്ങിക്കഴിഞ്ഞു. ആറ് മുതല്‍ അറുപത് വയസ്സുവരെയുള്ളവരുടെ ഒരേയൊരു സൂപ്പര്‍സ്റ്റാറിന്റെ പുതിയ അവതാരം സ്‌ക്രീനില്‍ തെളിയാന്‍ വെറും മണിക്കൂറുകള്‍ മാത്രം. പുലര്‍ച്ചെ നാല് മണിക്കാണ് കൂലിയുടെ ആദ്യ പ്രീമിയര്‍. ഇന്ത്യയില്‍ പുലര്‍ച്ചെ ആറ് മണിക്കാണ് ആദ്യ ഷോ ആരംഭിക്കുക.
റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും ഫാന്‍ തിയറികള്‍ക്ക് കുറവൊന്നുമില്ല. ലോകേഷ് ഈ സിനിമയും തന്റെ സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെടുത്തുമോ, എന്തെല്ലാം സര്‍പ്രൈസുകളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത് തുടങ്ങി നിരവധി ഫാന്‍ തിയറി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ചിത്രം സ്റ്റാന്‍ഡ് എലോണാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്.
റിലീസിന് മുമ്പ് എല്ലാവരോടും നന്ദി അറിയിച്ചുകൊണ്ട് കുറിപ്പിറക്കുന്ന ലോകേഷ് ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. രജിനികാന്തിന് നന്ദി പറഞ്ഞുകൊണ്ടാണ് തന്റെ കുറിപ്പ് ലോകേഷ് ആരംഭിച്ചത്. ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ അവസരം തന്നതിനും തന്റെ ക്രിയേറ്റീവ് ഫ്രീഡത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചതിനും രജിനികാന്തിനോട് ലോകേഷ് നന്ദി പറഞ്ഞു.
നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, ആമിര്‍ ഖാന്‍ എന്നിവരോട് ഈ സിനിമയില്‍ ഭാഗമായതില്‍ അകമഴിഞ്ഞ നന്ദിയുണ്ടെന്നും സംവിധായകന്‍ കുറിച്ചു. തന്റെ വിഷന്‍ എന്താണോ അത് പൂര്‍ണമായും സ്‌ക്രീനിലെത്തിക്കാന്‍ സഹായിച്ച സണ്‍ പിക്‌ചേഴ്‌സിനും കലാനിധി മാരനും നന്ദി പറയാന്‍ ലോകേഷ് മറന്നില്ല. ഒപ്പം ആദ്യാവസാനം തന്റെ കൂടെ നിന്ന ക്രൂവിനോടും അദ്ദേഹം നന്ദിയറിയിച്ചു.
തന്നോടും സിനിമയോടും സ്‌നേഹം കാണിക്കുന്ന പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞാണ് ലോകേഷ് കുറിപ്പ് അവസാനിപ്പിച്ചത്. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം കൂലി നിങ്ങളുടെ സ്വന്തമാകുമെന്നും തിയേറ്ററില്‍ ആഘോഷിക്കാനുള്ള ഒരുപാട് മൊമന്റ്‌സ് ചിത്രത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ‘തലൈവര്‍ക്ക്’ വേണ്ടിയുള്ള സ്റ്റാന്‍ഡ് എലോണ്‍ ചിത്രമാണ് കൂലിയെന്നും ലോകേഷ് സൂചിപ്പിച്ചു.
ആമിര്‍ ഖാനെപ്പോലെ വലിയൊരു താരത്തിന്റെ പ്രസന്‍സ് ഉണ്ടെന്ന് വെളിപ്പെടുത്തിയ ലോകേഷ് മറ്റ് സര്‍പ്രൈസുകള്‍ എന്തെങ്കിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ എന്നാണ് പ്രധാന ചര്‍ച്ച. ചിത്രത്തില്‍ രജിനിയുടെ ഫ്‌ളാഷ്ബാക്ക് അവതരിപ്പിക്കുന്നത് ശിവകാര്‍ത്തികേയനാണെന്ന തരത്തില്‍ റൂമറുകളുണ്ടായിരുന്നു. എന്തൊക്കെയാണ് കൂലിയിലെ സര്‍പ്രൈസെന്നറിയാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം.
Content Highlight: Lokesh Kanagaraj reveals that Coolie is not a part of LCU