| Tuesday, 12th August 2025, 3:29 pm

ഭാര്യയെയും കുട്ടികളെയും മീഡിയയുടെ മുന്നില്‍ കാണിക്കാത്തത് ഒരൊറ്റക്കാരണം കൊണ്ടാണ്: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഞ്ച് സിനിമകള്‍ കൊണ്ട് തമിഴ് സിനിമയുടെ മുന്‍നിരയില്‍ ഇടംപിടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ആരുടെയും അസിസ്റ്റന്റായി നില്‍ക്കാതെ ഷോര്‍ട് ഫിലിമുകളിലൂടെയാണ് ലോകേഷ് സിനിമാലോകത്തേക്ക് കടന്നുവന്നത്. തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളൊരുക്കി തന്റെ റേഞ്ച് സിനിമാലോകത്തിന് മുന്നില്‍ വ്യക്തമാക്കി.

തന്റെ കുടുംബജീവിതം ഒരിക്കലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്താത്തയാളാണ് ലോകേഷ്. പങ്കാളിയെയും മക്കളെയും കുറിച്ച് ഒരിക്കലും അഭിമുഖങ്ങളില്‍ സംസാരിക്കുകയോ അവരുമായി പൊതുചടങ്ങളില്‍ പങ്കെടുക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. എന്തുകൊണ്ട് കുടുംബത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാത്തതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ലോകേഷ് കനകരാജ്.

‘ഇതുവരെ ഞാന്‍ ചെയ്ത സിനിമകളില്‍ 80 ശതമാനം പുകഴ്ത്തുന്നവരും ബാക്കി 20 ശതമാനം വിമര്‍ശിച്ച് സംസാരിക്കുന്നവരുമുണ്ട്. അത് അങ്ങനെയാണെന്നാണ് എന്റെ വിശ്വാസം. നാളെ ഞാന്‍ ചെയ്യുന്ന ഒരു സിനിമ മോശമായാല്‍ അത് കാരണം എന്നെ നന്നായി ‘പ്രശംസിച്ച്’ ഒരുപാട് പേര്‍ വരുമെന്ന് ഉറപ്പാണ്. എത്രയോ പേരുടെ കാര്യത്തില്‍ അങ്ങനെ കണ്ടിട്ടുണ്ട്.

സിനിമയുടെ പരാജയമായാലും വിജയമായാലും അത് എന്റെ തലയില്‍ മാത്രം വന്നാല്‍ മതിയെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമയുടെ കഥകളോ അതിന്റെ പിന്നാമ്പുറങ്ങളോ എന്റെ കുടുംബത്തിനറിയില്ല. ഒരു സിനിമ മോശമായിക്കഴിഞ്ഞാല്‍ വീട്ടുകാരെ മെന്‍ഷന്‍ ചെയ്ത് ഓരോന്ന് ആളുകള്‍ പറഞ്ഞുണ്ടാക്കും. അത് എനിക്ക് അംഗീകരിക്കാനാകില്ല,’ ലോകേഷ് പറഞ്ഞു.

അവരെക്കുറിച്ച് ഓരോന്ന് പറയുമ്പോള്‍ അത് തനിക്കും അവര്‍ക്കും സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറയുന്നു. താന്‍ കാരണം കുടുംബക്കാര്‍ സങ്കടപ്പെടുന്നത് കാണാന്‍ തനിക്ക് താത്പര്യമില്ലെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന് സിനിമ കാണാനുള്ള ഏര്‍പ്പാട് ഉണ്ടാക്കിക്കൊടുക്കുമെന്നും അവര്‍ സിനിമ കണ്ട് അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫഷനും ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുകയാണെങ്കില്‍ അതിന്റെ വരും വരായ്കകള്‍ എന്തൊക്കെയാണെന്ന് തനിക്ക് നല്ല നിശ്ചയമുണ്ടെന്നും ലോകേഷ് കനകരാജ് പറയുന്നു. വലൈപ്പേച്ച് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.

Content Highlight: Lokesh Kanagaraj explains why he didn’t show his family in front of medias

We use cookies to give you the best possible experience. Learn more