ഇന്ത്യന്‍ സിനിമ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കൂലി. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തായിരുന്നു നായകന്‍. തെലുങ്കിലെയും ഹിന്ദിയിലെയും പല വമ്പന്‍ താരങ്ങളും അണിനിരന്ന കൂലിക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
കണ്ടുശീലിച്ച കഥയുടെ സ്ഥിരം അവതരണമായിരുന്നു ലോകേഷ് കൂലിയില്‍ ചെയ്തത്. വളരെ കുറച്ച് ഹൈ മൊമന്റുകള്‍ മാത്രം സമ്മാനിച്ച ചിത്രം ബോക്‌സ് ഓഫീസിലും ശരാശരിയിലൊതുങ്ങി. റിലീസിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനമായിരുന്നു ലോകേഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കൂലിയെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് ഇപ്പോള്‍.
‘സിനിമയെക്കുറിച്ച് ഓരോരുത്തര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. അത് ആവശ്യമുള്ളതാണ്. ആ പ്രതീക്ഷയില്ലെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നു. ഞാന്‍ മാത്രമല്ല, ഓരോ സൂപ്പര്‍സ്റ്റാറിനും പ്രതീക്ഷയുടെ ഒരു ബാധ്യതയുണ്ടാകും. അതിനോട് നീതി പുലര്‍ത്തുക എന്നതാണ് ഓരോ സിനിമയുടെയും വെല്ലുവിളി.
കൂലിയുടെ കാര്യമെടുത്താല്‍ 18 മാസം ആ സിനിമക്ക് വേണ്ടി ചെലവാക്കി. ആ 18 മാസം സിനിമയുടെ ഹൈപ്പ് എത്രത്തോളം ഉയരുമോ അത്രയും ഉയര്‍ന്നു. ട്രെയ്‌ലര്‍ റിലീസാകുന്നതിന് മുമ്പ് തന്നെ ഓരോരുത്തരും ടൈം ട്രാവല്‍, എല്‍.സിയു പോലുള്ള തിയറികള്‍ ഉണ്ടാക്കി. അതെല്ലാം എന്നോട് ചോദിക്കുകയും ചെയ്തു. രജിനി സാറിന്റെ സിനിമ ഇങ്ങനെയാകും, ലോകേഷിന്റെ പടം ഇങ്ങനെയാകും എന്നൊക്കെ ചിന്തിച്ചു വെച്ചു. ആ പ്രതീക്ഷ എങ്ങനെ കുറക്കും?
എന്നാല്‍ സിനിമ റിലീസായപ്പോള്‍ അവര്‍ പ്രതീക്ഷിച്ചതൊന്നും സിനിമയിലില്ലെങ്കില്‍ എന്തുചെയ്യും. ആ പ്രതീക്ഷക്കൊത്ത് എഴുതാന്‍ എനിക്ക് ഒരിക്കലും സാധിക്കില്ല. ഞാന്‍ എഴുതിയത് അവരുടെ പ്രതീക്ഷക്കൊത്ത് വന്നാല്‍ സന്തോഷം മാത്രം. അല്ലെങ്കില്‍ അതിനൊത്ത് ഉയരാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കും,’ ലോകേഷ് കനകരാജ് പറയുന്നു.
രജിനികാന്തിനൊപ്പം വന്‍ താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നു കൂലി. തെലുങ്ക് താരം നാഗാര്‍ജുന വില്ലനായെത്തിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, സത്യരാജ് എന്നിവരും പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. കന്നഡ താരം ഉപേന്ദ്ര, ബോളിവുഡ് താരം ആമിര്‍ ഖാന്‍ എന്നിവരും കൂലിയുടെ ഭാഗമായിട്ടുണ്ട്. വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ 500 കോടിക്കടുത്ത് ചിത്രം സ്വന്തമാക്കിയിരുന്നു.
Content Highlight: Lokesh Kanagaraj blames audience expectations for Coolie not working in Box Office