തമിഴിലെ യുവസംവിധായകരില്‍ ഏറെ ശ്രദ്ധേയരായവരാണ് കാര്‍ത്തിക് സുബ്ബരാജും ലോകേഷ് കനകരാജും. ആരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിക്കാതെ ഷോര്‍ട് ഫിലിമുകളിലൂടെയാണ് ഇരുവരും സ്വതന്ത്ര സംവിധായകരായത്. ആദ്യ സിനിമ മുതല്‍ ഇന്‍ഡസ്ട്രിയും ശ്രദ്ധ നേടിയ ഇരുവരും ഇന്ന് തമിഴിലെ മുന്‍നിരയിലെ പ്രധാനികളാണ്.
ഇരുവരും ഒരു സിനിമക്കായി കൈകോര്‍ക്കുന്നു എന്നതാണ് സിനിമാപേജുകളുടെ പുതിയ ചര്‍ച്ചാവിഷയം. കാര്‍ത്തിക് സുബ്ബരാജും ലോകേഷും ചേര്‍ന്ന് പുതിയൊരു ചിത്രം നിര്‍മിക്കുന്നു എന്ന വാര്‍ത്ത ഇതിനോടകം ചര്‍ച്ചയായി മാറി. കാര്‍ത്തിക് സുബ്ബരാജിന്റെ സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസും ലോകേഷിന്റെ ജി സ്‌ക്വാഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ലോകേഷിനൊപ്പം കോ റൈറ്ററായി പ്രവര്‍ത്തിച്ച രത്‌ന കുമാറാണ് ഈ ചിത്രത്തിന്റെ സംവിധായകനെന്നാണ് റിപ്പോര്‍ട്ട്. മാസ്റ്റര്‍, വിക്രം, ലിയോ എന്നീ സിനിമകളില്‍ സഹ എഴുത്തുകാരനായി പ്രവര്‍ത്തിച്ച രത്‌ന കുമാറിന്റെ നാലാമത്തെ സംവിധാന സംരംഭമാണിത്. ചിത്രത്തിലെ നായകന്‍ ആരാണെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
ചിത്രത്തിന്റെ ടൈറ്റില്‍ നാളെ പുറത്തുവിടുമെന്ന് നിര്‍മാതാക്കളിലൊരാളായ കാര്‍ത്തിക് സുബ്ബരാജ് അറിയിച്ചു. ചെന്നൈ പശ്ചാത്തലമാക്കി ഒരു ഫീല്‍ ഗുഡ് പ്രണയ ചിത്രമാണ് രത്‌ന കുമാര്‍ ഒരുക്കുന്നതെന്നാണ് സൂചന. മീയാധ മാന്‍, ആടൈ, ഗുളു ഗുളു എന്നീ ചിത്രങ്ങള്‍ പോലെ വ്യത്യസ്തമായ കഥയായിരിക്കും ഇത്തവണയും രത്‌ന കുമാര്‍ പറയുകയെന്നാണ് കരുതുന്നു.
ലിയോക്ക് ശേഷം നിര്‍മാണ രംഗത്തേക്ക് കടന്ന ലോകേഷിന്റെ അഞ്ചാമത്തെ നിര്‍മാണ സംരംഭമാണിത്. വ്യത്യസ്തമായ കഥകള്‍ പ്രേക്ഷകരിലേക്കെത്തുന്ന കാര്‍ത്തിക് സുബ്ബരാജ് കൂടി ചേരുമ്പോള്‍ മിനിമം ഗ്യാരണ്ടിയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷമാകും ചിത്രം തിയേറ്ററുകളിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
തമിഴിലെ മികച്ച സംഗീത സംവിധായകരിലൊരാളായ ഷോണ്‍ റോള്‍ഡനാണ് ചിത്രത്തിന്റെ സംഗീതം. പവര്‍ പാണ്ടിയിലൂടെ കരിയര്‍ ആരംഭിച്ച ഷോണ്‍ ഗുഡ് നൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഷോണ്‍ റോള്‍ഡന് സാധിച്ചിട്ടുണ്ട്.
Content Highlight: Lokesh Kanagaraj and Karthik Subbaraj joining hands for a movie