| Saturday, 19th July 2025, 11:25 am

സിനിമയില്‍ ഇംപാക്ടുണ്ടാക്കാന്‍ സ്‌ക്രീന്‍ ടൈം അധികം വേണ്ടെന്ന് തെളിയിച്ച കഥാപാത്രം: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലവില്‍ തമിഴിലെ ബ്രാന്‍ഡ് സംവിധായകനാണ് ലോകേഷ് കനകരാജ്. ആരുടെയും അസിസ്റ്റന്റാകാതെ ആദ്യചിത്രം കൊണ്ടുതന്നെ ഇന്‍ഡസ്ട്രിയെ ഞെട്ടിക്കാന്‍ ലോകേഷിന് സാധിച്ചു. രണ്ടാമത്തെ ചിത്രത്തിലൂടെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ലോകേഷ് വിജയ്‌യുമായിട്ടായിരുന്നു കൈകോര്‍ത്തത്. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റൊരുക്കി തന്റെ റേഞ്ച് വലുതാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

കഥാപാത്രങ്ങളുടെ സ്‌ക്രീന്‍ ടൈം ഒരിക്കലും പ്രധാനമല്ലെന്ന് പറയുകയാണ് ലോകേഷ് കനകരാജ്. ഒരു കഥാപാത്രത്തിന് സിനിമയില്‍ ഇംപാക്ടുണ്ടാക്കാന്‍ അയാള്‍ എത്രനേരം സ്‌ക്രീനില്‍ വന്നു എന്നതില്‍ കാര്യമില്ലെന്ന് ലോകേഷ് പറഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് റോളക്‌സ് എന്ന കഥാപാത്രമെന്നും ആകെ ഏഴ് മിനിറ്റ് മാത്രമേ ആ കഥാപാത്രം വരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈതി എന്ന സിനിമയില്‍ രണ്ടര മണിക്കൂര്‍ വരുന്ന ദില്ലി ഉണ്ടാക്കിയ അതേ ഇംപാക്ട് റോളക്‌സും ഉണ്ടാക്കിയെന്ന് ലോകേഷ് പറയുന്നു. രണ്ട് കഥാപാത്രങ്ങള്‍ക്കും വലിയ ഫാന്‍ബേസുണ്ടെന്നും അതില്‍ സ്‌ക്രീന്‍ ടൈം എന്നത് ഒരു ഘടകമായി ആരും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് കനകരാജ് ഇക്കാര്യം പറഞ്ഞത്.

‘ഒരു കഥാപാത്രത്തിന് റീച്ച് കിട്ടാന്‍ സ്‌ക്രീന്‍ ടൈം വലിയൊരു ഘടകമാണെന്ന് ഞാന്‍ കരുതുന്നില്ല. അതിന് വലിയ പ്രാധാന്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം. അയാള്‍ എത്രനേരം സ്‌ക്രീനില്‍ വന്നു എന്നതിനെക്കാള്‍ ഇംപോര്‍ട്ടന്‍സ് അയാള്‍ ഉണ്ടാക്കിയ ഇംപാക്ടിനാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരമണാണ് റോളക്‌സ്.

ആകെ ഏഴ് മിനിറ്റ് മാത്രമേ ആ കഥാപാത്രം സ്‌ക്രീനില്‍ വരുന്നുള്ളൂ. പക്ഷേ, അയാളുണ്ടാക്കിയ ഇംപാക്ട് എത്രയാണെന്ന് നോക്കൂ. കൈതിയില്‍ രണ്ടര മണിക്കൂര്‍ കൊണ്ട് ദില്ലി ഉണ്ടാക്കിയെടുത്ത അതേ ഇംപാക്ടാണ് റോളക്‌സും ഉണ്ടാക്കിയത്. രണ്ട് കഥാപാത്രങ്ങള്‍ക്കും വലിയ ഫാന്‍ബേസുണ്ട്. അതുകൊണ്ട് സ്‌ക്രീന്‍ ടൈമിന്റെ കാര്യത്തില്‍ എനിക്ക് വലിയ വിശ്വാസമില്ല,’ ലോകേഷ് പറഞ്ഞു.

രജിനികാന്ത് നായകനായെത്തുന്ന കൂലിയാണ് ലോകേഷിന്റെ പുതിയ ചിത്രം. വന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. രജിനിക്ക് പുറമെ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Lokesh Kanagaraj about the screen time of Rolex in Vikram movie

We use cookies to give you the best possible experience. Learn more