വിജയ്- ലോകേഷ് കനകരാജ് കോമ്പോ രണ്ടാമത് ഒന്നിച്ച ചിത്രമായിരുന്നു ലിയോ. വിക്രം എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ലോകേഷ് അണിയിച്ചൊരുക്കിയ ചിത്രം തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പായിരുന്നു സൃഷ്ടിച്ചത്. എല്‍.സി.യുവുമായി ബന്ധപ്പെട്ട നിരവധി ഫാന്‍ തിയറികള്‍ റിലീസിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
ഹോളിവുഡ് ക്ലാസിക്കായ എ ഹിസ്റ്ററി ഓഫ് വയലന്‍സിന്റെ ഇന്ത്യന്‍ അഡാപ്‌റ്റേഷനായാണ് ലിയോ ഒരുങ്ങിയത്. റിലീസിന് മുമ്പ് ഉണ്ടായിരുന്ന പ്രതീക്ഷ കാക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. ലോകേഷിന്റെ ഗംഭീര മേക്കിങ്ങും വിജയ്‌യില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പെര്‍ഫോമന്‍സും ചിത്രത്തിന്റെ പോസിറ്റീവായെങ്കിലും കെട്ടുറപ്പില്ലാത്ത ഫ്‌ളാഷ്ബാക്ക് പോര്‍ഷന്‍ ലിയോക്ക് വില്ലനായി മാറി. എന്നിരുന്നാലും ഇന്‍ഡസ്ട്രി ഹിറ്റായിട്ടാണ് ചിത്രം കളംവിട്ടത്.
എല്‍.സി.യുവിലേക്ക് കുത്തിക്കയറ്റിയെന്ന ആരോപണവും ലിയോക്ക് നേരെ ഉയര്‍ന്നിരുന്നു. ഒരാവശ്യവുമില്ലാതെ കൈതിയിലെ നെപ്പോളിയന്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ കൊണ്ടുവന്നെന്നായിരുന്നു ആരോപണം. ഇപ്പോഴിതാ ലിയോയിലെ എല്‍.സി.യു കണക്ഷനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്.
എല്‍.സി.യുവിലെ ഏത് കഥാപാത്രത്തെ ലിയോയില്‍ കൊണ്ടുവരണമെന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നെന്ന് ലോകേഷ് പറഞ്ഞു. കൈതിയിലെ നെപ്പോളിയന്‍ എന്ന കഥാപാത്രത്തെ തെരഞ്ഞെടുക്കാമെന്ന് തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലൈപ്പേച്ച് വോയിസിനോട് സംസാരിക്കുകയായിരുന്നു ലോകേഷ്.
‘ലിയോയിലെ എല്‍.സി.യു കണക്ഷനെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളുണ്ട്. പാര്‍ത്ഥിബന്‍ എന്ന കഥാപാത്രം പൊലീസ് സംരക്ഷണം വേണമെന്നും അത് തമിഴ്‌നാട്ടില്‍ നിന്നുള്ള ആളാകണമെന്നും ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയാണ് ജോര്‍ജ് മരിയന്‍ സാറിന്റെ നെപ്പോളിയന്‍ എന്ന കഥാപാത്രം ഈ സിനിമയിലേക്ക് എത്തുന്നത്.
കൈതി എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ അയാളുടെ കഥാപാത്രം വില്ലന്മാരെ കൊല്ലുന്നുണ്ട്. അതുകൊണ്ട് വെറുമൊരു കോമഡി കഥാപാത്രമായി മാത്രം നെപ്പോളിയനെ കണക്കാക്കാനാകില്ല. ലിയോയിലും നല്ലൊരു ഇംപാക്ടാണ് ആ കഥാപാത്രത്തിന് കൊടുത്തത്. എല്‍.സി.യുവിലേക്ക് ലിയോയെ കുത്തിക്കയറ്റിയതുപോലെ തോന്നുന്നെന്ന് പലരും പറഞ്ഞാലും എനിക്ക് ആ തോന്നലുണ്ടായിട്ടില്ല,’ ലോകേഷ് പറയുന്നു.
Content Highlight: Lokesh Kanagaraj about the LCU reference in Leo movie