ഇന്‍ഡസ്ട്രിയുടെ നാഴികക്കല്ലായി മാറുമെന്ന് പലരും കരുതുന്ന ചിത്രമാണ് കൂലി. രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ രജിനികാന്താണ് നായകന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റും പ്രതീക്ഷ കൂട്ടുന്നത് തന്നെയായിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തുവന്ന ട്രെയ്‌ലറിനും വന്‍ വരവേല്പാണ് ലഭിച്ചത്.
ചിത്രത്തില്‍ രജിനികാന്തിനെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്. 45 ദിവസത്തോളം നൈറ്റ് ഷൂട്ടായിരുന്നെന്നും എല്ലാം അവസാനിക്കുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയാകുമെന്നും ലോകേഷ് പറഞ്ഞു. എന്നാല്‍ പരാതിയൊന്നും പറയാതെ അദ്ദേഹം അത്രയും ദിവസം സഹകരിച്ചെന്നും 72ാം വയസിലും അപാര ഡെഡിക്കേഷനാണ് രജിനിക്കെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
‘ആക്ഷന്‍ സീനില്‍ ചിലതൊക്കെ അത്യാവശ്യം റിസ്‌കുള്ളതായിരുന്നു. അപ്പോള്‍ അതിന് വേണ്ടി ഒരു ഡ്യൂപ്പിനെ വെച്ചാലോ എന്ന് ആലോചിച്ചു. സാറിന്റെ പ്രായം നമ്മള്‍ പരിഗണിക്കണമല്ലോ എന്ന ചിന്തയിലായിരുന്നു അങ്ങനെ ചെയ്തത്. പക്ഷേ, ഡ്യൂപ്പിന്റെ കാര്യം അറിഞ്ഞപ്പോള്‍ ‘അത് വേണ്ട, ആളുകളെ നമ്മള്‍ പറ്റിക്കുന്നതുപോലെയാകും’ എന്നാണ് സാര്‍ പറഞ്ഞത്. സിനിമയോടുള്ള ഡെഡിക്കേഷനാണ് അദ്ദേഹം അങ്ങനെ പറയാന്‍ കാരണം,’ ലോകേഷ് കനകരാജ് പറഞ്ഞു.
ചിത്രത്തിന്റെ കാസ്റ്റിങ്ങില്‍ കണ്‍വിന്‍സ് ചെയ്യാന്‍ ഏറ്റവും പാടുപെട്ടത് നാഗാര്‍ജുനയെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലഞ്ച് വട്ടം ശ്രമിച്ച ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞതെന്നും ചിത്രത്തില്‍ അപാര പെര്‍ഫോമന്‍സാണ് നാഗാര്‍ജുന കാഴ്ചവെച്ചതെന്നും ലോകേഷ് പറയുന്നു. ഓഗസ്റ്റ് 14ന് സിനിമ കാണുമ്പോള്‍ അത് എല്ലാവര്‍ക്കും മനസിലാകുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
കൂലിയുടെ കഥയെക്കുറിച്ച് പല ഫാന്‍ തിയറികളും പ്രചരിക്കുന്നുണ്ടെന്നും അതെല്ലാം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ലോകേഷ് പറഞ്ഞു. സയന്‍സ് ഫിക്ഷന്‍ മുതല്‍ ടൈം ട്രാവല്‍ വരെ പലരും പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമ കാണുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഴോണര്‍ എല്ലാവര്‍ക്കും സര്‍പ്രൈസായിരിക്കുമെന്നും ലോകേഷ് പറഞ്ഞു. ഹൈദരബാദില്‍ നടന്ന പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.
ദേവ എന്ന കഥാപാത്രമായാണ് രജിനികാന്ത് കൂലിയില്‍ വേഷമിടുന്നത്. കന്നഡ താരം ഉപേന്ദ്ര, തെലുങ്ക് താരം നാഗാര്‍ജുന, മലയാളികളുടെ സ്വന്തം സൗബിന്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരം ആമിര്‍ ഖാനും കൂലിയുടെ ഭാഗമാകുന്നുണ്ട്. അനിരുദ്ധ് ഈണമിട്ട ഗാനങ്ങള്‍ ഇതിനോടകം ചാര്‍ട്ബസ്റ്ററായി മാറിക്കഴിഞ്ഞു.
Content Highlight: Lokesh Kanagaraj about Rajnikanth and Coolie movie