വെറും അഞ്ച് സിനിമകള്‍ കൊണ്ട് തമിഴിലെ ബ്രാന്‍ഡ് സംവിധായകനയി മാറിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ആരുടെയും അസിസ്റ്റന്റാകാതെ ആദ്യചിത്രം കൊണ്ടുതന്നെ ഇന്‍ഡസ്ട്രിയെ ഞെട്ടിക്കാന്‍ ലോകേഷിന് സാധിച്ചു. രണ്ടാമത്തെ ചിത്രത്തിലൂടെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ലോകേഷ് വിജയ്യുമായിട്ടായിരുന്നു കൈകോര്‍ത്തത്. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റൊരുക്കി തന്റെ റേഞ്ച് വലുതാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ആദ്യചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മഡോണ്‍ അശ്വിനെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്. താനും മഡോണും കോളേജ് കാലം മുതല്‍ സുഹൃത്തുക്കളാണെന്ന് ലോകേഷ് പറഞ്ഞു. പഠനത്തില്‍ വളരെ മുന്നില്‍ നില്‍ക്കുമ്പോഴും സിനിമയോട് ഒരുപാട് പാഷനുള്ള ആളായിരുന്നു മഡോണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യത്തെ ഷോര്‍ട് ഫിലിമായ ധര്‍മത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചെന്നും താന്‍ ആദ്യമായി കണ്ട ഷോര്‍ട് ഫിലിം അതായിരുന്നെന്നും ലോകേഷ് പറയുന്നു. മഡോണ്‍ അശ്വിന് മുമ്പ് താന്‍ ആദ്യ സിനിമ ചെയ്‌തെന്നും എന്നാല്‍ ഒരു സിനിമക്ക് വേണ്ടി പത്ത് വര്‍ഷത്തോളം അയാള്‍ പ്രയത്‌നിച്ചെന്നും ലോകേഷ് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഡോണ്‍ അശ്വിന്‍ എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. കോളേജില്‍ പഠിക്കുന്ന സമയം മുതല്‍ അവനെ എനിക്കറിയാം. എന്നെക്കാള്‍ ടാലന്റുള്ളവനാണ്. കോളേജിലെ റാങ്ക് ഹോള്‍ഡറൊക്കെയായിരുന്നു. പഠിത്തത്തിന്റെ കൂടെ സിനിമയോടുള്ള പാഷനും അവന്‍ ഒരുപോലെ കൊണ്ടുപോയിരുന്നു. സിനിമയെക്കുറിച്ച് ഒരുപാട് അറിവ് അവനുണ്ടായിരുന്നു.
ഞങ്ങളുടെ ടീമില്‍ നിന്ന് ആദ്യമായി ഷോര്‍ട് ഫിലിം ചെയ്തത് അശ്വിനായിരുന്നു. അതിന് നാഷണല്‍ അവാര്‍ഡും കിട്ടിയിരുന്നു. ധര്‍മം എന്നായിരുന്നു അതിന്റെ പേര്. 2012ലായിരുന്നു അത് റിലീസായത്. ഞാനൊക്കെ ആദ്യമായി കണ്ട ഷോര്‍ട് ഫിലിം അതായിരുന്നു. അടിപൊളിയായിരുന്നു അത്. ഞങ്ങള്‍ പിന്നീട് സിനിമയെക്കുറിച്ച് ഒരുപാട് സംസാരിച്ചു.
ഞാന്‍ ആദ്യസിനിമക്ക് എഗ്രിമെന്റ് എഴുതിയ സമയത്ത് അവന്‍ ആദ്യ സിനിമയായ മണ്ടേലയുടെ സ്‌ക്രിപ്റ്റ് എഴുതി തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അന്ന് ചോദിച്ചപ്പോള്‍ ‘ആദ്യത്തെ സിനിമ നാഷണല്‍ അവാര്‍ഡ് വാങ്ങുന്ന ഒന്നാകണം’ എന്നായിരുന്നു അവന്‍ പറഞ്ഞത്. അതുപോലെ സംഭവിച്ചു. ‘നീ ആദ്യത്തെ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ അസിസ്റ്റ് ചെയ്യാം’ എന്നൊക്കെ അവന്‍ പറഞ്ഞിരുന്നു. അവന്റെ വിഷന്‍ വലുതാണ്,’ ലോകേഷ് കനകരാജ് പറഞ്ഞു.
Content Highlight: Lokesh Kanagaraj about his friendship with Madonne Ashwin