| Tuesday, 13th January 2026, 7:08 am

അല്ലുവിനെ നായകനാക്കാന്‍ ലോകേഷ്, ആവശ്യപ്പെട്ട പ്രതിഫലം 75 കോടി? കൈതി 2വിനെ അടുത്തൊന്നും പ്രതീക്ഷിക്കണ്ട

അമര്‍നാഥ് എം.

കൂലി പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. ഇന്ത്യന്‍ സിനിമയിലെ പല സൂപ്പര്‍സ്റ്റാറുകളെയും അണിനിരത്തിയിട്ടും ഹൈപ്പിനൊത്ത് ഉയരാന്‍ കൂലിക്ക് സാധിച്ചില്ല. ഇതിന് ശേഷം ലോകേഷിന്റേതായി പറഞ്ഞുകേട്ട പല പ്രൊജക്ടുകളും അനിശ്ചിതത്വത്തിലാണ്.

തമിഴ് താരങ്ങള്‍ക്ക് പകരം തെലുങ്കിലെ സൂപ്പര്‍താരങ്ങളുമായി ലോകേഷ് കൈകോര്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂപ്പര്‍ സ്റ്റാറുമായി ചേരുമ്പോള്‍ ക്രാഫ്റ്റിന്റെ ക്വാളിറ്റി നഷ്ടമാകുന്നു എന്ന പരാതി ഇല്ലാതാക്കനാണ് ലോകേഷ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴിതാ ലോകേഷിന്റെ അടുത്ത പ്രൊജക്ട് ഏറെക്കുറെ ഉറപ്പായെന്നാണ് പുറത്തുവരുന്ന വിവരം.

തെലുങ്കില്‍ നിന്ന് പാന്‍ ഇന്ത്യന്‍ റീച്ച് സ്വന്തമാക്കിയ അല്ലു അര്‍ജുനുമായി ലോകേഷ് കൈകോര്‍ക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. അവസാനഘട്ട ചര്‍ച്ചകളിലേക്ക് ഇരുവരും കടന്നെന്നും അധികം വൈകാതെ ഈ പ്രൊജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പുഷ്പ നിര്‍മിച്ച മൈത്രി മൂവീ മേക്കേഴ്‌സ് ഈ പ്രൊജക്ട് നിര്‍മിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

75 കോടിയാണ് ഈ പ്രൊജക്ടിന്റെ പ്രതിഫലമായി ലോകേഷ് ആവശ്യപ്പെട്ടതെന്നും റൂമറുണ്ട്. ലിയോയില്‍ 30 കോടി വാങ്ങിയ ലോകേഷ് കൂലിക്ക് വേണ്ടി വാങ്ങിയ പ്രതിഫലം 50 കോടിയായിരുന്നു. ഇത്രയും ഉയര്‍ന്ന പ്രതിഫലം സ്വന്തമാക്കുന്നതിനാല്‍ തമിഴിലെ ബ്രാന്‍ഡ് ഡയറക്ടറായി ലോകേഷ് മാറുകയായിരുന്നു. അടുത്ത പ്രൊജക്ടിലേക്ക് എത്തുമ്പോള്‍ പ്രതിഫലം ഉയര്‍ത്തി സെന്‍സേഷനായി മാറുകയാണ് തമിഴ് സിനിമയുടെ എല്‍.കെ.

ഇത്രയും ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടതിനാലാണ് കൈതി 2 ഷൂട്ട് ആരംഭിക്കാന്‍ വൈകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കൈതിയുടെ ആദ്യഭാഗത്തിനായി ലോകേഷ് വാങ്ങിയത് മൂന്ന് കോടിയായിരുന്നു. രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ഇത്രയും ഉയര്‍ന്ന പ്രതിഫലം അംഗീകരിക്കാന്‍ നിര്‍മാതാക്കള്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് ലോകേഷ് സ്‌റ്റേറ്റ് ബോര്‍ഡര്‍ കടക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ അല്ലു അര്‍ജുന്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഫ്രീയാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അറ്റ്‌ലീ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഷൂട്ട് ഇനിയും പൂര്‍ത്തിയായിട്ടില്ല. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ പ്രൊജക്ട് 2027ലാകും റിലീസ്. അത്രയും കാലം സിനിമകള്‍ ചെയ്യാതെ ഇരിക്കുന്നത് ലോകേഷിന് തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടല്‍. കൂലിയുടെ ബട്ടര്‍ഫ്‌ളൈ ഇഫക്ട് കാരണം എല്‍.സി.യുവിന്റെ ഭാവി തുലാസിലായെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Lokesh is planning to do a project with Allu Arjun and asking remuneration of 75 crore

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more