| Saturday, 30th August 2025, 7:11 am

കേരളത്തില്‍ മാത്രമല്ല, ആന്ധ്രയിലും ലോകഃയുടെ തൂക്കിയടി, കപ്പ് മോഹിച്ച് ആരും വരണ്ട

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണം റിലീസുകളില്‍ ഏത് ചിത്രം വിജയിക്കുമെന്ന് പലരും പല തരത്തില്‍ കണക്കുകൂട്ടലുകള്‍ നടത്തിയിരുന്നു. വ്യത്യസ്ത ഴോണറുകളിലുള്ള സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കെന്ന കാര്യത്തില്‍ സംശയം പലതായിരുന്നു. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ സമ്മാനിച്ച ശേഷം മോഹന്‍ലാല്‍ ഫീല്‍ ഗുഡ് ചിത്രവുമായി എത്തുമ്പോള്‍ വിജയം ഹൃദയപൂര്‍വത്തിനാകുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ ഹൃദയപൂര്‍വത്തോടൊപ്പം ക്ലാഷ് വെച്ച ലോകഃ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഈ വര്‍ഷത്തെ ഏറ്റവും മികച്ച തിയേറ്റര്‍ അനുഭവങ്ങളിലൊന്നായി ലോകഃ മാറി. ആദ്യ ഷോയ്ക്ക് പിന്നാലെ ഗംഭീര അഭിപ്രായമാണ് ചിത്രം സ്വന്തമാക്കിയത്. പലയിടത്തും എക്‌സ്ട്രാ ഷോ ചാര്‍ട്ട് ചെയ്യുകയും ചെയ്തു.

രണ്ടാം ദിനമായ ഇന്നലെ മറ്റ് സിനിമകളെക്കാള്‍ വലിയ മുന്നേറ്റമാണ് ലോകഃ നടത്തിയത്. മൂന്നാം ദിനം തൊട്ട് കേരളത്തിലെ സ്‌ക്രീനുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. 250ല്‍ നിന്ന് 325 സ്‌ക്രീനുകളിലേക്ക് ലോകഃ കുതിച്ചു. രണ്ടാം ദിനം മാത്രം ചിത്രം വേള്‍ഡ്‌വൈഡായി 12 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേരളത്തില്‍ മാത്രമല്ല ചിത്രം തൂക്കിയടി നടത്തുന്നത്.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് ആന്ധ്രയിലും വന്‍ വരവേല്പാണ് ലഭിക്കുന്നത്. പലയിടത്തും ഹൗസ്ഫുള്‍ ഷോകളാണ് ചിത്രം സ്വന്തമാക്കിയത്. തെലുങ്ക് വേര്‍ഷനും മികച്ച പ്രതികരണം ലഭിച്ചതോടെ പാന്‍ ഇന്ത്യന്‍ വിജയത്തിലേക്കാണ് ലോകഃ കുതിക്കുന്നത്. ലക്കി ഭാസ്‌കറിന്റെ നിര്‍മാതാക്കളായ സിതാര എന്റര്‍ടൈന്മെന്റ്‌സാണ് ലോകഃയുടെ തെലുങ്ക് വിതരണക്കാര്‍.

മൂന്നാം ദിനത്തിലെ പ്രീ സെയില്‍ മാത്രം മൂന്ന് കോടിക്കടുത്ത് എത്തിയിട്ടുണ്ട്. ഓണാവധിയുടെ അഡ്വാന്റേജ് മുതലാക്കാന്‍ സാധിച്ച ചിത്രം ആദ്യ വീക്കെന്‍ഡില്‍ 45 കോടിക്കുമുകളില്‍ കളക്ഷന്‍ നേടുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. എല്ലാം ഒത്തുവന്നാല്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ 100 കോടി ചിത്രമായി ലോകഃ മാറും.

മോഹന്‍ലാലിന്റെ ഹൃദയപൂര്‍വവും ഭേദപ്പെട്ട കളക്ഷന്‍ നേടുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് 16 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളികളുടെ ഇഷ്ട കോമ്പോയായ മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഇത്തവണയും നിരാശപ്പെടുത്തിയിട്ടില്ല. ലളിതമായ കഥയുടെ ഹൃദ്യമായ അവതരണമാണ് ഹൃദയപൂര്‍വമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Lokah movie Telugu version got grand welcoming

We use cookies to give you the best possible experience. Learn more