| Monday, 8th September 2025, 6:18 pm

നീലിയായി ജാന്‍വി കപൂര്‍, ഒടിയനും ചാത്തനുമായി അക്ഷയ് കുമാറും, അജയ് ദേവ്ഗണും, 'ഖിലാഡികളുടെ ലോകഃ' ട്രോള്‍ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ക്കാനുള്ള കുതിപ്പിലാണ് അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്ത ലോകഃ ചാപ്റ്റര്‍ വണ്‍: ചന്ദ്ര. ഓണം റിലീസായെത്തിയ ചിത്രം 150 കോടിയും കടന്ന് കുതിക്കുകയാണ്. ഈ വര്‍ഷത്തെ മൂന്നാമത്തെ 200 കോടി കളക്ഷന്‍ ലോകഃ സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കല്യാണി പ്രിയദര്‍ശനാണ് ചന്ദ്രയായി വേഷമിടുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി വേര്‍ഷനിലും മികച്ച അഭിപ്രായമാണ് ലോകഃക്ക് ലഭിക്കുന്നത്. പാന്‍ ഇന്ത്യന്‍ ലെവലില്‍ ചിത്രത്തിന് മികച്ച പ്രശംസയും ലഭിക്കുന്നുണ്ട്. സമന്ത, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, രശ്മിക മന്ദാന തുടങ്ങിയവര്‍ ലോകഃയെ അഭിനന്ദിച്ച് രംഗത്തെത്തി. എല്ലാവരും ചിത്രത്തെക്കുറിച്ച് പോസിറ്റീവ് മാത്രമാണ് പറയുന്നത്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ട്രോള്‍ വൈറലായിരിക്കുകയാണ്. ലോകഃയുടെ ഹിന്ദി റീമേക്ക് എങ്ങനെയായിരിക്കുമെന്ന ചിന്തയില്‍ സൃഷ്ടിച്ച ട്രോള്‍ സോഷ്യല്‍ മീഡിയയെ കുടുകുടാ ചിരിപ്പിക്കുകയാണ്. ‘ഖിലാഡിയോം കാ ലോക്’ എന്ന ടൈറ്റിലാണ് സിനിമക്ക് നല്‍കിയിരിക്കുന്നത്. ബോളിവുഡില്‍ റീമേക്ക് സിനിമകള്‍ക്ക് പേര് കേട്ട മൂന്ന് താരങ്ങളാണ് പ്രധാനവേഷത്തിലെത്തുന്നത്.

ചന്ദ്രയായി ജാന്‍വി കപൂറാണ് വേഷമിടുന്നത്. കരിയറില്‍ ചെയ്ത ഭൂരിഭാഗം സിനിമകളും റീമേക്ക് ചെയ്ത ജാന്‍വിയല്ലാതെ ചന്ദ്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേറെ ആരുമില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എക്സ്റ്റന്‍ഡ് കാമിയോയായി ലോകഃയില്‍ കൈയടി നേടിയ കഥാപാത്രമായിരുന്നു ടൊവിനോയുടെ ചാത്തന്‍.

ഹിന്ദി റീമേക്കില്‍ ചാത്തനായി അക്ഷയ് കുമാറല്ലാതെ മറ്റാരെയും സങ്കല്പിക്കാനാകില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്. മലയാളത്തിലും തമിഴിലും ഏത് സിനിമ ഹിറ്റായാലും അതിന്റെ ഹിന്ദി റീമേക്ക് ട്രോളില്‍ പലപ്പോഴും ആദ്യ ചോയ്‌സ് അക്ഷയ് കുമാറാണ്. ഇത്തവണയും ആ പതിവ് മാറിയിട്ടില്ല. അവസാനത്തെ അഞ്ച് മിനിറ്റില്‍ ഒടിയനായി വേഷമിട്ട ദുല്‍ഖറിന്റെ കഥാപാത്രത്തിലേക്ക് അജയ് ദേവ്ഗണിനെയാണ് ട്രോളന്മാര്‍ പരിഗണിച്ചത്.

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളില്‍ ജനസാഗരം തീര്‍ത്ത് മുന്നേറുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഒപ്പമിറങ്ങിയ പല സിനിമകളെയും ബഹുദൂരം പിന്നിലാക്കിയാണ് ചിത്രത്തിന്റെ കുതിപ്പ്. പല തിയേറ്ററുകളിലും അര്‍ധരാത്രിയിലും ലോകഃക്കായി അധിക ഷോ ചാര്‍ട് ചെയ്യുന്നുണ്ട്. മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി ലോകഃ മാറുമെന്നാണ് പലരും വിലയിരുത്തുന്നത്.

Content Highlight: Lokah movie Hindi remake troll viral

We use cookies to give you the best possible experience. Learn more