| Tuesday, 9th September 2025, 3:26 pm

ലോകഃയൊക്കെ എന്തിന് വിജയിപ്പിക്കണം? തമിഴിലെ സൂപ്പര്‍ഹീറോ സിനിമകള്‍ ആദ്യം വിജയിപ്പിക്കൂ എന്ന് തമിഴ് സിനിമാപേജുകള്‍; വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ലോകഃ മാറുമെന്ന് ഏറെക്കുറേ ഉറപ്പായി. ഈ വര്‍ഷത്തെ മൂന്നാമത്തെ 200 കോടി ചിത്രമെന്ന നേട്ടം വരുംദിവസങ്ങളില്‍ ലോകഃ സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍. 250 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 500ലധികം കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. കേരളത്തിന് പുറത്തും ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്.

കൊത്ത ലോക എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് വേര്‍ഷന്‍ ആന്ധ്ര/ തെലങ്കാനയില്‍ നിന്ന് മാത്രം 10 കോടിക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിക്കഴിഞ്ഞു. മലയാളസിനിമകള്‍ വളരെ അപൂര്‍വമായി മാത്രം ഹിറ്റാകുന്ന തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണവും അതിനൊത്ത കളക്ഷനുമാണ് ലോകഃക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് 12 ദിവസത്തിനുള്ളില്‍ 13 കോടിയോളം ചിത്രം സ്വന്തമാക്കി.

എന്നാല്‍ തമിഴ്‌നാട്ടിലെ വിജയത്തില്‍ ഒരുവിഭാഗം തമിഴ് സിനിമാപ്രേമികള്‍ ലോകഃക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. തമിഴ് സിനിമയെക്കാള്‍ അന്യഭാഷാ സിനിമകളെ കൂടുതലായി സപ്പോര്‍ട്ട് ചെയ്യുകയും അവയെ വിജയിപ്പിക്കുകയും ചെയ്യുന്നതില്‍ അസ്വസ്ഥരായ ഒരുകൂട്ടം സിനിമാപേജുകളാണ് ലോകഃയെ വിജയിപ്പിക്കുന്ന പ്രേക്ഷകരെ വിമര്‍ശിക്കുന്നത്.

ലോകഃയെക്കാള്‍ മികച്ച സൂപ്പര്‍ഹീറോ സിനിമകള്‍ തമിഴിലുണ്ടെന്നും ആ സിനിമകളെ പ്രൊമോട്ട് ചെയ്യാതെ പരാജയപ്പെടുത്തിയെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ മാവീരനും ഹിപ് ഹോപ് ആദിയുടെ വീരനുമാണ് തമിഴിലെ മികച്ച സൂപ്പര്‍ഹീറോ സിനിമകളെന്ന് ഇവര്‍ അവകാശപ്പെടുന്നത്.

മഡോണ്‍ അശ്വിന്‍ സംവിധാനം ചെയ്ത് 2023ല്‍ റിലീസായ ചിത്രമാണ് മാവീരന്‍. സാധാരണക്കാരനായ നായകന് ഒരു അപകടത്തിന് ശേഷം പ്രത്യേക കഴിവ് ലഭിക്കുന്നതും അത് അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റവുമാണ് മാവീരന്റെ കഥ. ശിവകാര്‍ത്തികേയന്റെ മികച്ച പ്രകടനം കാണാന്‍ സാധിച്ച മാവീരന്‍ ബോക്‌സ് ഓഫീസില്‍ വിജയിച്ചിരുന്നു.

സംഗീതസംവിധാന രംഗത്ത് നിന്ന് നായകനായി മാറിയ ഹിപ്‌ഹോപ് തമിഴ് ആദി നായകനായി 2023ല്‍ തിയേറ്ററിലെത്തിയ വീരന്‍ സൂപ്പര്‍ ഹീറോ ഴോണറില്‍ പെടുത്താവുന്ന ചിത്രമാണ്. തിയേറ്ററില്‍ ശരാശരി വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചു. എന്നാല്‍ ലോകഃ സെന്‍സേഷനായി മാറിയപ്പോള്‍ ചില പേജുകള്‍ ഈ രണ്ട് സിനിമകളെയും വീണ്ടും ചര്‍ച്ചയാക്കുകയാണ്.

ലോകഃയെക്കാള്‍ വിജയം ഈ രണ്ട് സിനിമകളും അര്‍ഹിച്ചിരുന്നു എന്നാണ് ചില പേജുകളുടെ വാദം. റോസ്റ്റര്‍ ബ്രദേഴ്‌സ് എന്ന യൂട്യൂബ് ചാനല്‍ ‘ലോകഃ ഒരു വകക്ക് കൊള്ളാത്ത സിനിമ’ എന്നാണ് അഭിപ്രായപ്പെട്ടത്. മലയാളത്തില്‍ ഒരു സിനിമ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റാകുന്നതിന്റെ ഫ്രസ്റ്റ്രേഷനാണോ ഇതെന്ന് കമന്റ് ബോക്‌സില്‍ പലരും ചോദിക്കുന്നുണ്ട്.

നല്ല സിനിമകളെടുത്താല്‍ ഹിറ്റാകുമെന്നും മറ്റ് ഇന്‍ഡസ്ട്രികളിലെ സിനിമകള്‍ ഹിറ്റാകുന്നതില്‍ വിഷമിക്കണ്ടെന്നും ചില കമന്റുകളുണ്ട്. എന്നാല്‍ ഇത് ആദ്യമായല്ല, മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ ഗംഭീര ഹിറ്റായപ്പോള്‍ ഇത്തരത്തില്‍ ചില പേജുകള്‍ സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. തമിഴ് സിനിമകള്‍ നല്ലാതാണെങ്കില്‍ മലയാളികള്‍ അംഗീകരിക്കുന്നതുപോലെ തമിഴ്‌നാട്ടിലെ ചില പേജുകള്‍ക്ക് അംഗീകരിക്കാന്‍ മടിയാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Lokah movie got criticized by a group of Tamil movie pages in social media

We use cookies to give you the best possible experience. Learn more