മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിഞ്ഞ ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രമായെത്തിയ ലോകഃ ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടിയോളം സ്വന്തമാക്കി. മലയാളികള്‍ കേട്ടുവളര്‍ന്ന ഐതിഹ്യമാലയിലെ നീലിയുടെയും ചാത്തന്റെയും കഥയെ ഇന്നത്തെ ലോകത്തേക്ക് പറിച്ചുനട്ട ലോകഃ ഇന്‍ഡസ്ട്രി ഹിറ്റായി മാറി.
ഇപ്പോഴിതാ മറ്റൊരു ഇന്റര്‍നാഷണല്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ലോകഃ. അന്താരാഷ്ട്ര സിനിമാപേജായ ലെറ്റര്‍ബോക്‌സ് ഡിയുടെ മികച്ച സിനിമകളുടെ പട്ടികയില്‍ ലോകഃയും ഇടംപിടിച്ചു. ആക്ഷന്‍/ അഡ്വഞ്ചര്‍ ഴോണറില്‍ ഏറ്റവുമധികം റേറ്റിങ് നേടിയ സിനിമകളുടെ പട്ടികയിലാണ് ലോകഃയും ഇടംനേടിയത്. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ലോകഃ ചാപ്റ്റര്‍ വണ്‍.
ലിയോനാര്‍ഡോ ഡികാപ്രിയോയെ നായകനാക്കി പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്ത വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡില്‍ ഏറ്റവുമധികം സാധ്യത കല്പിക്കുന്നത് ഈ ചിത്രത്തിനാണ്. റയാന്‍ കൂഗ്‌ളര്‍ ഒരുക്കിയ സിന്നേഴ്‌സാണ് രണ്ടാം സ്ഥാനത്ത്.
ഡി.സിയുടെ സൂപ്പര്‍മാന്‍, ആപ്പിള്‍ ടി.വിയുടെ F1, തുടങ്ങിയവയാണ് ലിസ്റ്റിലെ മറ്റ് അന്താരാഷ്ട്ര സിനിമകള്‍. തമിഴ് ചിത്രമായ ബൈസണ്‍ കാലമാടന്‍, ബോളിവുഡ് ചിത്രം ധുരന്ധര്‍ എന്നിവയാണ് ലിസ്റ്റിലെ മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ റേറ്റിങ്ങിലൂടെയാണ് ലെറ്റര്‍ബോക്‌സ് ഡി അവരുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.
ലെറ്റര്‍ബോക്‌സിന്റെ റേറ്റിങ്ങില്‍ ഇടംപിടിച്ച ഒരേയൊരു മലയാള സിനിമ കൂടിയാണ് ലോകഃ. ഇന്‍ഡസ്ട്രിയുടെ അഭിമാനം ഉയര്‍ത്താന്‍ ചന്ദ്രക്ക് സാധിച്ചിരിക്കുകയാണ്. അഞ്ച് ഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ലോകഃ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലെറ്റര്‍ബോക്‌സിന്റെ പല വിഭാഗങ്ങളിലും ഇടംപിടിച്ച ചിത്രങ്ങള്‍ സിന്നേഴ്‌സും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറുമാണ്. കഴിഞ്ഞവര്‍ഷത്തെ ഗംഭീര സിനിമാനുഭവമാണെന്ന് പലരും അഭിപ്രായപ്പെട്ടവയായിരുന്നു ഈ രണ്ട് സിനിമകളും. ഓസ്‌കര്‍ വേദിയില്‍ ഈ രണ്ട് സിനിമകളും നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുമെന്ന് ഉറപ്പാണ്.
Content Highlight: Lokah movie entered in the list of Letterbox D