| Wednesday, 3rd September 2025, 3:05 pm

സീന്‍ തൂക്കി, ഏഴാം നാള്‍ 100 കോടി നേടി ലോകഃ, മലയാളത്തിലെ ഒരു നടിക്കുമില്ലാത്ത നേട്ടത്തില്‍ കല്യാണി പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണം റിലീസുകളിലെ യഥാര്‍ത്ഥ വിജയി ആരെന്നതിന് ഇനി തര്‍ക്കമില്ല. ഒപ്പമിറങ്ങിയ സിനിമകളെയെല്ലാം ബഹുദൂരം പിന്നിലാക്കിയുള്ള കുതിപ്പിനൊടുവില്‍ ലോകഃ കളക്ഷന്‍ റെക്കോഡിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. വേള്‍ഡ്‌വൈഡായി 100 കോടി ഇതിനോടകം ചിത്രം നേടിക്കഴിഞ്ഞു. ഈ വര്‍ഷം 100 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ലോകഃ.

റിലീസ് ചെയ്ത് ഏഴാമത്തെ ദിവസമാണ് ലോകഃ 100 കോടി ക്ലബ്ബില്‍ കയറിയത്. ഏറ്റവും വേഗത്തില്‍ 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ആദ്യ രണ്ട് സ്ഥാനവും മോഹന്‍ലാലിന് തന്നെയാണ്. രണ്ട് ദിവസം കൊണ്ട് 100 കോടി നേടിയ എമ്പുരാന്‍, അഞ്ച് ദിവസം കൊണ്ട് 100 കോടി നേടിയ തുടരും എന്നിവയാണ് ലിസ്റ്റിലെ മറ്റ് ചിത്രങ്ങള്‍.

100 കോടി ക്ലബ്ബില്‍ കയറിയ ആദ്യ ഫീമെയില്‍ ഓറിയന്റഡ് മലയാളചിത്രമായി ലോകഃ മാറിയിരിക്കുകയാണ്. മലയാളത്തില്‍ ഇന്നേവരെ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമക്ക് പോലും നേടാനാകാത്ത അപൂര്‍വ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സൗത്ത് ഇന്ത്യയിലും 100 കോടി കളക്ഷന്‍ നേടുന്ന ആദ്യത്തെ ഫീമെയില്‍ ലീഡ് ചിത്രമാണ് ലോകഃ.

എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ലോകഃയെക്കാള്‍ കളക്ഷന്‍ നേടിയ ഫീമെയില്‍ ലീഡ് ചിത്രങ്ങള്‍ നിരവധിയാണ്. സൈറ വസീം പ്രധാനവേഷത്തിലെത്തിയ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ (850 കോടി), ശ്രദ്ധ കപൂര്‍ നായികയായ സ്ത്രീ 2(670 കോടി), കങ്കണ റണൗട്ടിന്റെ തനു വെഡ്‌സ് മനു 2 (278 കോടി), ക്വീന്‍ (140 കോടി) എന്നിവയാണ് ലിസ്റ്റിലെ മറ്റ് ചിത്രങ്ങള്‍.

എന്നാല്‍ ലോകഃയുടെ കുതിപ്പ് 200 കോടി കടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഓണം വെക്കേഷനും ജി.സി.സിയില്‍ നബിദിനത്തിന്റെ അവധിയും ലോകഃക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നാല് ദിവസത്തെ അവധിയാണ് ജി.സി.സി രാജ്യങ്ങളില്‍ വരുന്നത്. ഇത് ചിത്രത്തിന്റെ കളക്ഷന്‍ ഇനിയും ഉയരാന്‍ സഹായിക്കും.

കേരളത്തിലും ചിത്രം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ആദ്യവാരത്തില്‍ 250 സ്‌ക്രീനില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം മുതല്‍ 325 സ്‌ക്രീനുകളിലേക്ക് വ്യാപിച്ചു. അടുത്തയാഴ്ച മുതല്‍ 420 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ്.

തെലുങ്ക് വേര്‍ഷന്‍ ഇതിനോടകം അഞ്ച് കോടിയോളം നേടി മുന്നേറുകയാണ്. ദുല്‍ഖര്‍ സല്‍മാനും തെലുങ്കിലുള്ള ഫാന്‍ ബേസും പ്രേമലുവിന് ശേഷം നസ്‌ലെന് അവിടെ ലഭിച്ച സ്വീകാര്യതയും ചിത്രത്തിന് ഗുണം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ഈ വര്‍ഷത്തെ ഇയര്‍ടോപ്പര്‍ ലോകഃ സ്വന്തമാക്കിയാലും അത്ഭുതപ്പെടാനില്ല.

Content Highlight: Lokah movie entered in 100 crore club within seven days

We use cookies to give you the best possible experience. Learn more