| Tuesday, 16th September 2025, 8:12 pm

എമ്പുരാന് പോലും സാധിക്കാത്ത നേട്ടത്തില്‍ ലോകഃ, 300 കോടിയും നേടിയിട്ടേ കളം വിടുള്ളൂ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വമ്പന്‍ പ്രൊമോഷനുകളൊന്നും ഇല്ലാതെ വന്ന് ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷനുമായി മുന്നേറുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം പല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്ത് തിയേറ്ററുകളെ ജനസാഗരമാക്കുകയാണ്. 250 കോടിയും കടന്ന് ചിത്രം കുതിപ്പ് തുടരുകയാണ്.

പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റായ ചിത്രം ഇപ്പോള്‍ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഓവര്‍സീസില്‍ നിന്ന് മാത്രം 100 കോടി ഇതിനോടകം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് ലോകഃ. മോഹന്‍ലാല്‍ നായകനായ എമ്പുരാനാണ് ഓവര്‍സീസില്‍ നിന്ന് 100 കോടി എന്ന അപൂര്‍വനേട്ടം സ്വന്തമാക്കിയ ആദ്യ മലയാള ചിത്രം.

എന്നാല്‍ എമ്പുരാന് പോലും സ്വന്തമാക്കാനാകാത്ത നേട്ടം ലോകഃ സ്വന്തമാക്കിയിരിക്കുകയാണ്. റെസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്ന് 50 കോടി ഇതിനോടകം ചിത്രം നേടിക്കഴിഞ്ഞു. ഓവര്‍സീസില്‍ നിന്ന് 100 കോടിയും റെസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്ന് 50 കോടിയും സ്വന്തമാക്കുന്ന ആദ്യ മലയാളസിനിമയായി ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര മാറിക്കഴിഞ്ഞു.

മലയാളത്തില്‍ നിന്ന് ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടംനേടിയ മഞ്ഞുമ്മല്‍ ബോയ്‌സിനും ഈ നേട്ടം സ്വന്തമാക്കാനായിരുന്നില്ല. കേരളത്തിന് പുറത്ത് നിന്ന് 68 കോടി നേടിയ ചിത്രം ഓവര്‍സീസില്‍ നിന്ന് 78 കോടിയും നേടിയിരുന്നു. എന്നാല്‍ പ്രധാനമായും വരുമാനം ലഭിക്കുന്ന മൂന്ന് ഏരിയയില്‍ നിന്നും വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കി ലോകഃ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 83 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ തുടരും ആണ് ലിസ്റ്റില്‍ ഒന്നാമന്‍. കേരളത്തില്‍ നിന്ന് 118 കോടി നേടിയാണ് മോഹന്‍ലാല്‍ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ഇതിനെ മറികടക്കാന്‍ ലോകഃക്ക് സാധിക്കുമോ എന്നാണ് പലരുടെയും സംശയം.

മോഹന്‍ലാല്‍ ചിത്രത്തെ മറികടന്ന് ഇന്‍ഡസ്ട്രി ഹിറ്റായി ലോകഃ മാറിയാല്‍ മലയാളസിനിമക്കും അത് വലിയൊരു നേട്ടമാകും. ഒരു വര്‍ഷത്തില്‍ രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ പിറക്കുക എന്ന അപൂര്‍വ നേട്ടമാണ് ഇതിലൂടെ സ്വന്തമാകുക. 300 കോടിയെന്ന നാഴികക്കല്ലിലേക്ക് ലോകഃ എന്ന ചിത്രം നടന്നുകയറുമോ എന്ന് മാത്രമേ ഇനി കാണാന്‍ ബാക്കിയുള്ളൂ.

Content Highlight: Lokah movie crossed 100 crore collection from Overseas

We use cookies to give you the best possible experience. Learn more