| Saturday, 6th December 2025, 2:46 pm

100 ദിവസം തിയേറ്റര്‍ റണ്‍, ഒ.ടി.ടി യുഗത്തില്‍ ചരിത്രമെഴുതി ലോകഃ ചാപ്റ്റര്‍ വണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍. മലയാളസിനിമയിലെ സകല റെക്കോഡുകളും സ്വന്തം പേരിലാക്കി ചരിത്രവിജയം സ്വന്തമാക്കാന്‍ ലോകഃക്ക് സാധിച്ചു. ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടി നേടിയ ചിത്രം മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും സ്വന്തമാക്കി.

എന്നാല്‍ അതിനെക്കാള്‍ സ്‌പെഷ്യലായ മറ്റൊരു നേട്ടത്തിലാണ് ലോകഃ ഇപ്പോള്‍ എത്തിയിരിക്കുന്നത്. 100 ദിവസം തിയേറ്റര്‍ റണ്‍ എന്ന അപൂര്‍വ നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ലോകഃയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 40 ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമകളുള്ള മോളിവുഡില്‍ ലോകഃയുടെ 100 ദിവസം വേറിട്ട് നില്‍ക്കുന്നുണ്ട്.

റിലീസ് ചെയ്ത് ഒരു മാസം കഴിയുമ്പോള്‍ ഒ.ടി.ടിയില്‍ സിനിമ കാണാന്‍ സൗകര്യമുള്ള ഇന്നത്തെ കാലത്ത് 50 ദിവസം തിയേറ്റര്‍ റണ്‍ എന്നത് വലിയൊരു കടമ്പയാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ ലോകഃയുടെ 100 ദിവസത്തിന് തിളക്കമേറെയാണ്. കേരളത്തിലെ മൂന്ന് സ്‌ക്രീനുകളിലാണ് ലോകഃ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നത്.

തിരുവനന്തപുരം പി.വി.ആര്‍ ലുലു, കോഴിക്കോട് പാലക്‌സി സിനിമാസ്, കൊച്ചി പി.വി.ആര്‍ ലുലു എന്നീ സ്‌ക്രീനുകളിലാണ് ഇപ്പോഴും ലോകഃയുടെ ഷോയുള്ളത്. ഈ പതിറ്റാണ്ടില്‍ 100 ദിവസം തിയേറ്റര്‍ റണ്‍ ലഭിച്ച ആദ്യ സിനിമയല്ല ലോകഃ. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്‌സ് 100 ദിവസത്തോളം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാല്‍ അത് കേരളത്തിലായിരുന്നില്ല. തമിഴ്‌നാട്ടിലെ ചില തിയേറ്ററുകളില്‍ മഞ്ഞുമ്മലിലെ പിള്ളേരുടെ തേരോട്ടമായിരുന്നു കാണാന്‍ സാധിച്ചത്. ബോക്‌സ് ഓഫീസിലും മഞ്ഞുമ്മല്‍ ബോയ്‌സ് വന്‍ വിജയം സ്വന്തമാക്കി. മഞ്ഞുമ്മലിന് ശേഷം മറ്റൊരു സിനിമ കൂടി 100 ദിവസം എന്ന അപൂര്‍വ നേട്ടത്തിലേക്ക് നടന്നടുക്കുകയാണ്.

രണ്ടാം ഭാഗത്തിന് സാധ്യത വെച്ചുകൊണ്ടാണ് ലോകഃ ചാപ്റ്റര്‍ വണ്‍ അവസാനിച്ചത്. ആദ്യഭാഗത്തില്‍ അതിഥിവേഷത്തിലെത്തി കൈയടി നേടിയ ടൊവിനോയാണ് ചാപ്റ്റര്‍ 2വിലെ നായകന്‍. മുഖം കാണിച്ചില്ലെങ്കിലും സിനിമയില്‍ സാന്നിധ്യം നിലനിര്‍ത്തിയ മമ്മൂട്ടിയുടെ മൂത്തോനും രണ്ടാം ഭാഗത്തിലുണ്ട്. 2026ല്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും.

Content Highlight: Lokah movie completed 100 fays theatrical run

We use cookies to give you the best possible experience. Learn more