ഓണം റിലീസുകള്‍ക്ക് പിന്നാലെ തിയേറ്ററുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലോകഃയാണ് സീസണ്‍ കപ്പ് തൂക്കിയത്. 250 സ്‌ക്രീനുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം വന്‍ ഡിമാന്‍ഡിന് പിന്നാലെ 330 സ്‌ക്രീനുകളിലേക്ക് വ്യാപിച്ചു.
പലയിടത്തും എക്‌സ്ട്രാ ഷോ ചാര്‍ട്ട് ചെയ്തിട്ടും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. രാവിലെ ആറ് മണിക്കടക്കം ആദ്യ ഷോ ചാര്‍ട്ട് ചെയ്ത തിയേറ്ററുകളുണ്ട്. ആദ്യദിനം വെറും മൂന്ന് കോടിക്കടുത്ത് മാത്രം നേടിയ ലോകഃ അണ്‍സ്‌റ്റോപ്പബിളായാണ് ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ മുന്നേറുന്നത്.
രണ്ടാം ദിനം ചിത്രത്തിന്റെ കളക്ഷന്‍ 15 കോടിയായും മൂന്നാം ദിനം 14 കോടിയായും കളക്ഷന്‍ മെച്ചപ്പെട്ടു. നാലാം ദിനമായ ഞായറാഴ്ച ഇതുവരെ 20 കോടിയും കടന്നിരിക്കുകയാണ്. ഒറ്റദിവസം കൊണ്ട് 20 കോടി എന്ന അപൂര്‍വ നേട്ടത്തിലേക്ക് ലോകഃ ചാപ്റ്റര്‍ വണ്ണും ഇടംപിടിച്ചു.
ഇതിന് മുമ്പ് എട്ട് തവണയാണ് മലയാളസിനിമ 20 കോടിക്ക് മുകളില്‍ ഒരുദിവസം കളക്ഷന്‍ നേടിയത്. എല്ലാം മോഹന്‍ലാല്‍ സിനിമകള്‍ക്കാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ലിസ്റ്റില്‍ മോഹന്‍ലാല്‍ അല്ലാതെ ഇടംപിടിച്ചത് കല്യാണി പ്രിയദര്‍ശനാണ് എന്നത് ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണ്.
എമ്പുരാനാണ് ഒരുദിവസം നേടിയ ഏറ്റവുമുയര്‍ന്ന കളക്ഷന്‍. ലിസ്റ്റിലെ ആദ്യത്തെ അഞ്ചും എമ്പുരാന്റെ പേരിലാണ്. ആദ്യദിനം 68 കോടി നേടിയ ചിത്രം രണ്ടാം ദിവസം 34.5 കോടിയും സ്വന്തമാക്കി. മൂന്നാം ദിവസം 35 കോടി, നാലാം ദിവസം 39 കോടി, അഞ്ചാം ദിവസം 26.2 കോടി എന്നിങ്ങനെയാണ് കളക്ഷന്‍.
ലിസ്റ്റിലെ അടുത്ത ചിത്രം തുടരും ആണ്. രണ്ടാം ദിനം 25.9 കോടിയും മൂന്നാം ദിനം 26.1 കോടിയും നേടിയിട്ടുണ്ട്. എന്നാല്‍ ആദ്യമായി 20 കോടി വേള്‍ഡ്‌വൈഡ് ഓപ്പണിങ്ങിന് തുടക്കമിട്ട മലയാളചിത്രം മരക്കാറാണ്. 20.4 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഈ റെക്കോഡിലെ നോണ്‍ മോഹന്‍ലാല്‍ എന്‍ട്രിയാണ് ഇപ്പോള്‍ ലോകഃ നടത്തിയത്.
റിലീസ് ചെയ്ത് നാലാംദിനം തന്നെ 50 കോടി ക്ലബ്ബില്‍ ലോകഃ ഇടംപിടിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ അഞ്ചാമത്തെ 50 കോടി ചിത്രമാണ് ലോകഃ. എന്നാല്‍ 50 കോടിയും കടന്ന് 150 കോടിയെങ്കിലും മിനിമം നേടുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച വരവേല്പാണ്.
Content Highlight: Lokah movie collected more than 20 crores in single day