| Saturday, 4th October 2025, 5:47 pm

പൂണുലില്ലാത്ത ദൈവങ്ങളുടെ കഥ പറയുന്ന ലോകയും കാന്താരയും; വിഡ്ഢിവേഷം കെട്ടുന്ന ഹിന്ദുത്വരും വിമര്‍ശകരും

അമര്‍നാഥ് എം.

കന്നഡ ഇന്‍ഡസ്ട്രിയിലെ ചരിത്രവിജയത്തിലേക്ക് കടക്കുകയാണ് കാന്താര ചാപ്റ്റര്‍ വണ്‍. 2022ല്‍ പുറത്തിറങ്ങിയ കാന്താരയുടെ കഥ നടക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള സംഭവമാണ് ചാപ്റ്റര്‍ വണ്‍ പറയുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ ചിത്രം എല്ലായിടത്തും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കന്നഡ ഇന്‍ഡസ്ട്രിയുടെ തലവര മാറ്റിയെഴുതുന്ന വിജയമായി ചിത്രം മാറുമെന്നാണ് കണക്കുകൂട്ടുന്നത്.

കാന്താര ചാപ്റ്റര്‍ വണ്ണിനൊപ്പം മലയാളത്തിലും ചരിത്രവിജയം സ്വന്തമാക്കുന്ന മറ്റൊരു ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഴോണറുകള്‍ കൊണ്ട് വ്യത്യസ്തമാണെങ്കിലും രണ്ട് സിനിമകളും പൊതുവായി പറഞ്ഞുവെക്കുന്ന രാഷ്ട്രീയം ഒന്നുതന്നെയാണൈന്നത് ശ്രദ്ധേയമാണ്. രണ്ട് സിനിമകളിലും നെഗറ്റീവ് കഥാപാത്രങ്ങളായി ചിത്രീകരിച്ചിരിക്കുന്നത് രാജാക്കന്മാരെയാണ്.

ലോകഃയില്‍ നീലിയുടെ ഫ്‌ളാഷ്ബാക്ക് പറയുന്നിടത്താണ് രാജഭരണകാലത്തെ ക്രൂരതകള്‍ കാണിക്കുന്നത്. കാട്ടില്‍ തന്റെ കുലദേവതയായ ഭദ്രകാളിയുടെ ക്ഷേത്രത്തില്‍ അവിടെ ജീവിക്കുന്ന കുട്ടി കയറിയെന്നറിഞ്ഞ് രാജാവിന് ദേഷ്യം വരുന്നു. കാളിയുടെ വിഗ്രഹത്തില്‍ നിന്ന് വീണുപോയ മുത്തെടുത്ത് നീലി തന്റെ കാട്ടിലെ ദൈവത്തിന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയത് രാജാവിന്റെ ദേഷ്യം ഇരട്ടിപ്പിച്ചു.

നീലിയുടെ കുടുംബത്തെ കൊല്ലുകയും അന്നാട്ടിലുള്ളവരുടെ വീടിനും അവരുടെ അമ്പലത്തിന് തീവെച്ചുമാണ് രാജാവ് തന്റെ ദേഷ്യം തീര്‍ക്കുന്നത്. താന്‍ ആരാധിക്കുന്ന ദൈവത്തെ തൊടാന്‍ സാധാരണക്കാര്‍ വളര്‍ന്നിട്ടില്ല എന്ന ദാര്‍ഷ്ട്യമാണ് രാജാവിന്റെ പ്രവൃത്തിയിലൂടെ ലോകഃയുടെ സംവിധായകന്‍ വരച്ചുകാട്ടുന്നത്. ഇതിനോട് സാമ്യമുള്ള കാര്യം തന്നെയാണ് കാന്താരയും പറയുന്നത്.

കാടിനോടും പ്രകൃതിയോടും ചേര്‍ന്ന് ജീവിക്കുന്ന ഒരു ജനത. അവരുടെ മണ്ണിന് പ്രത്യേക ശക്തിയുണ്ടെന്നറിഞ്ഞ് അത് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന രാജാവിനെ ആ ഭൂമിയുടെ കാവല്‍ക്കാരനായ ദൈവം ഇല്ലാതാക്കുന്നു. രണ്ട് തലമുറകള്‍ക്കിപ്പുറവും രാജാവ് ആ ഭൂമി കൈക്കലാക്കാന്‍ ശ്രമിക്കുകയും അതിന് തടസം നില്‍ക്കുന്ന കാടിന്റെ ദൈവത്തെയും ഇല്ലാതാക്കാന്‍ നോക്കുകയും ചെയ്യുന്നതാണ് കാന്താര ചാപ്റ്റര്‍ വണ്ണിന്റെ കഥ.

ക്ഷേത്രത്തിന്റെ പരിസരത്തേക്ക് പോലും കടക്കാന്‍ അനുമതിയില്ലാത്ത ഒരു ജനത അവരുടേതായ ദൈവത്തെ ആരാധിക്കുന്നു. എന്നാല്‍ ആ ദൈവത്തിന്റെ ശക്തിയും സഹായവും നേടാന്‍ വേണ്ടി അതിനെ വരുതിയിലാക്കാനാണ് രാജാവ് ശ്രമിക്കുന്നത്. ദ്രാവിഡ ദൈവങ്ങള്‍ക്ക് മേല്‍ പൂണൂല്‍ ധാരികളായ ദൈവങ്ങളുടെ അധിനിവേശത്തെ ഒരു ജനത എങ്ങനെ ചെറുത്തു തോല്പിച്ചു എന്നാണ് കാന്താര പറഞ്ഞുവെക്കുന്നത്.

ചിത്രത്തില്‍ പലയിടത്തായി അത് സംവിധായകന്‍ വ്യക്തമാക്കുന്നുമുണ്ട്. ഹനുമാന്റെ ചിത്രമുള്ള കാവിക്കൊടിയുള്ള കോട്ട തകര്‍ത്തുകൊണ്ടാണ് നായകന്‍ തന്റെ ദൈവത്തെ വീണ്ടെടുക്കാനായി യുദ്ധത്തിനെത്തുന്നത്. സവര്‍ണ അധിനിവേശത്തിനെതിരെയാണ് കാന്താര സംസാരിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കാത്ത ചില ഹിന്ദുത്വവാദികള്‍ കാന്താരയെ സനാതനത്തിനോട് കൂട്ടിക്കെട്ടുന്നതും മറ്റ് ചിലര്‍ ഈ സിനിമ ഹിന്ദുത്വ അജണ്ട ഒളിപ്പിച്ചു കടത്തുന്നു എന്ന് മുറവിളി കൂട്ടുന്നതും കാണുമ്പോള്‍ ചിരിക്കാതെ വയ്യ.

മലയാളവും കന്നഡയും മാത്രമല്ല, തമിഴ് സിനിമയും ദൈവസങ്കല്പത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. വിക്രം നായകനായെത്തിയ തങ്കലാനില്‍ കാടിനോട് ചേര്‍ന്ന് ജീവിക്കുന്നവര്‍ വിഗ്രഹാരാധന നടത്തുന്നത് കാണുന്ന രാജഗുരു ആ വിഗ്രഹത്തെ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്ന രംഗമുണ്ട്. വിഗ്രഹത്തെ പൂജിക്കാന്‍ പൂണൂലുള്ളവര്‍ക്ക് മാത്രമേ അധികാരമുള്ളൂ എന്ന സവര്‍ണരാഷ്ട്രീയത്തെ വിമര്‍ശിക്കുകയായിരുന്നു ഈ സീനിലൂടെ സംവിധായകന്‍ പാ. രഞ്ജിത്.

പൂണൂല്‍ ധരിച്ച ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്ന് സ്വയം അവകാശപ്പെടുന്ന ബ്രാഹ്‌മണര്‍ എല്ലാ കാലത്തും സാധാരണക്കാരെ ദൈവത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയ ചരിത്രം മാത്രമേയുള്ളൂ. അതില്‍ നിന്ന് മാറി തങ്ങളുടേതായ ദൈവത്തെ ആരാധിക്കുന്ന സാധാരണക്കാരുടെ കഥകള്‍ എന്നും ഓര്‍മിക്കപ്പെടേണ്ടതാണ്. കാന്താര അതിനൊരു തുടക്കം മാത്രമാകട്ടെ.

Content Highlight: Story of Dravida gods said in Lokah and Kantara Chapter one

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more