| Tuesday, 2nd September 2025, 12:16 pm

സിനിമ കണ്ട് ഡി.ക്യുവും ടൊവി ചേട്ടനും എനിക്ക് മെസേജയച്ചു: ലോകഃയിലെ കുട്ടി നീലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കല്യാണി പ്രിയദര്‍ശന്‍ – നസ്‌ലെന്‍ കൂട്ടുകെട്ടില്‍ ആദ്യമായി എത്തിയ ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസിന്റെ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോകഃ ഒരുങ്ങിയത്.

ഓണം റിലീസായി തിയേറ്ററില്‍ എത്തിയ ഈ സിനിമക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തില്‍ ഒരു എക്സ്റ്റെന്‍ഡഡ് കാമിയോയായി ടൊവിനോ തോമസും അഭിനയിച്ചിരുന്നു.

സിനിമയില്‍ കല്യാണിയുടെ ചെറുപ്പം ചെയ്തത് ദുര്‍ഗ സി. വിനോദ് എന്ന പെണ്‍കുട്ടിയാണ്. ലോകഃ തിയേറ്ററില്‍ എത്തിയതോടെ കുട്ടി നീലിയായി വേഷമിട്ട ദുര്‍ഗ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സിനിമ കണ്ടതിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ തനിക്ക് മെസേജിട്ടുവെന്ന് പറയുകയാണ് ദുര്‍ഗ.

ലോകഃ സിനിമ ഇറങ്ങിയ ശേഷം തനിക്ക് ദുല്‍ഖര്‍ മെസേജ് അയച്ചിരുന്നുവെന്നാണ് പറയുന്നത്. ‘ദുര്‍ഗ മോള്‍ക്ക് ഇപ്പോള്‍ എല്ലാ ഭാഷകളിലും ഫാന്‍സുണ്ട്. അതിലൊരു ഫാന്‍ ഞാനാണ്’ എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും ദുര്‍ഗ പറഞ്ഞു.

‘അതുപോലെ ടൊവി ചേട്ടനും എനിക്ക് മെസേജ് അയച്ചു. ചേട്ടനും ഇതുപോലെ തന്നെയാണ് പറഞ്ഞത്. ‘ഞാന്‍ മോളുടെ വലിയ ഫാനായി. വളരെ നന്നായി അഭിനയിച്ചു’ എന്നാണ് ടൊവി ചേട്ടന്‍ പറഞ്ഞത്.

കല്യാണി ചേച്ചിയും എന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞു. ‘ദുര്‍ഗ നന്നായി ചെയ്തത് കൊണ്ട് എനിക്കും അതിന്റെ ഗുണം കിട്ടി. സൂപ്പറായി തന്നെ ചെയ്തിട്ടുണ്ട്. നല്ല അഭിനയമാണ്. എന്നേക്കാള്‍ നന്നായി ചെയ്തിട്ടുണ്ട്’ എന്നാണ് ചേച്ചി പറഞ്ഞത്,’ ദുര്‍ഗ പറയുന്നു.

ഈ സിനിമ തിയേറ്ററില്‍ കണ്ടപ്പോള്‍ എന്താണ് തോന്നിയത് എന്ന ചോദ്യത്തിനും ദുര്‍ഗ മറുപടി നല്‍കുന്നുണ്ട്. തിയേറ്ററില്‍ കണ്ടപ്പോള്‍ എന്താണ് തോന്നിയതെന്ന് ചോദിച്ചാല്‍, തനിക്ക് ഒന്നും പറയാനില്ലെന്നും ശരിക്കും കണ്ണും മനസും നിറഞ്ഞിരുന്നുവെന്നും അവള്‍ പറഞ്ഞു.

ആ സിനിമ കാണാന്‍ അത്രയും രസമുണ്ടായിരുന്നുവെന്നും ദുര്‍ഗ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുര്‍ഗ.

Content Highlight: Lokah Fame Durga C Vinod Talks About Dulquer Salmaan, Tovino Thomas And Kalyani Priyadarshan

We use cookies to give you the best possible experience. Learn more