| Monday, 15th September 2025, 8:10 pm

ഷാരൂഖിന് ശ്രദ്ധ കപൂര്‍ വെച്ച ചെക്ക് പോലെ, മോഹന്‍ലാലിനെ മറികടന്ന് കല്യാണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മികച്ച മുന്നേറ്റം നടത്തുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശനെ നായികയാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ആറ് ദിവസത്തില്‍ 100 കോടി നേടിയ ചിത്രം ഇതിനോടകം ബോക്‌സ് ഓഫീസില്‍ നിന്ന് 250 കോടി സ്വന്തമാക്കിക്കഴിഞ്ഞു.

200 കോടി ക്ലബ്ബില്‍ ഇടംനേടുന്ന നാലാമത്തെ മലയാളചിത്രമാണ് ലോകഃ. മഞ്ഞുമ്മല്‍ ബോയ്‌സ്, എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളുള്‍പ്പെടുന്ന ചരിത്രലിസ്റ്റിലേക്കാണ് ലോകഃ കാലെടുത്തുവെച്ചത്. ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടുന്ന മലയാളസിനിമകളില്‍ മൂന്നാമതാണ് ലോകഃ. മോഹന്‍ലാല്‍ ചിത്രം തുടരുമിനെ പിന്തള്ളിയാണ് ലോകഃ മൂന്നാമതെത്തിയത്.

മോഹന്‍ലാല്‍ സിനിമകളുടെ റെക്കോഡ് അദ്ദേഹം മാത്രം തകര്‍ക്കുന്ന മോളിവുഡിലാണ് കല്യാണി പ്രിയദര്‍ശന്റെ ഗ്രാന്‍ഡ് എന്‍ട്രി. തുടരും സിനിമയുടെ കളക്ഷന്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിന് മാത്രമേ തകര്‍ക്കാനാകൂ എന്ന് പലരും കണക്കുകൂട്ടിയപ്പോഴായിരുന്നു അതിനെ തകര്‍ത്ത് ലോകഃ മുന്നേറിയത്. ഇതോടെ കഴിഞ്ഞവര്‍ഷം ബോളിവുഡില്‍ നടന്ന ട്വിസ്റ്റ് മോളിവുഡിലും നടന്നിരിക്കുകയാണ്.

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഷാരൂഖ് ഖാന്‍ ബാക്ക് ടു ബാക്ക് 1000 കോടി നേടിയായിരുന്നു തന്റെ റേഞ്ച് വ്യക്തമാക്കിയത്. 2023 ജനുവരിയില്‍ റിലീസായ പത്താനായിരുന്നു 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ ഷാരൂഖ് ചിത്രം. തൊട്ടുപിന്നാലെ അറ്റ്‌ലീയുമായി ഒന്നിച്ച ജവാനിലൂടെ കരിയറിലെ രണ്ടാമത്തെ 1000 കോടി ചിത്രവും കിങ് ഖാന്‍ സ്വന്തമാക്കി.

ഏഴ് വര്‍ഷമായി ബാഹുബലി 2 സ്വന്തമാക്കി വെച്ചിരുന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റെന്ന നേട്ടവും ജവാന്‍ സ്വന്തമാക്കി. അടുത്തെങ്ങും ആരും ജവാനെ മറികടന്ന് ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകില്ലെന്നായിരുന്നു പലരും കണക്കുകൂട്ടിയത്. എന്നാല്‍ അമര്‍ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2 ആ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു. ജവാന്‍ ഇന്ത്യയില്‍ നിന്ന് നേടിയതിനെക്കാള്‍ കളക്ഷന്‍ സ്ത്രീ 2 നേടി ഇന്‍ഡസ്ട്രി ഹിറ്റായി മാറി എല്ലാവരെയും ഞെട്ടിച്ചു.

ബോളിവുഡില്‍ ബാക്ക് ടു ബാക്ക് 1000 കോടി നേടി നിന്ന ഷാരൂഖിനെ മറികടന്ന് ശ്രദ്ധ കപൂര്‍ ഞെട്ടിച്ചതുപോലെ മോളിവുഡില്‍ ബാക്ക് ടു ബാക്ക് 200 കോടി നേടി നിന്ന മോഹന്‍ലാലിന്റെ സിനിമയെ കല്യാണി പ്രിയദര്‍ശന്റെ ചിത്രം മറികടന്ന് റെക്കോഡിട്ടതും യാദൃശ്ചികമായാണ് സിനിമാലോകം കാണുന്നത്. രണ്ട് സിനിമയിലും നായികക്ക് അസാധാരണ കഴിവുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍ മറ്റുള്ളവര്‍ നേടുന്ന റെക്കോഡെല്ലാം തകര്‍ക്കാന്‍ മോഹന്‍ലാല്‍ ദൃശ്യം 3യുമായി വരുന്നുണ്ടെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.

Content Highlight: Lokah crossed Thudarum movie collection like Stree 2 crossed Jawan’s collection

We use cookies to give you the best possible experience. Learn more