| Monday, 28th July 2025, 11:51 am

ചന്ദ്ര ശരിക്കും സൂപ്പര്‍ഹീറോയാണോ? സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് വൈബ് സമ്മാനിച്ച് ലോകാഃ ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകാഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ലോകാഃ. മൂന്ന് സിനിമകളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമായാണ് ലോകാഃ ഒരുങ്ങുന്നത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം തന്നെ സര്‍പ്രൈസിങ്ങായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥപറച്ചിലാണ് ലോകയുടേതെന്ന് ടീസര്‍ വ്യക്തമാക്കുന്നുണ്ട്. നസ്‌ലെന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ഇരുവരും തമ്മിലുള്ള ഫ്രണ്ട്ഷിപ്പും ബോണ്ടുമാണ് സിനിമയുടെ പ്രധാന ആകര്‍ഷണം.

ചന്ദ്ര എന്ന അത്ഭുതസിദ്ധിയുള്ള പെണ്‍കുട്ടിയുടെ വേഷമാണ് കല്യാണി അവതരിപ്പിക്കുന്നത്. തന്റെ ഗോത്രത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ചന്ദ്രയും അതിനിടയില്‍ അവള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് ചിത്രം പറയുന്നത്. കല്യാണി പ്രിയദര്‍ശന്റെ ആക്ഷന്‍ രംഗങ്ങള്‍ ടീസറിനെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്.

രണ്ട് കാലഘട്ടത്തിലായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗ്രാഫിക്‌സുകള്‍ക്കും ആക്ഷനും കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങുന്ന സിനിമ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഈ യൂണിവേഴ്‌സിലെ മറ്റ് കഥാപാത്രങ്ങളുടെ ഇന്‍ട്രോയും ലോകയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

നസ്‌ലെന് പുറമെ അരുണ്‍ കുര്യന്‍, ചന്തു സലിംകുമാര്‍, തമിഴ് നടനും കൊറിയോഗ്രാഫറുമായ സാന്‍ഡി, വിജയരാഘവന്‍, നിഷാന്ത് സാഗര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒപ്പം എക്സ്റ്റന്‍ഡ് കാമിയോയായി ടൊവിനോയും ലോകയുടെ ഭാഗമാകുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുമെന്നുള്ള അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരണമില്ല.

നവാഗതനായ ഡൊമിനിക് അരുണാണ് ലോകാഃ ചാപ്റ്റര്‍ വണ്ണിന്റെ കഥയും സംവിധാനവും. തുടരും എന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം ജേക്‌സ് ബിജോയ് സംഗീതം നല്‍കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിമിഷ് രവിയുടെ ഛായാഗ്രഹണവും ചമന്‍ ചാക്കോയുടെ എഡിറ്റിങ്ങും ചേരുമ്പോള്‍ ഈ വര്‍ഷത്തെ ഓണം റിലീസില്‍ ലോകാഃ ചാപ്റ്റര്‍ വണ്‍ മറ്റ് സിനിമകള്‍ക്ക് ഭീഷണിയാകുമെന്ന് ഉറപ്പിച്ച് പറയാനാകും.

ഓഗസ്റ്റ് 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇതേദിവസം തന്നെയാണ് മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോമ്പോയുടെ ഹൃദയപൂര്‍വവും ഫഹദ് ഫാസില്‍- അല്‍ത്താഫ് സലിം കോമ്പോയുടെ ഓടും കുതിര ചാടും കുതിര എന്നീ സിനിമകളും റിലീസാകുന്നത്.

Content Highlight: Lokah Chapter One movie teaser released

We use cookies to give you the best possible experience. Learn more