| Tuesday, 9th September 2025, 11:02 pm

വല്ലപ്പോഴും 50 കോടിയടിച്ചുകൊണ്ടിരുന്ന ഇന്‍ഡസ്ട്രി, ഇപ്പോഴിതാ വര്‍ഷത്തില്‍ മൂന്നാമത്തെ 200 കോടിയും നേടി മോളിവുഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഇന്‍ഡസ്ട്രിയായി പലരും മോളിവുഡിനെ വിശേഷിപ്പിച്ചിട്ടുണ്ട്. താരങ്ങളുടെ ലോജിക്കില്ലാത്ത പെര്‍ഫോമന്‍സുകളെ പ്രോത്സാഹിപ്പിക്കാതെ മികച്ച കണ്ടന്റുകള്‍ കൊണ്ട് പലപ്പോഴും ഇന്ത്യന്‍ സിനിമയെ മലയാളം ഇന്‍ഡസ്ട്രി വിസ്മയിപ്പിച്ചിട്ടുണ്ട്. മറ്റ് ഇന്‍ഡ്‌സ്ട്രികള്‍ ഒരു സിനിമക്കായി ചെലവാക്കുന്നതിനെക്കാള്‍ കുറവ് ബജറ്റിലാണ് പലപ്പോഴും മലയാളസിനിമ വിസ്മയങ്ങള്‍ സൃഷ്ടിക്കാറുള്ളത്.

മികച്ച കണ്ടന്റുകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമയെ മുഴുവന്‍ മോളിവുഡ് ഞെട്ടിച്ച വര്‍ഷമായിരുന്നു 2024. പാന്‍ ഇന്ത്യന്‍ തലത്തില്‍ കഴിഞ്ഞവര്‍ഷം മലയാളസിനിമകള്‍ ശ്രദ്ധേയമായി. കഴിഞ്ഞവര്‍ഷം കണ്ടന്റുകള്‍ കൊണ്ടാണെങ്കില്‍ ഈ വര്‍ഷം ബോക്‌സ് ഓഫീസ് പ്രകടനം കൊണ്ടാണ് മലയാളസിനിമ മുന്നിട്ടുനില്‍ക്കുന്നത്.

വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ സിനിമകള്‍ 50 കോടി കളക്ഷന്‍ സ്വന്തമാക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരു വര്‍ഷം മൂന്ന് 200 കോടി സിനിമകളെന്ന നിലയിലേക്ക് ഈ വര്‍ഷം മോളിവുഡ് ഉയര്‍ന്നു. എമ്പുരാനിലൂടെ മോഹന്‍ലാല്‍ ഈ വര്‍ഷത്തെ ആദ്യത്തെ 200 കോടി ക്ലബ്ബ് സ്വന്തമാക്കി. മലയാളത്തില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടുന്ന സിനിമയെന്ന നേട്ടവും എമ്പുരാന്‍ തന്റേ പേരിലാക്കി.

പിന്നാലെയെത്തിയ തുടരും കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറി. ഈ വര്‍ഷത്തെ രണ്ടാമത്തെ 200 കോടി ചിത്രം കൂടിയാണ് തുടരും. ഇപ്പോഴിതാ ഈ വര്‍ഷത്തെ മൂന്നാമത്തെ 200 കോടി ചിത്രമായി ലോകഃ ചാപ്റ്റര്‍ വണ്‍ മാറിയിരിക്കുകയാണ്. ഓണം റിലീസായെത്തിയ ചിത്രം 13 ദിവസം കൊണ്ടാണ് ചരിത്രനേട്ടത്തിലെത്തിയത്.

200 കോടി ക്ലബ്ബില്‍ കയറുന്ന നാലാമത്തെ സിനിമയാണ് ലോകഃ ചാപ്റ്റര്‍ വണ്‍. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെയാണ് 200 കോടി കളക്ഷന്‍ സ്വന്തമാക്കാന്‍ മോളിവുഡിനും സാധിക്കുമെന്ന് സിനിമാലോകം തിരിച്ചറിഞ്ഞത്. സ്റ്റാര്‍ഡത്തെക്കാള്‍ കണ്ടന്റിനാണ് പ്രാധാന്യമെന്ന് ലോകഃയുടെ നേട്ടത്തോടെ മോളിവുഡ് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്.

കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഇന്‍സ്റ്റാള്‍മെന്റായ ലോകഃ നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. സൗത്ത് ഇന്ത്യയില്‍ ഒരു ഫീമെയില്‍ ലീഡ് ചിത്രം നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനും ലോകഃയുടെ പേരിലാണ്.

Content Highlight: Lokah Chapter One entered to 200 crore club after Empuraan and Thudarum

We use cookies to give you the best possible experience. Learn more