| Saturday, 20th September 2025, 10:15 am

ലാലേട്ടന്റെ ഇന്‍ഡസ്ട്രി ഹിറ്റ് നേട്ടവും ഇയര്‍ ടോപ്പര്‍ റെക്കോഡും 'തുടരില്ലെ'ന്ന് ഉറപ്പായി, ചരിത്രം കുറിക്കാന്‍ ലോകഃ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോക്‌സ് ഓഫീസില്‍ ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. റിലീസ് ചെയ്ത് 23 ദിവസം പിന്നിടുമ്പോഴും മികച്ച ഹോള്‍ഡാണ് പല സെന്ററുകളിലും ചിത്രത്തിന് ലഭിക്കുന്നത്. ഓണം റിലീസായെത്തിയ ചിത്രം 100, 200 കോടി നേട്ടവും കടന്ന് മുന്നേറുകയാണ്. മലയാളത്തിലെ സര്‍വകാല വിജയം ചിത്രം സ്വന്തമാക്കുമെന്നാണ് കരുതുന്നത്.

ഏറ്റവുമയുര്‍ന്ന കളക്ഷന്‍ നേടിയ മലയാള സിനിമകളില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ലോകഃ. മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ മാത്രമാണ് ലോകഃക്ക് മുന്നിലുള്ളത്. മോഹന്‍ലാലിന്റെ തന്നെ തുടരും എന്ന ചിത്രത്തെ മറികടന്നാണ് ലോകഃ രണ്ടാം സ്ഥാനത്തേക്കെത്തിയത്. ഇന്നത്തോടെ ലോകഃ എമ്പുരാനെയും മറികടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് 262 കോടിയാണ് ലോകഃ സ്വന്തമാക്കിയത്. എമ്പുരാന്‍ നേടിയ 268 കോടിയെന്ന നേട്ടം ലോകഃ മറികടക്കുമെന്ന് കഴിഞ്ഞദിവസം തന്നെ ഉറപ്പായി. നിലവില്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായ തുടരും കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ ലോകഃ മറികടക്കുമോ എന്നാണ് ഇനിയുള്ള ചോദ്യം.

118 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം തുടരും സ്വന്തമാക്കിയത്. നിലവില്‍ 96 കോടിയാണ് ലോകഃ കേരളത്തില്‍ നിന്ന് മാത്രം നേടിയത്. തുടരുമിനെ മറികടക്കാന്‍ 23 കോടിയോളം ഇനിയും ആവശ്യമാണ്. പൂജ ഹോളിഡേയ്‌സ് വരുന്നതിനാല്‍ ആ റെക്കോഡും ലോകഃ സ്വന്തമാക്കുമെന്നാണ് കരുതുന്നത്. അടുത്തെങ്ങും ചിത്രം ഒ.ടി.ടി റിലീസ് ചെയ്യാതിരിക്കുന്നതും കളക്ഷന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം കൂടി സ്വന്തമാക്കിയാല്‍ ലോകഃയുടെ സര്‍വാധിപത്യമാകും ബോക്‌സ് ഓഫീസില്‍ കാണാന്‍ സാധിക്കുക. ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോഡ് മോഹന്‍ലാലില്‍ നിന്ന് ആരും എടുക്കില്ലെന്ന് കരുതിയ ഇടത്തായിരുന്നു ലോകഃയുടെ എന്‍ട്രി. ഇതോടെ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മോഹന്‍ലാല്‍ ഇയര്‍ ടോപ്പറില്ലാതെ തുടരുകയാണ്.

2019ലാണ് അവസാനമായി ഒരു മോഹന്‍ലാല്‍ ചിത്രം ഇയര്‍ ടോപ്പറായത്. 2020ല്‍ അഞ്ചാം പാതിര, 2021ല്‍ കുറുപ്പ്, 2022ല്‍ ഭീഷ്മ പര്‍വം, 2023ല്‍ 2018, 2024ല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിങ്ങനെയാണ് ഇയര്‍ ടോപ്പര്‍ ചിത്രങ്ങളുടെ ലിസ്റ്റ്. ഇയര്‍ ടോപ്പറില്‍ ഇല്ലെങ്കിലും അത്ര പെട്ടെന്ന് ആര്‍ക്കും നേടാനാകാത്ത തുടര്‍ച്ചയായ രണ്ട് 200 കോടി ചിത്രങ്ങള്‍ എന്ന നേട്ടവും മോഹന്‍ലാലിന്റെ പേരിലാണ്.

Content Highlight: Lokah Chapter One crosses the lifetime collection of Empuraan by this Saturday

We use cookies to give you the best possible experience. Learn more