മലയാള സിനിമാ പ്രേമിക്ക് തങ്ങളുടെ ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള സിനിമ എന്ന് അഭിമാനത്തോടെ മുന്നോട്ടുവെക്കാന്‍ പറ്റിയ ചിത്രമാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്ല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രമായി, നസ്‌ലെന്‍, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
കേരളത്തില്‍ പണ്ട് മുതല്‍ തന്നെ പ്രചാരത്തിലുള്ള നാടോടിക്കഥകളിലെ കഥാപാത്രങ്ങളായ നീലിയെയും ചാത്തനെയും സൂപ്പര്‍ ഹീറോ പരിവേഷത്തില്‍ അവതരിപ്പിച്ച് കൊണ്ടായിരുന്നു സംവിധായകന്‍ പുതിയൊരു ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചിത്രം പാന്‍ ഇന്ത്യന്‍ തലത്തില്‍ വലിയ വിജയമായതോടെ ലോകഃ യൂണിവേഴ്‌സില്‍ നിന്നും ചാത്തനെ കേന്ദ്രകഥാപാത്രമാക്കി സ്വീകല്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.
ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനും. Photo: screen grab/ Euonians Beautiful Thinkers/ Youtube.com
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര ഒരുക്കുമ്പോള്‍ നീലി എന്ന നാടോടിക്കഥയിലെ കഥാപാത്രത്തെ ചിത്രത്തിലേക്ക് കൊണ്ട് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണും തിരക്കഥാകൃത്തായ ശാന്തി ബാലചന്ദ്രനും. ഇത്തരത്തില്‍ കഥാപാത്രങ്ങളെ സിനിമയിലേക്ക് കൊണ്ടുവരുമ്പോള്‍ മതവികാരം വ്രണപ്പെടുന്നതിനെക്കുറിച്ച് ആലോചിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും.
‘മതവികാരം വ്രണപ്പെടുന്നതിനെ കുറിച്ചൊന്നും ഞങ്ങള്‍ ഒരുപാട് ആലോചിച്ചിട്ടില്ല. നാടോടിക്കഥകളിലെ കഥാപാത്രങ്ങളെയും അതിന് ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളെയും മാത്രം ചിത്രത്തിലേക്ക് എടുക്കുക മാത്രമാണ് ലോകഃയില്‍ ചെയ്തിട്ടുള്ളത്. ചാപ്റ്റര്‍ വണ്ണില്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ഞാന്‍ കൂടുതല്‍ ആശങ്കപ്പെട്ടിരുന്നില്ല. എന്നാല്‍ രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലുമെത്തുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ആദ്യ ഭാഗത്തില്‍ യക്ഷിയെ കുറിച്ചാണ് പറയുന്നത് അത് മതവുമായി ബന്ധപ്പെട്ടതല്ല. അമ്പലത്തില്‍ നിന്നുമുളള സീനുകളൊഴികെയുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ അത്ര ജാഗ്രത കാട്ടിയിരുന്നില്ല,’ ഡൊമിനിക് പറഞ്ഞു.
ചിത്രത്തിലെ നീലിയും ചാത്തനും. Photo: X.com
‘പോപ്പുലര്‍ കള്‍ച്ചറില്‍ നിന്നും വ്യത്യസ്തമായി യക്ഷിയെ ആരാധനപാത്രമായി കാണുന്ന സംസ്‌കാരങ്ങളും പലയിടങ്ങളിലുമുണ്ട്. എങ്കിലും സിനിമയിലേക്ക് കൊണ്ട് വരുമ്പോള്‍ റീ ഇമാജിന്‍ ചെയ്യാന്‍ ഏറ്റവും റിസ്‌ക് കുറഞ്ഞ കഥാപാത്രമാണ് നീലി. പക്ഷേ ചാത്തനിലേക്കെത്തുമ്പോള്‍ ഒരുപാട് പേര്‍ ആരാധന നടത്തുന്ന വിശ്വാസമാണ് അത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ കാണിക്കാറുണ്ട്,’യൂനോയന്‍സ് ബ്യൂട്ടിഫുള്‍ തിങ്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശാന്തി ബാലചന്ദ്രന്‍ പറഞ്ഞു.
Content Highlight: Lokah chapter one chandra director and writer Dominic Arun and shanthi Balachandran talks about adapting folklore characters into cinema and its religious challenges