100 കോടി കളക്ഷന്‍ സ്വപ്‌നമായി മാത്രം കൊണ്ടുനടന്ന മലയാളം ഇന്‍ഡസ്ട്രിക്ക് 100 മാത്രമല്ല, 150 കോടിയും നേടാനാകുമെന്ന് തെളിയിച്ച താരമാണ് മോഹന്‍ലാല്‍. കേരളമൊട്ടാകെ തരംഗമായി മാറിയ പുലിമുരുകനിലൂടെ ഇന്‍ഡസ്ട്രിക്ക് ആദ്യ 100 കോടി സമ്മാനിച്ചത് സിനിമാചരിത്രത്തിലെ നാഴികക്കല്ലാണ്. ഇന്ത്യ മുഴുവന്‍ അലയടിച്ച ബാഹുബലിക്ക് പോലും കേരളത്തില്‍ മുരുകനെ വീഴ്ത്താന്‍ സാധിച്ചിരുന്നില്ല.
ഏഴ് വര്‍ഷത്തോളം കേരളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തം പേരിലാക്കിയ പുലിമുരുകന്‍ വീണത് 2018 എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് മുന്നിലായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ ഒറ്റക്കെട്ടായി നിന്ന് തോല്പിച്ച ജനതയുടെ കഥ വെള്ളിത്തിരയിലും വിജയമായി മാറി. എന്നാല്‍ ആരൊക്കെ റെക്കോഡിട്ടാലും അതെല്ലാം മോഹന്‍ലാലിന് മറികടക്കാനാകുമെന്ന് മോഹന്‍ലാല്‍ ആരാധകര്‍ വിശ്വസിച്ചിരുന്നു.
2025 എന്ന വര്‍ഷം അതിനുള്ള തെളിവാണ്. കേരളത്തില്‍ ഡബിള്‍ ഡിജിറ്റ് ഫസ്റ്റ് ഡേ കളക്ഷന്‍ എന്നത് ബാലികേറാമലയായി നിന്ന സമയത്ത് വിജയ് ചിത്രം ലിയോ അത് സ്വന്തമാക്കി. ആ റെക്കോഡ് പ്രീ സെയിലിലൂടെ മാത്രം തകര്‍ത്ത് വന്ന എമ്പുരാന്‍ ഇന്‍ഡസ്ട്രിയിലെ പകുതിമുക്കാല്‍ റെക്കോഡും സ്വന്തം പേരിലാക്കി. എന്നാല്‍ കേരളത്തില്‍ നിന്ന് 2018 നേടിയ കളക്ഷന്‍ തകരാതെ നില്‍ക്കുകയായിരുന്നു.
ഒരു മാസത്തിനുള്ളില്‍ 2018നെ വലിയ മാര്‍ജിനില്‍ തൂക്കാന്‍ മോഹന്‍ലാലിന് വേണ്ടിവന്നത് തുടരും പോലൊരു സാധാരണ ചിത്രമായിരുന്നു. കേരളത്തില്‍ നിന്ന് 50 കോടി പോലും നേടാനാകാത്ത സൂപ്പര്‍സ്റ്റാറുകളുള്ള ഇന്‍ഡസ്ട്രിയില്‍ 100 കോടി കളക്ഷന്‍ കേരളത്തില്‍ നിന്ന് നേടി തുടരും ചരിത്രം സൃഷ്ടിച്ചു. 118 കോടി നേടി തുടരും ഇന്‍ഡസ്ട്രി ഹിറ്റായപ്പോള്‍ ഈ റെക്കോഡ് പെട്ടെന്നൊന്നും ആരും തകര്‍ക്കില്ലെന്ന് എല്ലാവരും വിശ്വസിച്ചു.
എന്നാല്‍ സ്റ്റാര്‍ഡത്തെക്കാള്‍ കണ്ടന്റുകള്‍ വിജയിക്കുന്ന മോളിവുഡില്‍ തുടരും നേടിയ റെക്കോഡ് സേഫല്ലായിരുന്നു. മൂന്ന് മാസം കൊണ്ട് എമ്പുരാന്റെ വേള്‍ഡ്‌വൈഡ് കളക്ഷനും തുടരുമിന്റെ കേരള കളക്ഷനും മറ്റൊരു ചിത്രം മറികടന്നിരിക്കുകയാണ്. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലോകഃ ചാപ്റ്റര്‍ വണ്‍ ഇന്‍ഡസ്ട്രിയില്‍ മറ്റൊരു ചരിത്രമെഴുതിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് 118 കോടിയിലധികം നേടി ഇന്‍ഡസ്ട്രി ഹിറ്റാവുകയും 295 കോടി നേടി ടോപ് ഗ്രോസറായും തിളങ്ങുകയാണ് ലോകഃ.
മലയാളസിനിമയില്‍ ഇതുപോലെ ഒരു പ്രതിഭാസം നടന്നത് 2000ലാണ്. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ നരസിംഹം സര്‍വകാലവിജയമായി മാറി. എ, ബി, സി ക്ലാസ് എന്ന വ്യത്യാസമില്ലാതെ എല്ലായിടത്തും ചിത്രം ആഘോഷമായി മാറി. 20 കോടി നേടി അക്കാലത്ത് ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയ ചിത്രമായിരുന്നു നരസിംഹം.
ഒരുപാട് കാലം ഈ റെക്കോഡ് മോഹന്‍ലാലിന്റെ പേരിലായിരിക്കുമെന്ന് പലരും വിചാരിച്ചിരുന്നപ്പോള്‍ അതേ വര്‍ഷം നരസിംഹത്തിന്റെ റെക്കോഡ് തകര്‍ക്കപ്പെട്ടു. ആക്ഷന്‍ കോമഡി എന്റര്‍ടൈനറായെത്തിയ തെങ്കാശിപ്പട്ടണം നരസിംഹത്തിന്റെ റെക്കോഡ് തകര്‍ത്തെറിഞ്ഞു. 22 കോടിയാണ് ചിത്രം നേടിയത്. 25 വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിന്റെ റെക്കോഡ് മള്‍ട്ടിസ്റ്റാര്‍ ചിത്രം വീണ്ടും മറികടന്നത് ചരിത്രം ആവര്‍ത്തിച്ചതുപോലെയാണ് കണക്കാക്കുന്നത്.
ലോകഃ ഇന്‍ഡസ്ട്രി ഹിറ്റായതില്‍ മോഹന്‍ലാല്‍ ആരാധകരില്‍ പലര്‍ക്കും നിരാശയില്ല. കാരണം, ലോകഃ എത്ര കളക്ഷന്‍ നേടിയാലും അതിനെ ഡബിള്‍ മാര്‍ജിനില്‍ തകര്‍ക്കാന്‍ കെല്പുള്ള ഐറ്റം അണിയറയിലുണ്ടെന്ന കോണ്‍ഫിഡന്‍സ് ആരാധകര്‍ക്കുണ്ട്. നാലാംക്ലാസ് വരെ മാത്രം പഠിച്ച ക്ലാസിക് ക്രിമിനലിന്റെ മൂന്നാം വരവില്‍ കൈവിട്ട റെക്കോഡെല്ലാം മോഹന്‍ലാല്‍ തിരികെ പിടിക്കുമെന്നാണ് വിശ്വാസം. റെക്കോഡ് മേക്കറും റെക്കോഡ് ബ്രേക്കറുമെല്ലാം മോഹന്‍ലാല്‍ തന്നെയാണ്. ബോക്‌സ് ഓഫീസിന്റെ ലൂസിഫര്‍. ദി മൈറ്റി L.
Content Highlight: Lokah became Industry hit by crossing the Kerala collection of Thudarum