| Tuesday, 28th October 2025, 11:31 am

ഒ.ടി.ടിയില്‍ ഈയാഴ്ച പാന്‍ ഇന്ത്യന്‍ ഹിറ്റുകളുടെ ക്ലാഷ്, ഒപ്പം കാത്തിരിക്കുന്ന സീരീസിന്റെ നാലാം സീസണും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒക്ടോബര്‍ അവസാന വാരം ഒ.ടി.ടിയിലെത്തുന്ന സിനിമകളും സീരീസുകളുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റായ രണ്ട് സിനിമകള്‍ ഈ വാരം ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുന്നുണ്ട്. ഒപ്പം രണ്ട് വര്‍ഷത്തോളമായി കാത്തിരിക്കുന്ന വിച്ചര്‍ സീരീസിന്റെ നാലാം സീസണും ഈയാഴ്ച പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും.

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായി മാറിയ ലോകഃ ചാപ്റ്റര്‍ വണ്‍ ഒക്ടോബര്‍ 31നാണ് ഒ.ടി.ടിയിലെത്തുക. മോളിവുഡിലെ നിരവധി കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത ചിത്രം ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ആദ്യമായി 300 കോടി നേടിയ മലയാള സിനിമ, കേരളത്തില്‍ നിന്ന് മാത്രം 120 കോടി കളക്ഷന്‍ നേടിയ ചിത്രം എന്നിങ്ങനെ നിരവധി റെക്കോഡുകളാണ് ലോകഃ സ്വന്തമാക്കിയത്.

ചിത്രം ഒക്ടോബര്‍ ആദ്യവാരം ഒ.ടി.ടിയിലെത്തുമെന്ന് ചില അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നിര്‍മാതാക്കള്‍ അത്തരം വാര്‍ത്തകള്‍ തള്ളിക്കളഞ്ഞിരുന്നു. തിയേറ്ററില്‍ വന്‍ വിജയമായ ചിത്രം നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തേക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ ജിയോ ഹോട്‌സ്റ്റാറിനാണ് സ്ട്രീമിങ് റൈറ്റ്‌സ് എന്ന വാര്‍ത്ത പലരെയും ഞെട്ടിച്ചു.

റിലീസ് ചെയ്ത് 28ാം ദിവസം കാന്താര ചാപ്റ്റര്‍ വണ്‍ ഒ.ടി.ടിയിലെത്തുമെന്ന വാര്‍ത്തയും പലരെയും ഞെട്ടിച്ചു. തിയേറ്ററില്‍ സകല കളക്ഷന്‍ റെക്കോഡും തകര്‍ത്ത് മുന്നേറുന്ന ചിത്രം ഒക്ടോബര്‍ 31 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുമെന്ന വാര്‍ത്ത എല്ലാവര്‍ക്കും സര്‍പ്രൈസായിരുന്നു. നിലവില്‍ 900 കോടിയും കടന്ന് ബോക്‌സ് ഓഫീസില്‍ മുന്നേറുന്ന കാന്താര 1000 കോടി നേടുമെന്ന് പലരും വിശ്വസിച്ചിരുന്നു.

എന്നാല്‍ പെട്ടെന്നുള്ള ഒ.ടി.ടി റിലീസ് ഈ നേട്ടത്തിലേക്ക് കാന്താരയെ എത്തിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ബോളിവുഡ് ചിത്രം ഛാവായെ മറികടന്നാണ് കാന്താര ഈ വര്‍ഷത്തെ ഇയര്‍ ടോപ്പറയാത്. പാന്‍ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട രണ്ട് ഇന്‍ഡസ്ട്രി ഹിറ്റ് സിനിമകള്‍ ഒ.ടി.ടിയില്‍ ക്ലാഷിനൊരുങ്ങുകയാണ്.

സീരീസ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദി വിച്ചറിന്റെ നാലാം സീസണും ഈയാഴ്ച പ്രേക്ഷകരിലേക്കെത്തും. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുക. മുന്‍ സീസണില്‍ നിന്ന് വ്യത്യസ്തമായി ഒറ്റ ഭാഗമായിട്ടാണ് എട്ട് എപ്പിസോഡുകളും പുറത്തിറങ്ങുക. 2019ലാണ് വിച്ചറിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങിയത്.

ധനുഷ് നായകനായ ഇഡലി കടൈയും ഈ വാരം ഒ.ടി.ടിയിലെത്തും. ധനുഷ് സംവിധാനം ചെയ്ത് പ്രധാനവേഷത്തിലെത്തിയ ചിത്രം തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ബോക്‌സ് ഓഫീസില്‍ കഷ്ടിച്ച് 50 കോടി കടന്ന ചിത്രം ഒ.ടി.ടിയില്‍ തരക്കേടില്ലാത്ത അഭിപ്രായം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Lokah and Kantara chapter one OTT streaming this week

Latest Stories

We use cookies to give you the best possible experience. Learn more