| Monday, 13th October 2025, 10:32 pm

അഞ്ച് പടങ്ങള്‍ 420 കോടി, കേരള ബോക്‌സ് ഓഫീസില്‍ ഇത് ചരിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകത്തിന് മുന്നില്‍ മലയാളസിനിമയുടെ റേഞ്ച് വ്യക്തമാക്കിയ വര്‍ഷമായിരുന്നു 2024. താരങ്ങളെക്കാള്‍ കണ്ടന്റുകളാണ് പ്രധാനമെന്ന് തെളിയിച്ചപ്പോള്‍ 1000 കോടിക്കടുത്തായിരുന്നു ബോക്‌സ് ഓഫീസ് വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഹിറ്റുകളുടെ എണ്ണം കുറവായിരുന്നു. എന്നാല്‍ കളക്ഷന്റെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വലിയ നേട്ടത്തിലേക്കാണ് മലയാള സിനിമ കുതിക്കുന്നത്.

ചരിത്രത്തിലാദ്യമായി ഒരു മലയാളസിനിമ 300 കോടി നേടിയതും ഒരേ വര്‍ഷം ഒന്നിലധികം 200 കോടി ചിത്രങ്ങള്‍ ഉണ്ടായതിനും 2025 സാക്ഷ്യം വഹിച്ചു. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലോകഃ ചാപ്റ്റര്‍ വണ്‍ 300 കോടി വേള്‍ഡ്‌വൈഡായി നേടുകയും തുടരുമിനെ തകര്‍ത്ത് ഇന്‍ഡ്‌സ്ട്രി ഹിറ്റായി മാറുകയും ചെയ്തു. കേരളത്തില്‍ നിന്ന് മാത്രം 120 കോടിയാണ് ലോകഃ നേടിയത്.

100 കോടി കളക്ഷന്‍ പോലും നേടാനാകാത്ത താരങ്ങളുള്ളപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടി മോഹന്‍ലാല്‍ ചരിത്രം കുറച്ചതും 2025ലായിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ഈ വര്‍ഷത്തെ ആദ്യ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ലോകഃ വരുന്നതുവരെ തുടരും മലയാളസിനിമയുടെ ടോപ്പില്‍ സ്ഥാനം പിടിച്ചു. 237 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.

മലയാളസിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലെത്തിയ എമ്പുരാനും ബോക്‌സ് ഓഫീസിനെ ശരിക്കും പഞ്ഞിക്കിട്ടു. പ്രീ സെയില്‍ മുതല്‍ ഫൈനല്‍ കളക്ഷന്‍ വരെ പല റെക്കോഡുകളും എമ്പുരാന് മുന്നില്‍ തകര്‍ന്നു. 250 കോടിയാണ് ചിത്രത്തിന്റെ വേള്‍ഡ്‌വൈഡ് കളക്ഷന്‍. കേരളത്തില്‍ നിന്ന് 86 കോടിയാണ് ചിത്രം നേടിയത്.

ഈ മൂന്ന് ചിത്രങ്ങള്‍ക്കൊപ്പം കാന്താര ചാപ്റ്റര്‍ വണ്‍, ഹൃദയപൂര്‍വം എന്നിവയും കേരള ബോക്‌സ് ഓഫീസില്‍ തിളങ്ങി. 40 കോടിക്ക് മുകളിലാണ് രണ്ട് സിനിമകളും കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത്. അഞ്ച് സിനിമകളും കൂടി കേരളത്തില്‍ നിന്ന് നേടിയത് 420 കോടിക്കടുത്താണ്. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന കളക്ഷന്‍ കേരളത്തില്‍ നിന്ന് ലഭിക്കുന്നത്.

ഈ വര്‍ഷം ഇനി വരാനിരിക്കുന്ന ചിത്രങ്ങളും പ്രതീക്ഷ നല്കുന്നവയാണ്. പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധ, നിവിന്‍ പോളിയുടെ സര്‍വം മായ, മമ്മൂട്ടിയുടെ കളങ്കാവല്‍ എന്നിവയെല്ലാം ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് കരുതുന്നത്. കളക്ഷന്റെ കാര്യത്തിലും മികച്ച കണ്ടന്റുകളുടെ കാര്യത്തിലും ഇന്‍ഡസ്ട്രിക്ക് നല്ലൊരു വര്‍ഷമായാണ് 2025നെ കണക്കാക്കുന്നത്.

Content Highlight: Lokah and four other movies collected more than 400 crore in Kerala Box Office

We use cookies to give you the best possible experience. Learn more