| Wednesday, 8th May 2019, 8:52 am

രാഷ്ട്രപതിയെ കാണാന്‍ ഒരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍; അസാധാരണ നീക്കം തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം ബാക്കിനില്‍ക്കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്സഭാ  തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങുതായാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച കത്ത് വൈകാതെ രാഷ്ടട്രപതിക്ക് കൈമാറിയേക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം ബാക്കിനില്‍ക്കെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ അസാധാരണ നീക്കം. ബി.ജെ.പിയെ എതിര്‍ക്കുന്ന 21 രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ കാണുകയെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലുടന്‍ പരസ്പരം പിന്തുണയ്ക്കാന്‍ തയാറാണെന്നു കാണിക്കുന്ന കത്തുകള്‍ ഇവര്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ചേക്കും. പ്രാദേശിക പാര്‍ട്ടികളുടെ മുന്നണികളെ തകര്‍ക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് രാഷ്ട്രപതി അവസരം നല്‍കുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ പരസ്പരം പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് രാഷ്ട്രപതിയെ അറിയിക്കും.

543 അംഗ ലോക്‌സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 274 സീറ്റുകളാണ് വേണ്ടത്. 2014 തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയിരുന്നു. എന്‍.ഡി.എ മുന്നണി 336 സീറ്റുകളും നേടിയിരുന്നു.

തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കില്ലെന്ന് വിവിധ സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more